കിമ്മിന്‍റെയും ട്രംപിന്‍റെയും ഉച്ചഭക്ഷണത്തിന് കൊഞ്ച് കോക്ക് ടെയ് ലും ഒക്ടോപസും ബർഗറും
text_fieldsസിംഗപ്പൂർ: ലോകത്തിലെ രണ്ട് പ്രധാന നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയുടെ പ്രധാന മെനു നിരായുധീകരണമായിരുന്നുവെങ്കിലും കാംപെല്ല ഹോട്ടൽ അധികൃതർ ഇരുവർക്കും വേണ്ടി ഒരുക്കിയത് ഗംഭീര ഉച്ചഭക്ഷണം. അങ്ങനെ ചരിത്ര ഉച്ചകോടിയുടെ ഉച്ചഭക്ഷണത്തിന്‍റെ മെനുവും ചരിത്രത്തിൽ ഇടം പിടിക്കുമെന്നുറപ്പ്. യാങ്ഷോ ഫ്രൈഡ് റൈസും ഡാർക്ക് ചോക്ലെറ്റും കൊഞ്ച് കോക്ക് ടെയ് ലും ഓക്ടോപസും അടങ്ങുന്ന കിടിലൻ ഭക്ഷണമാണ് കൂടിക്കാഴ്ചയോടനുബന്ധിച്ച് കാംപെല്ലയുടെ അടുക്കളയിൽ ഒരുങ്ങിയത്. ചൈനീസ്, കൊറിയൻ, മലായ്, പാശ്ചാത്യ വിഭവങ്ങൾ ചേർന്ന സമൃദ്ധമായ ഭക്ഷണമായിരുന്നു നേതാക്കൾക്ക് വേണ്ടി നിരന്നത്.
കൊഞ്ച് കോക്ക് ടെയ് ലിനും അവാക്കാഡോ സാലഡിനും പുറമെ മലായ് രീതിയിൽ തയാറാക്കിയ പച്ചമാങ്ങ കെരാബും ഹണി ലൈം കൊണ്ട് അലങ്കരിച്ച ഒക്ടോപസുമായിരുന്നു സ്റ്റാർട്ടർ വിഭവങ്ങൾ. ഭക്ഷണപ്രിയനായ ഡോണൾഡ് ട്രംപ് പ്രതീക്ഷിച്ചതുപോലെ രണ്ടാമത്തെ കോഴ്സിൽ തെരഞ്ഞെടുത്തത് കെച്ചപ്പിൽ മുക്കിയെടുത്ത ബീഫ് സ്റ്റീക്ക്. കൂടെ ഉരുളക്കിഴങ്ങും ആവിയിൽ വേവിച്ച ബ്രോക്കോളിയും റെഡ് വൈൻ സോസും.
എന്തായാലും ട്രംപ്-കിം ചർച്ചയിൽ ചൈനക്കുള്ള നിർണായക സാന്നിധ്യം വെളിപ്പെടുത്തിക്കൊണ്ടുള്ള ചൈനീസ് വിഭവവും മെനുവിൽ ഉൾപ്പെടുത്താൻ കാംപെല്ല മറന്നില്ല. മധുരവും പുളിയും സമാമസമം ചേർത്ത് പൊരിച്ചെടുത്ത പോർക്കും യാങ്ഷോ ഫ്രൈഡ് റൈസും ചില്ലി സോസും ചൈനീസ് തനിമ നഷ്ടപ്പെടാതെയാണ് ഷെഫ് തയാറാക്കിയത്.
ഭക്ഷണം തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവായ കിമ്മിനുവേണ്ടി ചോളത്തിൽ വരട്ടിയെടുത്ത കോഡ് മത്സ്യവും റാഡിഷും ഏഷ്യൻ പച്ചക്കറികളും ചേർത്തുണ്ടാക്കിയ പ്രത്യേക ഡിഷും തയാറാക്കിയിരുന്നു.
മെയ്ൻ കോഴ്സിന്‍റെ അവസാനം ഡെസേർട്ട് ഹേഗൻ ഡാസ് വാനില ഐസ്ക്രീം മധുരപ്രിയനായ ട്രംപ് രണ്ടോ മൂന്നോ സ്കൂപ്പ് അകത്താക്കുമെന്ന് ഉറപ്പ്.
ഉച്ചകോടിക്കൊപ്പം ഹിറ്റായി
സിംഗപ്പൂർ: ചരിത്ര ഉച്ചകോടി ആഘോഷം സിംഗപ്പൂരുകാർക്ക് ഒരു പുത്തൻ വിഭവം സമ്മാനിച്ചു. സിംഗപ്പൂരിലെ ആഡംബര ഹോട്ടലായ സ്കോട്ട്സ് പ്ലാസയാണ് ഉച്ചകോടിയുെട ഒാർമക്കായി പൊതുജനങ്ങൾക്ക് കൊറിയൻ-അമേരിക്കൻ ചേരുവയിൽ തയാറാക്കിയ ‘കിം-ട്രംപ് ബർഗറു’കൾ വിതരണം ചെയ്തത്. വിതരണത്തിനൊരുക്കിയ 250 സൗജന്യ ബർഗറുകൾ 25 മിനിറ്റുകൾക്കകം ചൂടപ്പംപോലെ ആളുകൾ റാഞ്ചിക്കൊണ്ട് പോയി.
ഇതിലൂടെ ആളുകൾ തമ്മിലുള്ള സൗഹൃദം പുതുക്കുക എന്ന ഉപേദശംകൂടി ഹോട്ടൽ അധികൃതർ മുന്നോട്ടുവെച്ചിരുന്നു. എരിവാർന്ന കൊറിയൻ രുചിയും അമേരിക്കൻ ചേരുവകളും കൂടിച്ചേർന്ന പുതിയ ബർഗർ വളരെയധികം ആസ്വദിച്ചാണ് സിംഗപ്പൂരുകാർ അകത്താക്കിയത്. ആവശ്യകത പരിഗണിച്ച് അടുത്തദിവസം കൂടുതൽ മിനി ബർഗറുകൾ കൂടി ലഭ്യമാക്കാൻ ഹോട്ടലുടമകൾ തയാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.