ചരിത്രം കുറിക്കാൻ ട്രംപും കിമ്മും സിംഗപ്പൂരിൽ
text_fieldsസിംഗപ്പൂർ സിറ്റി: പറഞ്ഞുറപ്പിച്ച കാര്യങ്ങൾക്ക് മാറ്റമില്ലെങ്കിൽ നാളെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം േജാങ് ഉന്നും സിംഗപ്പൂരിൽ ഒന്നിച്ചിരിക്കും. ഇരുരാഷ്ട്രത്തലവൻമാരും ആദ്യമായി നടത്തുന്ന കൂടിക്കാഴ്ചയെന്ന വിശേഷണവും ഉച്ചകോടിക്കുണ്ട്. ചരിത്രം വഴിമാറുന്ന ചർച്ചക്ക് മുന്നോടിയായി കിമ്മും ട്രംപും പരിവാരസമേതം സിംഗപ്പൂരിലെത്തി.
എയർ ചൈന 747 വിമാനത്തിൽ കിമ്മാണ് ആദ്യം സിംഗപ്പൂരിലെത്തിയത്. സഹോദരിയായ കിം യോ ജോങ്ങും ഉച്ചകോടിക്ക്എത്തിയിട്ടുണ്ട്. കിമ്മിനെ വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണന് ചാൻകി വിമാനത്താവളത്തിൽ സ്വീകരിച്ചു. തുടർന്ന് 20 വാഹനങ്ങളുടെ അകമ്പടിയോടെയാണ് കിം വിമാനത്താവളത്തിൽ നിന്നു പുറത്തുകടന്നത്. പ്രധാനമന്ത്രി ലീ സീൻ ലൂങ്ങുമായും കിം കൂടിക്കാഴ്ച നടത്തി. കിമ്മിനു പിന്നാലെ ട്രംപും സിംഗപ്പൂരിൽ എത്തി.എയർഫോഴ്സ് വൺ വിമാനത്തിൽ ജി 7 ഉച്ചകോടി േവദിയായ കാനഡയിൽനിന്നാണ് ട്രംപ് സിംഗപ്പൂരിലേക്ക് തിരിച്ചത്.
സമാധാനത്തിെൻറ ഒരു ചെറിയ ചുവടുവെപ്പ് എന്നാണ് കൂടിക്കാഴ്ചയെ ട്രംപ് വിശേഷിപ്പിക്കുന്നത്. ട്രംപും നാളെ സിംഗപ്പൂർ പ്രധാനമന്ത്രിയെ കാണും. കിമ്മിെൻറയും ട്രംപിെൻറയും ചലനങ്ങൾ ഒപ്പിയെടുക്കാൻ 3000ത്തോളം മാധ്യമപ്രവർത്തകരും എത്തിയിട്ടുണ്ട്.
ജൂൺ 12 ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ ആറരക്ക് സിംഗപ്പൂരിലെ സെന്തോസ ദ്വീപിലെ കാപെല്ല ഹോട്ടലിലാണ് ചരിത്ര നിമിഷം. സെന്തോസ ദ്വീപിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കാപെല്ല ഹോട്ടലുൾപ്പെടെ അതീവ സുരക്ഷ മേഖലയായി തിരിച്ചാണ് ക്രമീകരണങ്ങൾ. കാപെല്ലയും യൂനിവേഴ്സൽ സ്റ്റുഡിയോയുമടങ്ങുന്ന ഭാഗം അതീവ സുരക്ഷ മേഖലയായും അതിനു പുറത്തുള്ള ഭാഗം പ്രത്യേക സുരക്ഷമേഖലയായുമാണ് തരംതിരിച്ചത്. വേദികളിൽ സിംഗപ്പൂർ സുരക്ഷവിഭാഗവും കാവലിനുണ്ട്.
സുരക്ഷയിൽ പിന്നോട്ടില്ല
കനത്ത സുരക്ഷ അകമ്പടിയോടെയാണ് കിം സിംഗപ്പൂർ വിമാനത്താവളത്തിലെത്തിയത്. പിന്നീട് മെഴ്സിഡെസ് ബെൻസ് ലിമൗസിൻ കാറിൽ കിം ജോങ് ഉൻ ഹോട്ടലിലേക്ക് തിരിച്ചു. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് മുമ്പ് താമസിച്ചിരുന്ന സെൻറ് റെഗീസ് ഹോട്ടലിലാണ് കിം തങ്ങുന്നത്.
ഹോട്ടലിനു പുറത്ത് സ്വന്തം അംഗരക്ഷകരും മാധ്യമപ്പടയുമുണ്ട്. പൊലീസ് വാഹനങ്ങൾ, മൊബൈൽ ആശുപത്രി എന്നിവയും കിമ്മിനെ പിന്തുടരുന്നുണ്ട്. കൊറിയൻ പതാകയുള്ള രണ്ട് കാറുകളാണ് വിമാനത്താവളത്തിൽനിന്നു തിരിച്ചത്. കിം ചൈന വഴിയാണ് സിംഗപ്പൂരിലേക്ക് പറന്നത്. വിമാനങ്ങൾ നിരീക്ഷിക്കുന്ന ‘ഫ്ലൈറ്റ് റഡാർ 24’ റിപ്പോർട്ട് പ്രകാരം ചൈനയിലെ നാലു പ്രവിശ്യകളിലൂടെയാണ് കിമ്മിെൻറ വിമാനം സഞ്ചരിച്ചത്.
കൂടുതൽ സമയവും ചൈനയുടെ വ്യോമ പരിധിയിൽകൂടിത്തന്നെയാണ് വിമാനം പറന്നത്. കിമ്മിെൻറ വിമാനം പോകുന്ന റൂട്ടിൽ മറ്റു വിമാനങ്ങൾക്ക് അനുമതി നൽകിയിരുന്നില്ല. വിമാനം പോകുന്ന വഴിയിലെല്ലാം എയർ ട്രാഫിക് കൺട്രോൾ വ്യക്തമായ സന്ദേശം കൈമാറിയിരുന്നു.
കിമ്മിനെ സിംഗപ്പൂരിൽ എത്തിക്കുന്നതിെൻറ ചുമതല ചൈനയാണ് വഹിച്ചത്. ഉത്തര കൊറിയയില്നിന്നു പറന്നുപൊങ്ങിയ വിമാനത്തിെൻറ പൂർണ സുരക്ഷയും ചൈന ഏറ്റെടുക്കുകയായിരുന്നു.
ലോകം ശ്രദ്ധിച്ച ഉച്ചകോടി
കിമ്മും ട്രംപും തമ്മിലുള്ള ഉച്ചകോടി ഇതിനകംതന്നെ ലോകശ്രദ്ധ നേടിക്കഴിഞ്ഞു. ഉച്ചകോടിയിൽനിന്ന് പിന്മാറിയതായി ഇടക്ക് ട്രംപ് പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് നിശ്ചയിച്ച പോലെ നടക്കുമെന്ന് അറിയിക്കുകയായിരുന്നു. ഉത്തര കൊറിയയുടെ സമ്പൂർണ ആണവനിരായുധീകരണമാണ് ട്രംപ് ലക്ഷ്യംവെക്കുന്നത്. മാസങ്ങൾ നീണ്ട യുദ്ധപ്രഖ്യാപനങ്ങൾക്കു ശേഷമാണ് ഇക്കഴിഞ്ഞ മാർച്ചിൽ ഇരുവരും ഉച്ചകോടിക്കായി ധാരണയിലെത്തിയത്.
ഉച്ചകോടി ശുഭകരമാകുമെങ്കിൽ കിം ജോങ് ഉന്നിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ യുഎസിെൻറ ലക്ഷ്യങ്ങൾ നിറവേറ്റപ്പെടുന്നില്ലെങ്കിൽ ഉച്ചകോടിയിൽനിന്ന് ഇറങ്ങിപ്പോകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ആണവ പരീക്ഷണങ്ങളെ തുടർന്ന് ഉത്തര കൊറിയക്കെതിരെ യു.എസും െഎക്യരാഷ്ട്ര സഭയും നിരവധി തവണ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഉപരോധത്തിലൂടെ ഉത്തര കൊറിയയെ സാമ്പത്തികമായി അസ്ഥിരപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
ആശീർവാദവുമായി മാർപാപ്പ
വത്തിക്കാൻ സിറ്റി: യു.എസ്-ഉത്തര കൊറിയൻ നേതാക്കൾ തമ്മിലുള്ള ചർച്ച വൻ വിജയമാകെട്ട എന്ന് ആശംസിച്ച് ഫ്രാൻസിസ് മാർപാപ്പ. കൊറിയൻ ജനങ്ങൾ ഒന്നടങ്കം സമാധാനത്തിലും സൗഹൃദത്തിലും കഴിയാൻ ആഗ്രഹിക്കുന്നു. കൊറിയൻ ഉപദ്വീപിലും ലോകം മുഴുവനും സമാധാനം നിലനിർത്താനുള്ള ചുവടുവെപ്പായിരിക്കും ചൊവ്വാഴ്ചത്തെ ചർച്ചയുടെ അന്തിമഫലമെന്ന് വിശാസമുണ്ടെന്നും പോപ് പറഞ്ഞു.
ഉച്ചകോടിക്ക് രണ്ടുകോടി സിംഗപ്പൂർ ഡോളർ
സിംഗപ്പൂർ സിറ്റി: യു.എസ്-ഉത്തര കൊറിയൻ നേതാക്കളുടെ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നതിന് ചെലവഴിക്കുന്നത് രണ്ടുേകാടി സിംഗപ്പൂർ ഡോളറാണെന്ന് പ്രധാനമന്ത്രി ലീ സീൻ ലൂങ് വെളിപ്പെടുത്തി. ഉത്തര കൊറിയയുമായും യു.എസുമായും നയതന്ത്രബന്ധം പുലർത്തുന്ന ചുരുക്കംചില രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂർ.
ചരിത്രമാകുന്ന സമ്മേളനത്തിന് ഇത്രയും തുക ചെലവഴിക്കുന്നത് അഭിമാനത്തോടെയാണെന്നും ലീഷ്യൻ േലാങ് മാധ്യമങ്ങളോടു പറഞ്ഞു. കൊറിയൻ ഉപദ്വീപിനും സിംഗപ്പൂരിനും ഒരുപോലെ ഗുണകരമാകുന്ന ഒന്നായിരിക്കും ഉച്ചകോടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015ൽ ചൈന-തായ്വാൻ നേതാക്കളുടെ കൂടിക്കാഴ്ചക്കും സിംഗപ്പൂർ േവദിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.