ആരും അമേരിക്കയെ വിലകുറച്ച് കാണരുതെന്ന മുന്നറിയിപ്പുമായി ട്രംപ്
text_fieldsവാഷിങ്ടൺ: ഏകാധിപതികൾ യു.എസിനെ വിലകുറച്ചുകാണേണ്ടെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മുന്നറിയിപ്പ്. ഞായറാഴ്ച ടോക്യോക്ക് സമീപമുള്ള യൊകോട്ട എയർബേസിൽ വന്നിറങ്ങിയതിനുപിന്നാലെയായിരുന്നു ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ ലക്ഷ്യം വെച്ച് ട്രംപിെൻറ താക്കീത്. അഞ്ചുരാജ്യങ്ങളിലേക്കുള്ള പര്യടനത്തിെൻറ ഭാഗമായി ജപ്പാനിലാണ് ട്രംപ് ആദ്യമെത്തിയത്.‘‘ആരും, ഒരു ഏകാധിപതിയും, ഒരു ഭരണകൂടവും യു.എസിെൻറ ദൃഢനിശ്ചയത്തെ ചെറുതായി കാണേണ്ടതില്ല’’ - യൊകോട്ട എയർബേസിൽ ആവേശത്തോടെ സ്വീകരിച്ച യു.എസ്-ജപ്പാൻ സൈനികരെയും സ്ത്രീകള് നിറഞ്ഞ ആൾക്കൂട്ടത്തെയും സാക്ഷിയാക്കി ട്രംപ് പറഞ്ഞു.
ചരിത്രത്തിൽ ഇടക്കൊക്കെ യു.എസിനെ ചെറുതായി കാണുന്ന ശീലം അവർക്കുണ്ട്. അത് അവർക്കു നല്ലതായി ഒരിക്കലും വന്നിട്ടുമില്ല. ശരിയല്ലേ? ഞങ്ങൾ ആരുടെ മുന്നിലും കീഴടങ്ങിയ ചരിത്രമില്ല. പൗരന്മാരുടെ സുരക്ഷയും യു.എസിെൻറ മഹത്തായ ദേശീയപതാകയും അപകടത്തിലാക്കി ഒരു കളിക്കും യു.എസ് തയാറല്ലെന്നും ട്രംപ് തുറന്നടിച്ചു.
റഷ്യൻ ഭരണാധികാരി വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തര കൊറിയയെ ഒതുക്കാൻ ഞങ്ങൾക്ക് പുടിെൻറ സഹായം ആവശ്യമാണ്. ഇക്കാര്യത്തിൽ നിരവധി രാഷ്ട്ര നേതാക്കളുടെയും സഹായം തേടുന്നുണ്ട്. ഉത്തര കൊറിയ യു.എസിനുമാത്രമല്ല, ലോകത്തിനുതന്നെയും ഭീഷണിയാണ്. അവരെ നേരിടാൻ യു.എസിന് അറിയാം. ജപ്പാനുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ആറു ദശാബ്ദമായി മേഖലയിലെ സമാധാനാന്തരീക്ഷം സംരക്ഷിക്കുന്നതിൽ നിർണായകപങ്കുവഹിച്ചത് യു.എസ് -ജപ്പാൻ സഖ്യമാണെന്നും ട്രംപ് അവകാശപ്പെട്ടു. സൈനികരെ അഭിസംബോധന ചെയ്തശേഷം ട്രംപ് ഹെലികോപ്ടർ മുഖേന വടക്കൻ ടോക്യോയിലെ ഗോൾഫ് കോഴ്സിലേക്കു പോയി. അവിടെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെക്കൊപ്പം ഗോൾഫ് കളിക്കുന്ന ട്രംപ്, ആബെയുമായി ചർച്ചയും നടത്തും.1992ൽ അന്നത്തെ പ്രസിഡൻറ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് നടത്തിയ പര്യടനത്തിനുശേഷം ഇത്ര ദൈർഘ്യമുള്ള ഏഷ്യാപര്യടനം ട്രംപിേൻറതാണ്. ഭാര്യ മെലാനിയയും ഒപ്പമുണ്ട്. ഇന്ന് വൈകീട്ട് ആബെ ട്രംപിന് വിരുന്നൊരുക്കും. ജപ്പാനിൽ നിന്ന് ദക്ഷിണകൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലേക്കാണ് ട്രംപ് പോവുക. സോളിൽ ട്രംപിെൻറ സന്ദർശനത്തിനെതിരെ വൻ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.