സിറിയയിൽനിന്ന് പിന്മാറില്ലെന്ന് തുർക്കി; വൻമാനുഷിക ദുരന്തമാകുമെന്ന് യു.എൻ
text_fieldsജനീവ: വടക്കുകിഴക്കൻ സിറിയയിലെ കുർദിഷ് കേന്ദ്രങ്ങൾക്കു നേരെയുള്ള തുർക്കിയുടെ ആക്രമണം ലക്ഷക്കണക്കിന് അഭയാർഥികളെ സൃഷ്ടിക്കുമെന്ന് യു.എൻ മുന്നറിയിപ്പ്. നിലവിൽ 1,30,000 ആളുകൾ കിടപ്പാടം വിട്ടു പലായനം ചെയ്തു. വരുദിവസങ്ങളിലും ആക്രമണം തുടർന്നാൽ ഇതു മൂന്നിരട്ടിയാകുമെന്നും യു.എൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബുധനാഴ്ചയാണ് കുർദുകൾക്കു നേരെ തുർക്കി ആക്രമണം ശക്തമാക്കിയത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ക്യാമ്പുകളിലാണ് അഭയം തേടിയിരിക്കുന്നത്.
അതിനിടെ, ഉപരോധങ്ങൾ ചുമത്തുമെന്ന ഭീഷണി വിലപ്പോകില്ലെന്നും കുർദുകളെ തുരത്തുന്നതുവരെ ആക്രമണം അവസാനിപ്പിക്കില്ലെന്നും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കി. ആയുധ ഉപരോധംകൊണ്ടും തുർക്കി പേടിക്കില്ല. ആരെങ്കിലും ഉപരോധങ്ങൾകൊണ്ട് തുർക്കിയെ പിന്തിരിപ്പിക്കാമെന്ന് ചിന്തിച്ചിട്ടുണ്ടെങ്കിൽ വലിയ അബദ്ധമാണമെന്നും ഉർദുഗാൻ പറഞ്ഞു.
ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ തുർക്കിയുമായുള്ള ആയുധ ഇടപാടുകൾ അവസാനിപ്പിക്കുമെന്ന് ഫ്രാൻസും ജർമനിയും ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. കുർദ് വിമതരെ തീവ്രവാദികളായാണ് തുർക്കി കാണുന്നത്. അതേസമയം, പാശ്ചാത്യരാജ്യങ്ങൾ കുർദ് സൈനികരെ മുന്നിൽ നിർത്തിയാണ് ഐ.എസ് പോലുള്ള ഭീകരസംഘങ്ങൾക്കു നേരെ പോരാടുന്നത്. കുർദുകൾ നേതൃത്വം നൽകുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിനു നൽകിവന്ന പിന്തുണ പിൻവലിക്കുന്നതായി യു.എസ് പ്രഖ്യാപിച്ചതോടെയാണ് ഇവിടേക്ക് തുർക്കിസൈന്യം ആക്രമണത്തിനെത്തിയത്.
1000 സൈനികരെ പിൻവലിക്കാനാണ് യു.എസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ ഉത്തരവിട്ടത്. സിറിയൻ അതിർത്തിനഗരമായ റാസ് അൽഐനും തൽ അബ്യാദും പിടിച്ചെടുത്തതായും തുർക്കി അവകാശപ്പെട്ടു. കുർദുകളുടെ നിയന്ത്രണത്തിലുള്ള 35കി.മീറ്ററോളം ഭാഗങ്ങൾതുർക്കി കൈടക്കിയിട്ടുണ്ട്.
അതിർത്തി നഗരങ്ങളിൽ തുർക്കി പിന്തുണയോടെ ഞായറാഴ്ച നടന്ന ആക്രമണത്തിൽ വനിത രാഷ്ട്രീയ നേതാവടക്കം ഒമ്പതു തദ്ദേശവാസികൾ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ നിരീക്ഷകസംഘങ്ങൾ റിപ്പോർട്ട് ചെയ്തു.
ബശ്ശാർ ഭരണകൂടത്തിനെതിരെ പോരാട്ടം നയിച്ച സിറിയൻവിമതരും മറ്റു ചില സംഘങ്ങളുമാണ് തുർക്കിക്ക് പിന്തുണ നൽകുന്നത്.
മേഖലയിൽനിന്ന് കുർദുകളെ തുരത്തി സിറിയയിൽനിന്ന് പലയാനം ചെയ്ത അഭയാർഥികളെ തിരിച്ചുകൊണ്ടുവരാനാണ് തുർക്കി ഉദ്ദേശിക്കുന്നത്. ഏതാണ്ട് 30 ലക്ഷം സിറിയൻ അഭയാർഥികൾ തുർക്കിയിൽ കഴിയുന്നുണ്ട്.
ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഐ.എസുമായി ബന്ധമുള്ള നൂറുകണക്കിന് വിദേശികൾ വടക്കൻ സിറിയയിലെ ക്യാമ്പുകളിൽനിന്ന് രക്ഷപ്പെട്ടതാതി കുർദിഷ് അധികൃതർ. പോരാട്ടം കൊടുമ്പിരിക്കൊള്ളുേമ്പാൾ അൽ ഇസ്സ പുനരധിവാസ ക്യാമ്പിെൻറ ഗേറ്റുകൾ തകർത്താണ് ഇവർ രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.