റോഹിങ്ക്യ അഭയാർഥികളുടെ മടക്കം; യു.എന്നും മ്യാന്മറും കരാറിൽ
text_fieldsയാംഗോൻ: കടുത്ത പീഡനത്തെ തുടർന്ന് ബംഗ്ലാദേശിൽ അഭയംതേടിയ ഏഴു ലക്ഷത്തിലേറെ വരുന്ന റോഹിങ്ക്യ അഭയാർഥികളുടെ തിരിച്ചുപോക്ക് സംബന്ധിച്ച് യു.എന്നും മ്യാന്മറും കരാറിലെത്തി. റോഹിങ്ക്യകളുടെ സുരക്ഷിതവും സ്ഥിരതയുള്ളതുമായ മടക്കത്തിന് സഹായകമാകുന്ന സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ധാരണപത്രമാണ് ഒപ്പുവെച്ചിരിക്കുന്നത്. എന്നാൽ, റോഹിങ്ക്യകൾക്ക് പൗരത്വം നൽകുന്നത് സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങളൊന്നും ധാരണയിലില്ല.
യു.എൻ ഏജൻസികളായ യു.എൻ.ഡി.പിയും യു.എൻ.എച്ച്.സി.ആറുമാണ് മ്യാന്മർ സർക്കാറുമായി ധാരണയിലെത്തിയത്. നേരേത്ത റോഹിങ്ക്യൻ അഭയാർഥികൾക്ക് ഭക്ഷണമെത്തിച്ചതിെൻറ പേരിൽ യു.എന്നുമായി മ്യാന്മറിെൻറ ബന്ധം വഷളായിരുന്നു. ഇത് അഭയാർഥികളുടെ തിരിച്ചുവരവ് സംബന്ധിച്ച ധാരണയിലെത്തുന്നതിനും തടസ്സമായിരുന്നു.
റോഹിങ്ക്യൻ ഭൂരിപക്ഷപ്രദേശമായ രാഖൈനിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് യു.എൻ അധികൃതർക്ക് ഉടൻ സന്ദർശനാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കരാറിലെത്തിയശേഷം മ്യാന്മറിലെ യു.എൻ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. അതിനുശേഷമാവും ബംഗ്ലാദേശിൽ കഴിയുന്ന അഭയാർഥികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. റോഹിങ്ക്യകളുടെ സുരക്ഷയും സ്വത്വസംരക്ഷണവും പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യംവിട്ടവരുടെ തിരിച്ചുവരവ് വേഗത്തിലാക്കാൻ കരാർ സഹായിക്കുമെന്ന് സർക്കാർ വൃത്തങ്ങളും പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആരംഭിച്ച മ്യാന്മർ സൈന്യത്തിെൻറ അതിക്രമങ്ങളെ തുടർന്നാണ് ഏഴു ലക്ഷത്തിലേറെ റോഹിങ്ക്യകൾ അതിർത്തി കടന്ന് ബംഗ്ലാദേശിലെത്തിയത്. യു.എൻ വംശഹത്യയായി വിലയിരുത്തിയ സംഭവം അന്താരാഷ്ട്ര സമൂഹത്തിെൻറ കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു. മ്യാന്മറും ബംഗ്ലാദേശും ജനുവരിയിൽ അഭയാർഥികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. എന്നാൽ, ഇത് നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ കാരണം മുടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.