രാസായുധ പ്രയോഗം: സിറിയയിൽ യു.എസ് സഖ്യസേനയുടെ വ്യോമാക്രമണം
text_fieldsഡമസ്കസ്: സിറിയയിൽ പടിഞ്ഞാറൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ വ്യോമാക്രമണം. വിമതർക്കും ജനങ്ങൾക്കുമെതിരെ ആക്രമണം ശക്തമാക്കിയ ബശ്ശാർ അൽഅസദ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി യു.എസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് സിറിയയിൽ വ്യോമാക്രമണം നടത്തിയത്. സിറിയയിലെ രാസായുധകേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് സഖ്യകക്ഷികൾ വ്യക്തമാക്കി.
സിറിയയുടെ സുഹൃദ് രാജ്യമായ റഷ്യയുടെ മുന്നറിയിപ്പ് തള്ളിയാണ് സഖ്യകക്ഷികളുടെ ആക്രമണം. അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണത്തെ കടുത്തഭാഷയിൽ വിമർശിച്ച് റഷ്യ രംഗത്തെത്തി. സംഘർഷം തുടങ്ങിയതുമുതൽ ബശ്ശാർ സർക്കാറിനെ പിന്തുണക്കുന്ന റഷ്യ സിറിയക്കെതിരായ ഏത് ആക്രമണത്തെയും ചെറുക്കുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രാദേശികസമയം ശനിയാഴ്ച പുലർച്ചെയോടെ തലസ്ഥാനമായ ഡമസ്കസിലും ഹിംസിലുമാണ് ആക്രമണമുണ്ടായത്. ഡമസ്കസിലെ ഒന്നും ഹിംസിലെ രണ്ടും കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പെൻറഗൺ അറിയിച്ചു. എന്നാൽ, ഇതിലധികം കേന്ദ്രങ്ങളിൽ ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് സൂചന. ആളപായമില്ല. മൂന്നു രാജ്യങ്ങളുമായി 100ലധികം മിസൈലുകൾ തൊടുത്തതായാണ് റിപ്പോർട്ട്. കിഴക്കൻ ഗൂതയിലെ ദൂമയിൽ സിറിയൻ സൈന്യം രാസായുധപ്രയോഗം നടത്തിയതിനെ തുടർന്നാണ് സൈനിക നടപടിയെന്ന് യു.എസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നിവ അറിയിച്ചു. സിറിയയിലെ വിമതരുടെ അവസാന ശക്തികേന്ദ്രമായ ദൂമയിൽ കഴിഞ്ഞയാഴ്ച നടത്തിയ രാസായുധപ്രേയാഗത്തിൽ കുട്ടികളടക്കം നിരവധിപേർ മരിച്ചിരുന്നു.
സിറിയൻ സൈന്യത്തിെൻറ രാസായുധ ശേഖരം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. ‘‘ബശ്ശാർ സർക്കാറിെൻറ കാടത്തത്തിനും മൃഗീയതക്കും എതിരെ അമേരിക്കയും ഫ്രാൻസും ബ്രിട്ടനും കൂട്ടായി പ്രതികരിക്കുകയായിരുന്നു. രാസായുധ നിർമാണത്തിനും പ്രയോഗത്തിനുമെതിരായ കടുത്ത നടപടിയാണിത്’’ -വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരെ കണ്ട ട്രംപ് പറഞ്ഞു.
ഡമസ്കസിലെയും ഹിംസിലെയും രാസായുധം ഉൽപാദിപ്പിക്കുന്നതായി കരുതപ്പെടുന്ന ശാസ്ത്രഗവേഷണ കേന്ദ്രം, രാസായുധം ശേഖരിക്കുന്നതായി കരുതപ്പെടുന്ന കേന്ദ്രം, കമാൻഡ് പോസ്റ്റ് എന്നിവക്കു നേരെയായിരുന്നു ആക്രമണമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു. നിലവിൽ ഇത് ഒറ്റസമയ ആക്രമണമാണെന്നും കൂടുതൽ ആക്രമണങ്ങൾക്ക് പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാസായുധപ്രയോഗം ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്നും അതിനുള്ള തിരിച്ചടിയാണ് ആക്രമണമെന്നും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. സിറിയ രാസായുധപ്രയോഗം നടത്തിയതോടെ ആക്രമണമല്ലാതെ തങ്ങൾക്കുമുന്നിൽ വഴിയുണ്ടായിരുന്നില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. നാറ്റോ, യൂറോപ്യൻ യൂനിയൻ തുടങ്ങിയവയും ആക്രമണത്തെ പിന്തുണച്ചു. സിറിയയുടെ അയൽരാജ്യം കൂടിയായ തുർക്കിയും ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തി.
രാജ്യത്തിനെതിരായ യു.എസ്, ഫ്രാൻസ്, ബ്രിട്ടൻ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും സിറിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സിറിയയിൽ നടന്നതായി പടിഞ്ഞാറൻ രാജ്യങ്ങൾ ആരോപിക്കുന്ന രാസായുധപ്രയോഗം സംബന്ധിച്ച അന്താരാഷ്ട്ര അന്വേഷണം തുടങ്ങാനിരിക്കെ തങ്ങളുടെ നുണ പൊളിയുമെന്നതിനാലാണ് സഖ്യരാജ്യങ്ങളുടെ ആക്രമണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സിറിയയുടെ മറ്റൊരു സഖ്യരാജ്യമായ ഇറാനും ആക്രമണത്തെ അപലപിച്ചു. ചൈനയും ആക്രമണത്തിനെതിരെ രംഗത്തെത്തി.
ഏഴുവർഷം മുമ്പ് തുടങ്ങിയ സംഘർഷമാണ് സിറിയയിൽ അവസാനമില്ലാതെ തുടരുന്നത്. അറബ് വസന്തത്തിനു പിന്നാലെ 2011 മാർച്ചിൽ ബശ്ശാർ അൽഅസദ് ഭരണകൂടത്തിനെതിരെ തുടങ്ങിയ സമാധാനപരമായ പ്രതിഷേധമാണ് സർക്കാറിെൻറ അടിച്ചമർത്തൽ നയംമൂലം രക്തരൂക്ഷിതമായ സംഘർഷമായി മാറിയത്.
തൊടുത്തത് 100ലധികം മിസൈലുകൾ
സിറിയയിലേക്ക് 103 ക്രൂയിസ് മിസൈലുകളും അന്തരീക്ഷ-ഭൂതല മിസൈലുകളും സഖ്യകക്ഷികൾ തൊടുത്തതായി സ്ഥിരീകരിച്ച റഷ്യൻ പ്രതിരോധ മന്ത്രാലയം ഇതിൽ 71 മിസൈലുകൾ സിറിയയുടെ വ്യോമ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയതായി കൂട്ടിച്ചേർത്തു. ചെങ്കടലിലെ യുദ്ധക്കപ്പലുകൾ, മെഡിറ്ററേനിയന് മുകളിൽ വട്ടമിട്ട് പറന്ന യുദ്ധവിമാനങ്ങൾ, തെക്കു-കിഴക്കൻ സിറിയയിലെ അൽതൻഫ് താവളം എന്നിവിടങ്ങളിൽനിന്നാണ് യു.എസ് മിസൈലുകൾ തൊടുത്തതെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ബ്രിട്ടീഷ് റോയൽ എയർഫോഴ്സിെൻറ നാല് ജി.ആർ4 യുദ്ധവിമാനങ്ങളും ഫ്രാൻസിെൻറ മിറാഷ്, റഫേൽ വിമാനങ്ങളുമാണ് സൈനിക നീക്കത്തിൽ പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.