ബഗ്ദാദിലെ യു.എസ് എംബസി പ്രക്ഷോഭകർ ആക്രമിച്ചു
text_fieldsബഗ്ദാദ്: ഇറാൻ അനുകൂല പോരാളികളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച് ബഗ്ദാദിലെ യു.എസ് എംബസി നൂറുകണക്കിന് പ്രക്ഷോഭകർ ആക്രമിച്ചു. ഇറാൻ പിന്തുണയുള്ള ശിയ സായുധസംഘമായ ഹശദ് അൽശാബി അനുകൂലികളാണ് സമരക്കാർ. ഹശദ് നേതാക്കളിലൊരാളായ ഇറാഖ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഫാലിഹ് അൽ ഫയ്യാദും സമരക്കാർക്കൊപ്പം അണിനിരന്നു.
‘അമേരിക്ക തുലയട്ടെ’ എന്ന മുദ്രാവാക്യവുമായെത്തിയ സമരക്കാർ എംബസിയുടെ പ്രധാന ഗേറ്റ് തകർത്ത് അകത്തുകടന്ന് സ്വീകരണമുറിക്ക് തീയിട്ടു. ഒട്ടേറെ ചെക്പോയിൻറുകളുള്ള, ഉയർന്ന സുരക്ഷ മേഖലയായ ഗ്രീൻ സോണിനകത്തെ എംബസിക്കകത്ത് സമരക്കാർ കയറിയത് ഏറെ വർഷങ്ങൾക്കിടയിലെ ആദ്യ സംഭവമാണ്.
സൈനിക യൂനിഫോമണിഞ്ഞവരും സ്ത്രീകളുമുൾപ്പെടെയുള്ളവർ നടത്തിയ മാർച്ച് ഇറാഖി സുരക്ഷസേന തടഞ്ഞില്ല. എംബസി ചുമരിലെ സി.സി ടി.വി കാമറകൾ സമരക്കാർ എറിഞ്ഞുടച്ചു. സമരക്കാരെ പിരിച്ചുവിടാൻ എംബസിക്കകത്തുണ്ടായിരുന്ന യു.എസ് സൈനികർ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. യു.എസ് അംബാസഡറടക്കമുള്ളവരെ എംബസിയിൽനിന്ന് മാറ്റിയിട്ടുണ്ട്. സമരക്കാരിലൊരു വിഭാഗം എംബസിക്കു മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയിട്ടുണ്ട്. അമേരിക്കൻ സേനയെ പാർലമെൻറ് പുറത്താക്കുക, അല്ലെങ്കിൽ ഞങ്ങൾ പുറത്താക്കുമെന്ന് സമരക്കാർ മുദ്രാവാക്യം മുഴക്കി.
ഇറാനുമായുള്ള ആണവായുധ കരാറിൽനിന്ന് അമേരിക്ക പിന്മാറിയതിനുശേഷമുള്ള സംഘർഷം തങ്ങളെ പിടികൂടുമെന്ന ഭയം കുറച്ചുകാലമായി ഇറാഖിനുണ്ട്. ശിയ മേധാവിത്തമുള്ള ഇറാഖ് സർക്കാറിെൻറ സഖ്യകക്ഷികളാണ് അമേരിക്കയും ഇറാനും. തെരുവ് പ്രക്ഷോഭങ്ങൾ രൂക്ഷമായതോടെ പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദി രാജിവെച്ചതോടെ താൽക്കാലിക സർക്കാറാണ് ഇറാഖിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലെ വ്യോമാക്രമണത്തോടെ ഇറാഖ്-യു.എസ് ബന്ധത്തിൽ വിള്ളൽ വീണിട്ടുണ്ട്. ആക്രമണം തുടർന്നാൽ യു.എസ് അംബാസഡറെ വിളിച്ചുവരുത്തുമെന്ന് താൽക്കാലിക സർക്കാർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇറാഖിലെ യു.എസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി അമേരിക്ക ആരോപിച്ചു. ഇറാൻ അനുകൂല സംഘങ്ങൾ ഇപ്പോൾ ഐ.എസിനെക്കാൾ വലിയ ഭീഷണിയായതായി യു.എസ് പ്രതിരോധ വൃത്തങ്ങൾ എ.എഫ്.പി വാർത്ത ഏജൻസിയോട് പറഞ്ഞു. തങ്ങളുടെ പൗരന്മാെര സംരക്ഷിക്കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.