യു.എസ് ഉപരോധം: ഇറാൻ അന്താരാഷ്ട്ര കോടതിയിൽ
text_fieldsതെഹ്റാൻ: ആണവ കരാറിൽനിന്ന് പിന്മാറിയ സാഹചര്യത്തിൽ യു.എസ് വീണ്ടും ഉപരോധം കൊണ്ടുവന്നതിനെതിരെ ഇറാൻ അന്താരാഷ്ട്ര കോടതിയിൽ. ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഉപരോധം നീക്കാൻ ഉത്തരവിടണമെന്നാണ് ഇറാെൻറ ആവശ്യം. ഉപരോധം രാജ്യത്തിെൻറ സാമ്പത്തിക രംഗം തകർക്കുന്നതും1955ൽ ഒപ്പുവെച്ച ‘സൗഹൃദ കരാറി’െൻറ ലംഘനവുമാണെന്ന് ഹരജിയിൽ പറയുന്നു.
ജൂലൈ അവസാനത്തിലാണ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (െഎ.സി.ജെ) ഹരജി സമർപ്പിച്ചത്. ചൊവ്വാഴ്ച കോടതിയിൽ ഹരജി സംബന്ധിച്ച് യു.എസ് നിലപാട് അറിയിക്കും. ഇരു രാജ്യങ്ങളും തമ്മിലെ തർക്കത്തിൽ നിയമപരമായ തീരുമാനത്തിന് കോടതിക്ക് അധികാരമില്ലെന്ന് യു.എസ് വാദിച്ചേക്കുമെന്നാണ് കരുതുന്നത്.
സൗഹൃദ കരാർ നിലനിൽകുന്നതല്ലെന്നും യു.എസ് അഭിഭാഷകർ ഉന്നയിക്കും. ദിവസങ്ങൾ നീണ്ടുനിൽകുന്ന വാദംകേൾക്കലിന് ശേഷമാകും വിഷയത്തിൽ കോടതി നിലപാട് വ്യക്തമാക്കുക.
2015ൽ ബറാക് ഒബാമ യു.എസ് പ്രസിഡൻറായിരിക്കെയാണ് ഇറാനും ലോക രാജ്യങ്ങളുമായി ആണവ കരാറിൽ ഒപ്പുവെച്ചത്. നേരത്തേ നിലവിലുണ്ടായിരുന്ന ഉപരോധത്തിൽ ഇതിനെ തുടർന്ന് ഇളവുവരുത്തി. എന്നാൽ, ട്രംപ് പ്രസിഡൻറായി അധികാരമേറ്റശേഷം കരാറിൽനിന്ന് പിന്മാറുകയും ഉപരോധം വീണ്ടും കൊണ്ടുവരാൻ ഉത്തരവിടുകയുമായിരുന്നു.
ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് യു.എസ് ഭീഷണിമുഴക്കി. ഇൗ സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തിയിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളുടെയടക്കം എതിർപ്പിനെ പരിഗണിക്കാതെയാണ് യു.എസ് കരാറിൽനിന്ന് പിന്മാറിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.