യു.എസ്–ചൈന വ്യാപാരയുദ്ധം പുതിയ ദിശയിലേക്ക്
text_fieldsബെയ്ജിങ്: യു.എസുമായുള്ള വ്യാപാരയുദ്ധം മുറുകിയ സാഹചര്യത്തിൽ സ്വതന്ത്രവ്യാപാര ത്തിന് അന്താരാഷ്ട്ര സമൂഹത്തിെൻറ പിന്തുണ തേടി ചൈന. ഏകപക്ഷീയമായ നിലപാടുകൾ വ്യാപാരതർക്കം പരിഹരിക്കാൻ പര്യാപ്തമല്ലെന്നും മറ്റുരാജ്യങ്ങളുടെ പിന്തുണയാണ് ഇൗ ഘട്ടത്തിൽ ആവശ്യെമന്നും ചൈനീസ് പ്രധാനമന്ത്രി ലെ കെക്വിയാങ് അഭിപ്രായപ്പെട്ടു.
ലോക സാമ്പത്തിക സമ്മേളനത്തിെൻറ വർഷകാല സെഷനിൽ സംസാരിക്കുകയായിരുന്നു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ രണ്ടാമനായ കെക്വിയാങ്. കയറ്റുമതി മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി ചൈനീസ് കറൻസിയായ യുവാെൻറ മൂല്യം കുറക്കുമെന്ന റിപ്പോർട്ടുകളും അദ്ദേഹം തള്ളി. തിങ്കളാഴ്ച 20,000 കോടി േഡാളറിെൻറ ചൈനീസ് ഉൽപന്നങ്ങൾക്ക് അധികതീരുവ ചുമത്തിയ യു.എസ് നടപടിയോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമായത്.
ഹാൻഡ്ബാഗ്, അരി, ടെക്സ്റ്റൈൽ ഉൽപന്നങ്ങൾ തുടങ്ങി 6000ത്തോളം ഉൽപന്നങ്ങളെ ലക്ഷ്യംവെച്ചാണ് അധിക തീരുവ. യു.എസ് ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തി സെപ്റ്റംബർ 24 മുതലാണ് നികുതി നിരക്ക് പ്രാബല്യത്തിൽവരുക. തുടക്കത്തിൽ 10 ശതമാനം അധികതീരുവയും അടുത്ത വർഷത്തോടെ 25 ആക്കി വർധിപ്പിക്കാനുമാണ് യു.എസിെൻറ കണക്കുകൂട്ടൽ.
ചൈനീസ് തിരിച്ചടി
6000 കോടി ഡോളറിെൻറ യു.എസ് ഉൽപന്നങ്ങൾക്ക് തീരുവ വർധിപ്പിച്ചാണ് ചൈന തിരിച്ചടിച്ചത്. ചൈനയിലേക്കുള്ള യു.എസ് ഇറക്കുമതിയുടെ 80 ശതമാനം വരുമിത്. യു.എസിൽനിന്ന് ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന മൂന്നാമെത്ത രാജ്യമാണ് ചൈന.
ചൈന വരുതിയിൽ നിൽക്കുന്നില്ലെങ്കിൽ മൂന്നാംഘട്ട ഇറക്കുമതി തീരുവ വർധിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. മൂന്നാംഘട്ടമായാൽ മുഴുവൻ ചൈനീസ് ഉൽപന്നങ്ങൾക്കും നികുതി ബാധകമാകും. അതിനിടെ, യു.എസുമായുള്ള വ്യാപാരയുദ്ധം നേരിടാൻ ഒരുങ്ങിയിരിക്കാൻ ചൈനീസ് രാഷ്ട്രീയ-ബിസിനസ് നേതാക്കൾക്ക് ആലിബാബ സഹസ്ഥാപകൻ ജാക് മാ മുന്നറിയിപ്പുനൽകി. ട്രംപിെൻറ ഭരണകാലാവധി കഴിഞ്ഞാലും തുടരാൻ സാധ്യതയുള്ളതാണ് വ്യാപാരയുദ്ധം. യു.എസുമായുള്ള ബന്ധം വേർപെടുത്തി വ്യാപാരം ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് പരിഹാരമാർഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈന ഒരുവർഷം കടത്തിയത് 50,000 കോടി ഡോളർ–ട്രംപ്
അമേരിക്കയുടെ സമ്പത്തുപയോഗിച്ചാണ് ചൈന അഭിവൃദ്ധി നേടിയതെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആരോപിച്ചു. ‘‘അമേരിക്കൻ വിപണി റോക്കറ്റ് പോലെ കുതിച്ചുയരുകയാണ് ലക്ഷ്യം. ചൈനീസ് വിപണി തകരണമെന്ന് ആഗ്രഹിക്കുന്നില്ല. എന്നാൽ, കഴിഞ്ഞ മൂന്നുമാസംകൊണ്ട് അവരുടെ വിപണി തകർന്നടിയുന്നത് നാം കണ്ടു. കാരണം, അവരുടെ കുതിച്ചുചാട്ടത്തിന് യു.എസ് തടയിട്ടു എന്നതുതന്നെ’’ -ട്രംപ് പറഞ്ഞു.
ഒരുവർഷം ചൈന ഇവിടെനിന്ന് കടത്തുന്നത് 50,000 കോടിയിലേറെ (36 ലക്ഷം കോടി രൂപ) ഡോളറാണ്. പോളണ്ട് പോലുള്ള ഒരു രാജ്യത്തിെൻറ സമ്പൂർണ വികസനത്തിന് അത്രയും തുക മതിയാകും. ആ തുക ചൈനയിൽനിന്ന് തിരിച്ചുപിടിക്കണം. അതുകൊണ്ടാണ് ചൈനക്കെതിരായ നടപടികളെന്നും ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.