അഫ്ഗാനിലെ യു.എസ് ചരിത്രകാരി നാൻസി ദുപ്രി അന്തരിച്ചു
text_fieldsകാബൂൾ: അഫ്ഗാനിസ്താെൻറ പൈതൃക ശേഷിപ്പുകളെക്കുറിച്ച് പതിറ്റാണ്ടുകളോളം ഗവേഷണം നടത്തിയ അമേരിക്കൻ ചരിത്രകാരി നാൻസി ഹാച്ച് ദുപ്രി അന്തരിച്ചു. കാബൂളിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. 1962ലാണ് നാൻസി ആദ്യമായി അഫ്ഗാനിലെത്തിയത്. ചരിത്രരേഖകളുടെ ശേഖരണാർഥം പിന്നീട് ജീവിതത്തിെൻറ ഭൂരിഭാഗവും അവിടെയാണ് ചെലവഴിച്ചത്.
പുസ്തകങ്ങളും മാപ്പുകളും ഫോേട്ടാകളും നാടോടിസംഗീതത്തിലെ അപൂർവ റെക്കോഡിങ്ങുകളുമുൾപ്പെെട നിരവധി അമൂല്യവസ്തുക്കൾ ശേഖരിച്ചിരുന്നു നാൻസി. ഇവയെല്ലാം ഇപ്പോൾ കാബൂൾ യൂനിവേഴ്സിറ്റിയുടെ ഉടമസ്ഥതയിലാണ്. 1979ൽ സോവിയറ്റ് യൂനിയെൻറ അഫ്ഗാൻ അധിനിവേശത്തെ തുടർന്ന് രാജ്യംവിടാൻ നിർബന്ധിതയായെങ്കിലും പെഷാവറിലെ പാക് അഭയാർഥി ക്യാമ്പിൽ അഫ്ഗാൻ പൗരന്മാരെ സഹായിക്കാനായിരുന്നു തീരുമാനം. ഇൗ സമയത്ത് അഫ്ഗാനിസ്താെൻറ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചുള്ള സുപ്രധാന രേഖകൾ അവർ സൂക്ഷിച്ചുവെച്ചു. 2003ലാണ് പിന്നീട് കാബൂളിൽ തിരിച്ചെത്തിയത്. 7000ത്തിലേറെ അപൂർവ രേഖകളുണ്ടായിരുന്നു അപ്പോൾ അവരുടെ കൈവശം.
ചരിത്രരേഖകളുടെ സംരക്ഷണാർഥം പിന്നീട് ലൂയിസ് ആൻഡ് നാൻസി ഹാച്ച് ദുപ്രി ഫൗണ്ടേഷനും സ്ഥാപിച്ചു. അഫ്ഗാനിസ്താനെക്കുറിച്ച് അഞ്ചു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
1972ൽ അമേരിക്കൻ ദമ്പതികളുടെ മകളായി ഇന്ത്യയിൽ ജനിച്ച നാൻസി ചരിത്രകാരൻ ലൂയിസ് ദുപ്രിയെ വിവാഹംചെയ്തു. അറിയപ്പെടുന്ന പുരാവസ്തു ഗവേഷകനും അഫ്ഗാൻ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് ഗവേഷണം നടത്തിയ പണ്ഡിതനുമായിരുന്നു ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.