20 ഭീകരസംഘടനകളുടെ പട്ടിക യു.എസ് പാകിസ്താന് കൈമാറി
text_fieldsഇസ്ലാമാബാദ്: ഇന്ത്യയെയും അഫ്ഗാനിസ്താനെയും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നതടക്കം 20 ഭീകര സംഘടനകളുടെ പട്ടിക യു.എസ്, പാകിസ്താന് കൈമാറി. ഹഖാനി നെറ്റ്വർക്കാണ് പട്ടികയിൽ ഒന്നാമത്. ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ്, ഹർകതുൽ മുജാഹിദീൻ അൽഇസ്ലാമി, ഹർകതുൽ ജിഹാദുൽ ഇസ്ലാമി, ജമാഅതുൽ അഹ്റാർ, ജമാഅതുദ്ദഅ്വ അൽ ഖുർആൻ, താരീഖ് ഗിദാർ ഗ്രൂപ് തുടങ്ങിയ ഭീകരഗ്രൂപ്പുകളും ഉൾെപ്പട്ടിട്ടുണ്ട്.
താരീഖ് ഗിദാറാണ് പെഷവാർ സൈനിക സ്കൂളിൽ 132 വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടത്തിയത്. അഫ്ഗാനിസ്താനിൽ ആക്രമണം നടത്തുന്നവർ, പാകിസ്താനെ ലക്ഷ്യമിടുന്നവർ, കശ്മീരിൽ ആക്രമണം ആസൂത്രണം ചെയ്യുന്നവർ എന്നിങ്ങനെ മൂന്നുതരം ഭീകരസംഘടനകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് പാക് പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. ഹർകതുൽ മുജാഹിദീൻ, ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ എന്നിവർ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടാണ് പ്രവർത്തനം. കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹർകതുൽ മുജാഹിദീന് ഉസാമ ബിൻ ലാദിെൻറ അൽ ഖാഇദയുമായി നല്ല ബന്ധമുണ്ട്. കശ്മീർ ആണ് ജയ്ശിെൻറയും മുഖ്യകേന്ദ്രം. ഹഖാനി നെറ്റ്വർക് അഫ്ഗാനിസ്താെനതിരായാണ് പ്രവർത്തിക്കുന്നത്.
ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും സജീവവുമായ ഭീകരസംഘടനയായി യു.എസ് വിലയിരുത്തുന്നത് ലശ്കറെ ത്വയ്യിബയെയാണ്. 1987ൽ പഞ്ചാബ് ആസ്ഥാനമായി ഹാഫിസ് സഇൗദ്, അബ്ദുല്ല അസാം, സഫർ ഇക്ബാൽ എന്നിവർ ചേർന്ന് അഫ്ഗാനിസ്താനിൽ സ്ഥാപിച്ചതാണ് ലശ്കറെ ത്വയ്യിബ. 2001ലെ പാർലമെൻറ് ആക്രമണത്തിലും 2008ലെ മുംബൈ ഭീകരാക്രമണത്തിലും ലശ്കറിന് പങ്കുണ്ട്. തഹ്രീകെ താലിബാെൻറ (ടി.ടി.പി) കീഴിൽ നിരവധി ചെറുസംഘങ്ങളുണ്ട്. അഫ്ഗാനിസ്താനാണ് സംഘടനയുടെ പ്രവർത്തനകേന്ദ്രം. വ്യക്തമായ തെളിവുകളോടെയാണ് യു.എസ് പട്ടിക കൈമാറിയത്. തീവ്രവാദ സംഘങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ഇസ്ലാമാബാദ് സന്ദർശിച്ചപ്പോൾ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ 75 ഭീകരരുടെ പട്ടിക കൈമാറിയെന്ന റിപ്പോർട്ട് പാക് അധികൃതർ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.