ആണവകരാർ റദ്ദാക്കാനുള്ള യു.എസ് ശ്രമം പാളി
text_fieldsന്യൂയോർക്: ഇറാനിൽ കഴിഞ്ഞയാഴ്ചയുണ്ടായ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവിൽ ആ രാജ്യത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനുള്ള യു.എസ് ശ്രമം െഎക്യരാഷ്ട്രസഭയുടെ രക്ഷാസമിതി സമ്മേളനത്തിൽ പാളി. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം നടന്ന അടിയന്തര സമ്മേളനത്തിലാണ് യു.എസ് ശ്രമം പൊളിഞ്ഞത്. സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമർത്തിയതിനാൽ ഇറാനുമായി വൻശക്തി രാജ്യങ്ങൾ ഒപ്പുവെച്ച ആണവകരാർ റദ്ദാക്കണമെന്നായിരുന്നു യു.എസ് ആവശ്യം. എന്നാൽ, ഇത് 15 അംഗ രക്ഷാസമിതിയിലെ മറ്റുള്ളവരെല്ലാം എതിർക്കുകയായിരുന്നു.
ഇറാന് ഒപ്പംനിൽക്കുന്ന റഷ്യയുടെ എതിർപ്പ് മറികടന്നാണ് രക്ഷാസമിതി ചേർന്നത്. ഇറാന് അകത്തുനടന്ന പ്രതിഷേധങ്ങളെ സാമ്പത്തിക നയങ്ങളോടുള്ള പ്രതികരണമായാണ് റഷ്യ കാണുന്നതെന്നും എന്നാൽ സംഭവവികാസങ്ങളെ അവിടത്തെ സർക്കാറിനെയും 2015ലെ ആണവകരാർ അട്ടിമറിക്കുന്നതിനുമുള്ള അവസരമായാണ് യു.എസ് കാണുന്നതെന്നും റഷ്യ വാദിച്ചു. വാദത്തെ പിന്തുണച്ച് സംസാരിച്ച ഇറാനിലെ യു.എൻ പ്രതിനിധി ഗുലാം അലി ഖുശ്റോ, പ്രതിഷേധങ്ങൾ വിദേശ നിർദേശാനുസരണമായിരുന്നു എന്നതിന് ശക്തമായ തെളിവുകളുണ്ടെന്നും അവകാശപ്പെട്ടു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരസമ്മേളനം വിളിച്ചുചേർത്ത യു.എസ്, രക്ഷാസമിതിയിലെ സ്ഥിരാംഗം എന്ന പദവി ദുരുപയോഗം ചെയ്യുകയാണെന്നും ഇറാനും റഷ്യയും സമ്മേളനത്തിൽ ആരോപിച്ചു.
സമ്മേളനത്തിൽ സംസാരിച്ച യു.എസ് പ്രതിനിധി നിക്കി ഹാലി, പ്രതിഷേധങ്ങളെ ഇറാൻ നേരിട്ട രീതി ലോകം നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് മുന്നറിയിപ്പ് നൽകി. ഇറാനിലെ 79 ഇടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങൾ ചൂണ്ടിക്കാട്ടുന്നത് അടിച്ചമർത്തുന്ന സർക്കാറിനെ ജനങ്ങൾക്ക് മതിയായെന്നാണെന്നും നിക്കി ഹാലി പറഞ്ഞു. എന്നാൽ യു.എസ് നിലപാടിനെ ഫ്രാൻസ്, യു.കെ തുടങ്ങിയ അംഗങ്ങൾ എതിർത്തു. പ്രതിഷേധങ്ങൾ എത്രതന്നെ രൂക്ഷസ്വഭാവമുള്ളതാണെങ്കിലും അവ സാർവദേശീയ സമാധാനത്തെയും സുരക്ഷയെയും ബാധിക്കുന്നതല്ലെന്ന് ഫ്രഞ്ച് പ്രതിനിധി ഫ്രാങ്ക്വ ദിലാത്രെ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.