ഭാര്യയെ ഇന്ത്യൻ ഹൈകമീഷൻ തടവിൽവെച്ചതായി പാക് പൗരൻ
text_fieldsഇസ്ലാമാബാദ്: ഇന്ത്യക്കാരിയായ തെൻറ നവവധുവിനെ ഇന്ത്യൻ ഹൈകമീഷൻ തടവിൽ വെച്ചിരിക്കുകയാണെന്ന് പാക് പൗരൻ. ഡൽഹിക്കാരിയായ ഉസ്മയും പാകിസ്താനിയായ താഹിറും മലേഷ്യയിൽവെച്ചാണ് പരസ്പരം കണ്ട് ഇഷ്ടപ്പെട്ടത്. വാഗ അതിർത്തി വഴി ഉസ്മ ഇൗ മാസം ഒന്നിന് പാകിസ്താനിൽ എത്തിയതിനെ തുടർന്ന് മേയ് മൂന്നിന് വിവാഹം നടന്നു. തുടർന്ന് ഇരുവരും താഹിറിനുള്ള വിസക്കായി ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷനിൽ എത്തുകയും അപേക്ഷഫോറവും ഫോണുകളും ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു. അവർ വിളിച്ചതനുസരിച്ച് ഉസ്മ കെട്ടിടത്തിനകത്ത് പ്രവേശിച്ചുവെന്നും താൻ പുറത്തുതന്നെ നിൽക്കുകയായിരുന്നുവെന്നും താഹിർ പറയുന്നു. നിരവധി മണിക്കൂറുകൾ കാത്തുനിന്നെങ്കിലും ഉസ്മ മടങ്ങിവന്നില്ല.
ഭാര്യയെക്കുറിച്ച് ചോദിച്ച തന്നോട് അവർ അകത്തില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. തങ്ങളുടെ മൂന്നു മൊബൈൽ ഫോണുകൾ തിരിച്ചുനൽകാൻ അവർ കൂട്ടാക്കിയില്ലെന്നും സെക്രേട്ടറിയറ്റ് പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയതായും താഹിർ പറഞ്ഞു. അതേസമയം, സ്വന്തം ഇഷ്ടപ്രകാരം ഉസ്മ അവിടെത്തന്നെ നിൽക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. പിറ്റേദിവസം വന്നാൽ ഭാര്യയെ കാണാമെന്നും വിസ കൈപ്പറ്റാമെന്നും തങ്ങൾ താഹിറിനോട് പറഞ്ഞിരുന്നുവെന്നും അവർ പറയുന്നു.
ഇതേകുറിച്ചുള്ള പി.ടി.െഎ വാർത്ത ഏജൻസി വിശദീകരണം തേടിയപ്പോൾ ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയ വക്താവിനോട് ചോദിക്കണമെന്നായിരുന്നു മറുപടി. അതേസമയം, വിഷയം പാകിസ്താൻ നയതന്ത്രതലത്തിൽ പരിഹരിക്കാൻ ശ്രമംതുടങ്ങിയതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.