ബെയ്‌റൂത്ത് സ്‌ഫോടനം: ലെബനാന് പിന്തുണയുമായി രാജ്യങ്ങള്‍
text_fieldsബെയ്‌റൂത്ത്: 78 പേര്‍ മരിക്കുകയും 4000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വന്‍ സ്‌ഫോടനത്തിനു പിന്നാലെ ലെബനാന് പിന്തുണയുമായി വിവിധ രാജ്യങ്ങള്‍. രാഷ്ട്രത്തലവന്‍മാര്‍ ലെബനാന് സഹായം വാഗ്ദാനം ചെയ്തു.
ദാരുണ സംഭവത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രതികരണങ്ങള്‍:
ഫ്രാന്‍സ്
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ലെബനാന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ബെയ്‌റൂത്തിലേക്ക് സഹായം അയക്കുകയും ചെയ്തു. ഫാന്‍സ് ലെബനാനൊപ്പം നില്‍ക്കുന്നു, എപ്പോഴും -അദ്ദേഹം പ്രതികരിച്ചു. വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രിയാന്‍ പിന്തുണ നല്‍കി സന്ദേശം അയച്ചു. ലെബനാന്റെ ഏത് ആവശ്യത്തിനും ഫ്രാന്‍സ് സഹായിക്കാന്‍ തയാറാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇറാന്‍
ഇറാന്റെ മനസ്സും പ്രാര്‍ത്ഥനയും ലെബനാന്‍ ജനതക്കൊപ്പമാണെന്ന് വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് ട്വിറ്ററില്‍ പറഞ്ഞു. എപ്പോഴത്തെയും പോലെ, ഏത് വിധത്തിലുള്ള സഹായത്തിനും ഇറാന്‍ പൂര്‍ണമായി തയാറാണ്. ലെബനാന്‍, കരുത്തോടെ തുടരുക -അദ്ദേഹം പറഞ്ഞു.
ഖത്തര്‍
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ലെബനാന്‍ പ്രസിഡന്റിനെ വിളിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. വൈദ്യസഹായത്തിനായി ഫീല്‍ഡ് ആശുപത്രികള്‍ അയക്കുമെന്നും ഖത്തര്‍ അറിയിച്ചു.
തുര്‍ക്കി
തുര്‍ക്കി വിദേശകാര്യ മന്ത്രി ലെബനാന്‍ ജനതക്ക് അനുശോചനം അറിയിച്ചു. സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മേല്‍ അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാകട്ടെ. ലെബനാനിലെ സഹോദരന്‍മാര്‍ക്ക് അനുശോചനം അറിയിക്കുന്നു. കൂടുതല്‍ നിഷ്ടങ്ങളുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ രീതിയിലും ഞങ്ങളുടെ ലെബനീസ് സഹോദരീ സഹോദരന്‍മാരെ സഹായിക്കാന്‍ തയാറാണ് -അദ്ദേഹം വ്യക്തമാക്കി.
സൗദി അറേബ്യ
ബെയ്‌റൂത്ത് തുറമുഖത്തിലെ സ്‌ഫോടനത്തിന്റെ അനന്തരഫലങ്ങള്‍ സൗദി അറേബ്യ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
യു.എസ്
സംഭവത്തില്‍ താന്‍ ദുഃഖം രേഖപ്പെടുത്തിയതായും യു.എസ് സഹായം വാഗ്ദാനം ചെയ്തതായും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ലെബനാനെ സഹായിക്കാന്‍ അമേരിക്ക തയാറാണെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു. സഹായിക്കാന്‍ ഞങ്ങള്‍ അവിടെ ഉണ്ടാകും. ഇത് ഭയാനകമായ ആക്രമണമാണ്. സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും സഹായം വാഗ്ദാനം ചെയ്തു.
ഇസ്രായേല്‍
നയതന്ത്ര ബന്ധമില്ലാത്തതിനാല്‍ അന്താരാഷ്ട്ര പ്രതിരോധ, നയതന്ത്ര മാര്‍ഗത്തിലൂടെ ലെബനാന് വൈദ്യസഹായം അടക്കം വാഗ്ദാനം ചെയ്തതായി ഇസ്രായേല്‍ അറിയിച്ചു. പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സിന്റെയും വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയുടെയും നിര്‍ദേശപ്രകാരമാണിതെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കി.
ബ്രിട്ടന്‍
ബെയ്‌റൂത്തില്‍നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്ന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രതികരിച്ചു. ഈ ഭയാനകമായ സംഭവത്തില്‍ അകപ്പെട്ടവരോടൊപ്പമാണ് എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും. സ്‌ഫോടനത്തിനിരയായ ബ്രിട്ടീഷ് പൗരന്‍മാര്‍ക്കടക്കം ലെബനാനെ കഴിയുന്ന വിധത്തിലെല്ലാം സഹായിക്കാന്‍ തയാറാണ് -ബോറിസ് ട്വിറ്ററില്‍ എഴുതി.
കൂടാതെ, ജര്‍മനി, ഇറ്റലി തുടങ്ങിയ നിരവധി രാജ്യങ്ങളും ലെബനാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.