മറ്റുരാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്ന് ഷി ജിൻപിങ്
text_fieldsബെയ്ജിങ്: എല്ലാ രാജ്യങ്ങളും മറ്റുള്ളവരുടെ പരമാധികാരത്തെയും പ്രാദേശിക ഏകീകരണത്തെയും ബഹുമാനിക്കണമെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്.
രണ്ടു ദിവസത്തെ ബെൽറ്റ് ആൻഡ് റോഡ് ഫോറം(ബി ആൻഡ് ആർ) ഞായറാഴ്ച ബെയ്ജിങ്ങിൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത്. ചൈന-പാക് സാമ്പത്തിക ഇടനാഴിയെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിൽ പരിപാടി ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. തങ്ങളുടെ സ്വാതന്ത്ര്യത്തെയും പ്രാദേശിക ഏകീകരണത്തെയും ലംഘിക്കുന്ന പദ്ധതി അംഗീകരിക്കാൻ തയാറല്ലെന്ന് ഇന്ത്യ ശനിയാഴ്ച ഒൗദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ, പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിൻഗെ, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ, തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവരടക്കം 29 രാജ്യങ്ങളിൽനിന്നുള്ള നേതാക്കൾ പെങ്കടുക്കുന്ന പരിപാടിയിൽ ഇന്ത്യയിൽനിന്നുള്ള വിദഗ്ധർ പെങ്കടുത്തിട്ടുണ്ട്. യു.എസിൽനിന്നുള്ള പ്രതിനിധികളും യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ്, ലോകബാങ്ക് പ്രസിഡൻറ് ജിംയോങ് കിം, അന്താരാഷ്ട്ര നാണയനിധി ഡയറക്ടർ ക്രിസ്റ്റിൻ ലഗാർദെ എന്നിവരും ചടങ്ങിനെത്തിയിരുന്നു.
ബി ആൻഡ് ആർ പദ്ധതിയുടെ ഭാഗമായ ചൈന-പാക് സാമ്പത്തിക ഇടനാഴി പാക് അധീന കശ്മീരിലെ ഗിൽജിത്- ബൽതിസ്താൻ പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ബി ആൻഡ് ആർ പദ്ധതി പുതിയ പരസ്പരം ബന്ധിപ്പിച്ച ലോകം സാധ്യമാക്കുമെന്ന് അഭിപ്രായപ്പെട്ട ഷി ജിൻപിങ് പുരാതന നാഗരികതയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
സിന്ധു, ഗംഗ നാഗരികതകളെക്കുറിച്ചും പരാമർശിച്ചു. എന്നാൽ, ചൈന-പാക് സാമ്പത്തിക ഇടനാഴി സംബന്ധിച്ച ഇന്ത്യയുടെ എതിർപ്പിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചില്ല. രാജ്യങ്ങൾ പരസ്പരം മറ്റുള്ളവരുെട വികസന പാതകൾ, സാമൂഹിക വ്യവസ്ഥകൾ, താൽപര്യങ്ങൾ, പ്രധാന പരിഗണനകൾ എന്നിവയെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി ആൻഡ് ആർ പദ്ധതിയിൽ ബംഗ്ലാദേശ്, ചൈന, ഇന്ത്യ, മ്യാന്മർ സാമ്പത്തിക ഇടനാഴി, ന്യൂ യൂറേഷ്യൻ ലാൻഡ് ബ്രിഡ്ജ്, ചൈന-മംഗോളിയ-റഷ്യ സാമ്പത്തിക ഇടനാഴി, ചൈന-ഇന്തോചൈന ഉപദ്വീപ് സാമ്പത്തിക ഇടനാഴി, 21ാം നൂണ്ടാലിലെ മാരിടൈം സിൽക്ക് പാത എന്നിയവും ഉൾപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.