ട്രംപിനെതിരെ പ്രതിഷേധം: വെസ്റ്റ് ബാങ്കിൽ സംഘർഷം
text_fieldsജറൂസലം: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അംഗീകരിച്ച നടപടിയിൽ പ്രതിഷേധം പുകയുന്നു. ജുമുഅ നമസ്കാരത്തിനു ശേഷം ട്രംപിനെതിരെ പ്രതിഷേധവുമായി ഫലസ്തീൻ മേഖലകളിലുടനീളം റാലികൾ നടന്നു. വെസ്റ്റ് ബാങ്കിലെ ഹീബ്രൂൺ, ബത്ലഹേം, റാമല്ല എന്നിവിടങ്ങളിലും സംഘർഷം അരങ്ങേറി. 90 പേർക്ക് പരിക്കേറ്റതായി ഫലസ്തീൻ റെഡ് ക്രോസ് അറിയിച്ചു.
പ്രതിഷേധക്കാരെ അടിച്ചമർത്താനുള്ള സൈന്യത്തിെൻറ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.പെല്ലറ്റുകളും ലാത്തിയും കണ്ണീർവാതകവും പ്രയോഗിച്ചാണ് സൈന്യം ഫലസ്തീനികളെ നേരിടുന്നത്. ഗസ്സയിൽ ആയിരങ്ങളാണ് പ്രതിഷേധവുമായി അണിനിരന്നത്. വെസ്റ്റ് ബാങ്കിൽ നൂറുകണക്കിന് ഫലസ്തീനികളും ഇസ്രായേൽ സേനയും ഏറ്റുമുട്ടി.
യു.എസ് നീക്കത്തിനെതിരെ വെള്ളിയാഴ്ച രോഷത്തിെൻറ ദിനമായി ആചരിക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചിരുന്നു. സംഘർഷം കണക്കിലെടുത്ത് സൈന്യത്തിന് പുറമെ നൂറുകണക്കിന് പൊലീസുകാരെയും ഇസ്രായേൽ അധികം വിന്യസിച്ചിരുന്നു.മസ്ജിദുൽ അഖ്സക്കു സമീപവും പ്രകടനം നടന്നു. അതോടൊപ്പം തുർക്കി, ജോർഡൻ, ഇൗജിപ്ത്, ലബനാൻ, സോമാലിയ, പാകിസ്താൻ, ഇന്തോനേഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധം നടന്നു.
മൈക് പെൻസിനെ സ്വീകരിക്കില്ല –ഫലസ്തീൻ
ജറൂസലം: സന്ദർശനത്തിനെത്തുന്ന യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസിനെ സ്വീകരിക്കില്ലെന്ന് ഫലസ്തീൻ. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഫലസ്തീെൻറ തീരുമാനം. ഇൗ മാസം അവസാനമാണ് പെൻസിെൻറ ഇസ്രായേൽ സന്ദർശനം.
പര്യടനത്തിെൻറ ഭാഗമായി ഫലസ്തീൻ നഗരമായ ബത്ലഹേമിൽ ഇറങ്ങാനും ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്താനും പെൻസ് പദ്ധതിയിട്ടിരുന്നു. അതേസമയം കൂടിക്കാഴ്ച റദ്ദാക്കാനാണ് ഫലസ്തീൻ ആലോചിക്കുന്നതെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യു.എസ് മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.