യു.എസിൽ വീണ്ടും വംശീയാക്രമണം: 18 കാരിയായ ഏഷ്യൻ വിദ്യാർഥിയെ കുത്തി പരിക്കേൽപ്പിച്ച് 56കാരി
text_fieldsവാഷിങ്ടൺ: യു.എസിൽ വീണ്ടും വംശീയാക്രമണം. 18 കാരിയായ ഏഷ്യൻ വിദ്യാർഥിയാണ് ആക്രമണത്തിനിരയായത്. ബസിൽ യാത്രചെയ്യുന്നതിനിടെയാണ് പെൺകുട്ടിക്കെതിരെ വംശീയാക്രമണമുണ്ടായത്. 56കാരിയായ ബില്ലി ഡേവിസ് 18 കാരിയെ കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നു.
ഇന്ത്യാന യൂനിവേഴ്സിറ്റി വിദ്യാർഥിക്കാണ് കുത്തേറ്റത്. പെൺകുട്ടി ബസിൽ ബ്ലൂമിൻടണിൽ ഇറങ്ങാനായി വാതിലിനടുത്ത് നിൽക്കുകയായിരുന്നു. ആ സമയം ബസിലെ മറ്റൊരു യാത്രക്കാരിയായ ബില്ലി ഡേവിസ് പെൺകുട്ടിയുടെ അടുത്തെത്തുകയും പ്രകോപനമൊന്നും കൂടാതെ പെൺകുട്ടിയുടെ തലയിൽ മടക്കി സൂക്ഷിക്കാവുന്ന കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നു.
പെൺകുട്ടിയുടെ തലയിൽ കുത്തേറ്റതിന്റെ ഏഴ് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ നശിപ്പിക്കുന്ന ഒരാൾ കുറയും എന്നാണ് പ്രതി ആക്രമണത്തെ കുറിച്ച് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പ്രതിക്കെതിരെ വംശീയാതിക്രമത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തിട്ടുണ്ട്. സംഭവം നടന്നയുടൻ ദൃക്സാക്ഷികളിലൊരാൾ ബില്ലി ഡവിസിനെ പിന്തുടരുകയും ഇവർ എവിടെയാണ് എന്നുള്ളതിനെ കുറിച്ച് പൊലീസിന് കൃത്യമായ വിവരം നൽകുകയും ചെയ്തു.
സംഭവത്തെ ഇന്ത്യാന യൂനിവേഴ്സിറ്റി ജെയിംസ് വിംബുഷ് അപലപിച്ചു. ഏഷ്യൻ വിരുദ്ധ വിദ്വേഷം യാഥാർഥ്യമാണെന്നത് ഈയാഴ്ച ബ്ലൂമിൻടൺ ദുഃഖത്തോടെ ഓർമിക്കുന്നു. അത് വ്യക്തികൾക്കും നമ്മുടെ സമൂഹത്തിനും വേദനയുളവാക്കുന്നു. ആരും അവരുടെ പശ്ചാത്തലമോ വംശീയമോ പാരമ്പര്യമോ മൂലം ആക്രമിക്കപ്പെടരുത്. വൈവിധ്യങ്ങളാൽ സമ്പുഷ്ടമായതിനാൽ ഇന്ത്യാന യൂനിവേഴ്സിറ്റിയിലെ സമൂഹം കൂടുതൽ ശക്തരാണ് - ജെയിംസ് വിംബുഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.