'കാല് മുറിച്ചുകളയൂ' എന്ന ക്രൂരമായ കമന്‍റ്; ശരീരം കൊണ്ടും മനസുകൊണ്ടും ഞാന്‍ സുന്ദരിയെന്ന് മഹോഗനിയുടെ മറുപടി -നീരുെവച്ച കാലുമായി ഒരു മോഡലിന്‍റെ ജീവിതം
text_fields'ഭയം തോന്നാതിരിക്കുന്നവനല്ല ധൈര്യവാൻ, ഭയത്തെ കീഴടക്കുന്നവനാണ്' -യുഗപുരുഷൻ നെൽസൻ മണ്ടേലയുടെ ഈ വാക്കുകളാണ് മഹോഗനി ഗെറ്ററിന്‍റെ ജീവിതത്തെ അടയാളപ്പെടുത്തുന്നത്. അമേരിക്കയിലെ ടെന്നിസീയിലെ നോക്സ്വില്ലിൽ നിന്നുള്ള 23കാരിയായ മഹോഗനി വളർന്നുവരുന്നൊരു മോഡലാണ്. അസാധാരണമാം വിധം നീരുവെച്ച ഇടതുകാൽ ആണ് മഹോഗനിക്കുള്ളത്. എന്നാല്‍ തന്‍റെ വൈകല്യത്തെ ഭയന്ന് വീട്ടിനുള്ളിൽ മറഞ്ഞിരിക്കാൻ അവൾ ഒരുക്കമായിരുന്നില്ല. പകരം ഒരു മോഡലായി തിളങ്ങാനുള്ള ശ്രമത്തിലാണ്. ഇതിനിടെ നേരിടേണ്ടി വരുന്ന അപമാനങ്ങളെയും ആത്മവിശ്വാസത്തോടെ നേരിടുകയാണ് അവൾ.
തന്‍റെ വൈകല്യത്തെ മറച്ചുവെക്കാതെ അതിനെ മറികടക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം പങ്കുവെച്ചാണ് മഹോഗനി ശ്രദ്ധേയയായത്. അതേസമയം, വ്യക്തിഹത്യ നടത്തിയും പരിഹസിച്ചുമുള്ള കമന്‍റുകൾ ഈ ചിത്രങ്ങൾക്ക് ലഭിക്കാറുമുണ്ട്. 'കാല് മുറിച്ചു കളയൂ, അപ്പോള്‍ കൂടുതല്‍ നന്നായിരിക്കും', 'കണ്ടാല്‍ അന്യഗ്രഹജീവിയെ പോലെ തോന്നുന്നു' തുടങ്ങിയ ക്രൂരമായ കമന്‍റുകളാണ് മഹോഗനിക്ക് ലഭിച്ചത്. എന്നാൽ, 'ഞാനിപ്പോള്‍ ഒരു പ്രചോദനമാണ്. ശരീരം കൊണ്ടും മനസുകൊണ്ടും ഞാന്‍ സുന്ദരിയാണ്. എന്‍റെ ശരീരത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു' എന്ന മറുപടി നൽകിയാണ് മഹോഗനി ഈ കമന്‍റുകളെ നേരിട്ടത്. കളിയാക്കുന്നവരെക്കാൾ അഭിനന്ദിക്കുന്നവരാണ് കൂടുതലെന്നത് മഹോഗനിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ജന്മനാ തന്നെ ലിംഫെഡീമ (lymphedema) എന്ന രോഗം മഹോഗനിക്കുണ്ട്. ശരീരത്തിലെ മൃദുവായ കോശങ്ങളില്‍ അധികമായ ദ്രാവകം ശേഖരിക്കുകയും ആ ശരീരഭാഗങ്ങള്‍ അസാധാരണമാംവിധം നീരു െവക്കുകയും ചെയ്യുന്ന അവസ്ഥയാണ് ലിംഫെഡീമ. മഹോഗനിയുടെ ഇടതുകാലിനെയാണ് ഈ രോഗം ബാധിച്ചത്. ഈ കാലിന് മാത്രം 45 കിലോയാണ് ഭാരം. തന്‍റെ അവസ്ഥയെക്കുറിച്ചും ഇത്തരം രോഗം ബാധിക്കുന്നവരെകുറിച്ചുമൊക്കെ മറ്റുള്ളവരെ ബോധവത്കരിക്കാനും മഹോഗനി തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കാറുണ്ട്.
'ജനിച്ചയുടൻ എന്‍റെ രോഗം കണ്ടെത്തിയിരുന്നു. കുട്ടിക്കാലത്ത് ദൈവം എന്നെ ശപിച്ചതാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. വിഷമം വരുമ്പോള്‍ ആരും കാണാതെ കരഞ്ഞിരുന്ന കുട്ടിക്കാലമായിരുന്നു എേന്റത്. എന്നാല്‍, മുതിർന്നതോടെ ഞാൻ സ്വയം അംഗീകരിക്കാന്‍ പഠിച്ചത് എന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. ഇന്ന് എന്നെ പിന്തുണക്കുന്നവർ നിരവധിയാണ്. ഫാഷന്‍ മോഡലിങില്‍ എേന്റതായ ഒരു സ്ഥാനമുണ്ടാക്കാനാണ് ശ്രമം. അമ്മയായ തിമിക്ക എല്ലാ പ്രതിസന്ധിയിലും പിന്തുണയുമായി കൂടെയുണ്ട്' -മഹോഗനി പറയുന്നു.
നിലവിൽ ഈ അവസ്ഥക്ക് ചികിത്സയൊന്നുമില്ല. ഇത് മൂലമുണ്ടാകുന്ന വേദന കുറക്കാനുള്ള മരുന്നുകൾ മാത്രമാണുള്ളത്. മസാജ്, കംപ്രഷന്‍ ഡ്രസ്സിങ്, ഫിസിയോതെറാപ്പി എന്നിവയാണ് കാലിന് പ്രധാനമായും നല്‍കുന്ന ചികിത്സ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.