ട്രംപ് വധശ്രമം ഗുരുതര സുരക്ഷ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: തെരഞ്ഞെടുപ്പ് റാലിക്കിടെ പെൻസൽവേനിയയിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപിനു നേരെയുണ്ടായ വധശ്രമം ഗുരുതര സുരക്ഷ വീഴ്ചയാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ആക്രമണം ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും സംഭവത്തെക്കുറിച്ച് യു.എസ് കോൺഗ്രസിന്റെ സമിതി നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കി.
ഏഴ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും ആറ് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളും അടങ്ങുന്ന ടാസ്ക് ഫോഴ്സ് തയാറാക്കിയ ആയിരക്കണക്കിന് പേജുകളുള്ള റിപ്പോർട്ട് തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്.
രാജ്യത്തിന്റെ തലവന്മാർക്കും പ്രമുഖ നേതാക്കൾക്കും സുരക്ഷ നൽകാൻ ചുമതലപ്പെടുത്തിയ സീക്രറ്റ് സർവിസ് വിഭാഗം ഉത്തരവാദിത്തം ശരിയായി നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു. റാലി നടന്ന ബട്ട്‍ലറിലെ പ്രാദേശിക അധികൃതരുമായി സീക്രറ്റ് സർവിസ് ആശയവിനിമയം നടത്തിയില്ല.
സുരക്ഷഭീഷണിയാണെന്ന് അറിഞ്ഞിട്ടും ട്രംപിനെതിരെ വെടിയുതിർക്കാൻ തോമസ് മാത്യു ക്രൂക്സ് കയറിയ കെട്ടിടം പരിശോധിക്കാനോ പ്രവേശനം തടയാനോ ശ്രമിച്ചില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. തോമസ് മാത്യു ക്രൂക്സിന്റെ പെരുമാറ്റം സംശയാസ്പദമായിട്ടും പിടികൂടാൻ കഴിയാതിരുന്നത് പെൻസൽവേനിയ സ്റ്റേറ്റ് പൊലീസും സീക്രറ്റ് സർവിസും തമ്മിലുള്ള ആശയവിനിമയത്തിലെ പാളിച്ചയാണെന്നും റിപ്പോർട്ട് പറയുന്നു.
ജൂലൈ 13ന് നടന്ന ആക്രമണത്തിൽ ട്രംപിന്റെ ചെവിക്ക് വെടിയേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.