കൊറോണ വൈറസ് ബീറ്റ വകഭേദത്തെ നേരിടാന്‍ വാക്‌സിന്‍ ബൂസ്റ്റര്‍ പരീക്ഷണവുമായി ആസ്ട്രസെനേക
text_fieldsലണ്ടന്‍: ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസിന്റെ ബീറ്റ വകഭേദത്തെ നേരിടാന്‍ ബൂസ്റ്റര്‍ വാക്‌സിന്‍ പരീക്ഷണവുമായി ആസ്ട്രസെനേകയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ബീറ്റ വകഭേദത്തിനെതിരെ കൂടുതല്‍ ഫലപ്രദമായ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനാണ് പരീക്ഷണം. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, പോളണ്ട് എന്നിവിടങ്ങളിലെ 2250 പേരിലാണ് പരീക്ഷണം നടക്കുന്നത്.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും വാക്‌സിന്‍ സ്വീകരിക്കാത്തവരും പരീക്ഷണത്തിന്റെ ഭാഗമാകുന്നുണ്ട്. AZD816 എന്ന പേരിലറിയപ്പെടുന്ന പുതിയ വാക്‌സിന്‍ ആസ്ട്രസെനേകയുടെ നിലവിലെ വാക്‌സിന്റെ സമാന അടിസ്ഥാന ഘടനയുള്ളതാണ്. ബീറ്റ വകഭേദത്തെ നേരിടാനായി സ്‌പൈക്ക് പ്രോട്ടീനില്‍ ജനിതക മാറ്റം വരുത്തിയാണ് പുതിയ ബൂസ്റ്റര്‍ വാക്‌സിന്‍ വികസിപ്പിച്ചത്.
നിലവില്‍ കൊറോണ വൈറസിനെതിരെ ഫലപ്രദമായ നിരവധി വാക്‌സിനുകള്‍ ലഭ്യമാണെങ്കിലും വൈറസിന്റെ ജനിതക വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ഇതിനനുസൃത മാറ്റങ്ങളുള്ള വാക്‌സിനുകള്‍ ആവശ്യമായി വരും. ഇതിനായാണ് ബൂസ്റ്റര്‍ വാക്‌സിനുകള്‍ വികസിപ്പിക്കുന്നത്. ഇവ വൈറസ് വകഭേദത്തെ ചെറുക്കാന്‍ ഫലപ്രദമാണെന്ന് തെളിയുകയാണെങ്കില്‍, നേരത്തെ വാക്‌സിനെടുത്തവരും പുതിയ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.