താലിബാൻ മന്ത്രിമാരിൽ 14 പേർ രക്ഷാസമിതി കരിമ്പട്ടികയിലുള്ളവർ
text_fieldsകാബൂൾ: താലിബാെൻറ ഇടക്കാല സർക്കാറിലെ 14 മന്ത്രിമാർ യു.എൻ രക്ഷാസമിതിയുടെ ഭീകരപ്പട്ടികയിലുൾപ്പെട്ടവർ. 33 അംഗ മന്ത്രിസഭയിലെ ആക്ടിങ് പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദ്, ഒന്നാം ഉപപ്രധാനമന്ത്രി അബ്ദുൽ ഗനി ബറാദർ, രണ്ടാം ഉപപ്രധാനമന്ത്രി അബ്ദുസലാം ഹനഫി ഉൾപ്പെടെയുള്ളവർ യു.എൻ കരിമ്പട്ടികയിലുണ്ട്.
ഭീകരപട്ടികയിൽ പ്രത്യേകമായുള്ള സിറാജുദ്ദീൻ ഹഖാനിയാണ് പുതിയ ആഭ്യന്തര മന്ത്രി. ഹഖാനിയുടെ തലക്ക് ഒരു കോടി ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്. ഇദ്ദേഹത്തിെൻറ അമ്മാവൻ ഖലീൽ ഹഖാനിയാണ് അഭയാർഥികാര്യ മന്ത്രി. പ്രതിരോധ മന്ത്രി യഅ്ഖൂബ്, വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി, സഹമന്ത്രി ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി എന്നിവർ യു.എൻ രക്ഷാസമിതിയുടെ 1988ലെ ഉപരോധ പട്ടികയിലുൾപ്പെട്ടവരാണ്.
മന്ത്രിമാരായ അബ്ദുല്ലത്തീഫ് മൻസൂർ (ജലം, ഊർജം), നജീബുല്ല ഹഖാനി വാർത്തവിതരണം), ഖാരി ദീൻ ഹനീഫ് (സാമ്പത്തികം), നൂർ ജലാൽ (ആഭ്യന്തര സഹമന്ത്രി) എന്നിവരും പട്ടികയിലുണ്ട്.
യു.എസിെൻറ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയിലടക്കപ്പെട്ട 'താലിബാൻ ഫൈവി'ലെ നാലുപേർ മന്ത്രിസഭയിലുണ്ട്. മുഹമ്മദ് ഫാസിൽ (ഉപ പ്രതിരോധ മന്ത്രി), ഖൈറുല്ല ഖൈർഖ്വ (വാർത്ത വിതരണം, സാംസ്കാരികം), നൂറുല്ല നൂരി (അതിർത്തി ഗോത്രകാര്യം), അബ്ദുൽ ഹഖ് വാസിഖ് (രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ) എന്നിവരാണത്. അഞ്ചാമൻ മുഹമ്മദ് നബി ഉമരി ഖോസ്ത് പ്രവിശ്യ ഗവർണറാണ്. 2014ൽ ഒബാമ ഭരണകാലത്ത് യു.എസ് സൈനികൻ ബോവി ബെർഗദലിന് പകരമായാണ് ഈ അഞ്ചുപേരെയും ഗ്വാണ്ടനാമോയിൽ നിന്ന് മോചിപ്പിച്ചത്.
ഇതിലുൾപ്പെട്ട ഫാസിൽ, നൂരി എന്നിവർ 1998ൽ ശിയ ഹസാര, താജിക്, ഉസ്ബെക് വിഭാഗങ്ങളെ കൂട്ടക്കുരുതി നടത്തിയ സംഭവത്തിൽ പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.