ഗ്രീസിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 16 പേർ മരിച്ചു
text_fieldsപരോസ്: ഗ്രീസിൽ അഭയാർഥികളും കുടിയേറ്റക്കാരും സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 16 പേർ മരിച്ചു. പരോസ് ദ്വീപിനു സമീപം 80ഓളം അഭയാർഥികളുമായി പോയ ബോട്ടാണ് തല കീഴായി മറിഞ്ഞത്.
തുർക്കിയിൽനിന്ന് ഇറ്റലിയിലേക്ക് പോകുന്ന അഭയാർഥികളാണ് വെള്ളിയാഴ്ച രാത്രി അപകടത്തിൽപെട്ടത്. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഗ്രീസിൽ അഭയാർഥി ബോട്ടുകൾ അപകടത്തിൽപെടുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പാരോസ് ദ്വീപിൽനിന്ന് എട്ടു കിലോമീറ്റർ ദൂരത്തിലാണ് ബോട്ട് മറിഞ്ഞത്. 63 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
കോസ്റ്റ് ഗാർഡിന്‍റെ അഞ്ചു ബോട്ടുകളും വ്യോമസേനയുടെ ഹെലികോപ്ടറും സി-130 വിമാനവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന ആളുകൾക്ക് യൂറോപ്യൻ യൂനിയനിലേക്കെത്തുന്നതിന് ഏറ്റവും പ്രശസ്തമായ റൂട്ടുകളിൽ ഒന്നാണ് ഗ്രീസ്.
തുർക്കി തീരത്ത് നിന്ന് അടുത്തുള്ള കിഴക്കൻ ഈജിയൻ ഗ്രീക്ക് ദ്വീപുകളിലേക്ക് ചെറുതോണികളിലാണ് മിക്കവരും സഞ്ചരിക്കാറുള്ളത്. എന്നാൽ പട്രോളിങ് വർധിപ്പിക്കുകയും, പിടിക്കപ്പെടുന്നവരെ തിരികെ തുർക്കിയിലേക്ക് നാടുകടത്തുമെന്ന് ഭയന്ന് പലരും വലിയ കപ്പലുകളിൽ ദൈർഘ്യമേറിയ വഴികളിലൂടെയാണ് സഞ്ചാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.