തെക്കൻ പാകിസ്താനിൽ ശക്തമായ ഭൂകമ്പവും മണ്ണിടിച്ചിലും; വീടുകൾ തകർന്ന് 20 മരണം
text_fieldsഇസ് ലാമാബാദ്: തെക്കൻ പാകിസ്താനിലെ ക്വറ്റ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 20 മരണം. 200ഒാളം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരു സ്ത്രീയും ആറു കുട്ടികളും ഉൾപ്പെടുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പുലർച്ചെ മൂന്നരയോടെയാണ് റിക്ടർ സ്കെയിലിൽ 5.7 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെട്ടത്. വടക്ക് കിഴക്കൽ ബലൂചിസ്താനിലെ ക്വറ്റ പ്രവിശ്യയിൽ 100 കിലോമീറ്റർ അകലെ ഹർണായി ജില്ലയിലാണ് സംഭവം. ഭൂമിക്കടിയിൽ 20.8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയും യു.എസ് ജിയോളജിക്കൽ സർവെയും സ്ഥിരീകരിച്ചു.
ഹർണായി പ്രദേശത്തെ നിരവധി വീടുകൾ പൂർണമായി തകർന്നു. ഭിത്തിയും മേൽക്കൂരയും തകർന്നു വീണാണ് കൂടുതൽ മരണങ്ങളും സംഭവിച്ചത്. ഹരിണായിലെ ഭൂരിപക്ഷം വീടുകളും മണ്ണും കല്ലും കൊണ്ട് നിർമിച്ചതാണ്.
ഭൂകമ്പത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്ന് പ്രവിശ്യ മന്ത്രി സിയ ലാൻഗോവ് വ്യക്തമാക്കി. പാകിസ്താനിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും കുറവ് വികസനവുമുള്ള മേഖലയാണ് ബലൂചിസ്താൻ.
2005 ഒക്ടോബറിലുണ്ടായ 7.6 തീവ്രതയുള്ള ഭൂകമ്പത്തിൽ 73,000 പേർ മരിക്കുകയും 3.5 ദശലക്ഷം പേർ ഭവനരഹിതരാവുകയും ചെയ്തു. 2015 ഒക്ടോബറിൽ 7.5 തീവ്രതയുള്ള ഭൂകമ്പത്തിൽ പാകിസ്താനിലും അഫ്ഗാനിലും കൂടി 400 പേർ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.