മെഡിറ്ററേനിയനിൽ അഭയാർഥി ബോട്ട് മുങ്ങി 41 മരണം
text_fieldsറോം: ഇറ്റാലിയൻ ദ്വീപായ ലാംപെഡുസ ലക്ഷ്യമിട്ട് ടുണീഷ്യയിലെ എസ്ഫാക്സിൽനിന്ന് അഭയാർഥികളുമായി പോയ ബോട്ട് മുങ്ങി 41 പേർ മരിച്ചു. ടുണീഷ്യൻ തീരത്തിനു സമീപം സിദി മൻസൂറിനോടു ചേർന്നാണ് ബോട്ട് കാറ്റിലും കോളിലും തകർന്നത്. ഒരു കുട്ടിയുൾപെടെ 41 പേരുടെ മൃതദേഹങ്ങൾ കെണ്ടത്തിയതായി ടുണീഷ്യൻ തീരദേശ സേന പറഞ്ഞു. അവശേഷിച്ചവർക്കായി തിരച്ചിൽ തുടരുകയാണ്.
ആഫ്രിക്കയിൽനിന്നും ഏഷ്യൻ രാജ്യങ്ങളിൽനിന്നും യൂറോപ് ലക്ഷ്യമിട്ട് നീങ്ങുന്ന ആയിരക്കണക്കിന് അഭയാർഥികൾ പ്രധാനമായി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് എസ്ഫാക്സ്. കഴിഞ്ഞ മാസവും ഇതേ തീരത്തുനിന്ന് പുറപ്പെട്ട ബോട്ട് മുങ്ങി 39 പേർ മരിച്ചിരുന്നു. കഴിഞ്ഞ വർഷം 60ലേറെ പേരാണ് സമാന ദുരന്തത്തിനിരയായത്.
മനുഷ്യക്കടത്തു സംഘങ്ങൾ റബർ വള്ളങ്ങളിേലാ ഉപേക്ഷിച്ച മത്സ്യബന്ധ ബോട്ടുകളിലോ അഭയാർഥികളെ കുത്തിനിറച്ച് കടലിൽ ഇറക്കിവിടുന്നത് പതിവു കാഴ്ചയാണ്. ഇവയിൽ ചിലത് മറുകര താണ്ടുമെങ്കിലും അപകടങ്ങളുമേറെ. ആഫ്രിക്കയിലും പരിസരങ്ങളിലും കൊടിയ പട്ടിണിയിൽ മുങ്ങി ജീവിതത്തിന്‍റെ മറുകര പിടിക്കാൻ ആയിരങ്ങളാണ് നാടുവിടുന്നത്. കഴിഞ്ഞ വർഷം ടുണീ്ഷ്യയിൽനിന്ന് ഇങ്ങനെ കടൽ കടക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചതായി യു.എൻ അഭയാർഥി ഏജൻസി പറയുന്നു.
2014നു ശേഷം മാത്രം ആഫ്രിക്കയിൽനിന്ന് യൂറോപിലേക്ക് കടക്കുന്നതിനിടെ കടലിൽ ജീവിതം നഷ്ടമായത് 20,000 ലേറെ പേർക്കാണ്. ഇൗ വർഷം മാത്രം മെഡിറ്ററേനിയനിൽ 406 പേർ മരിച്ചതായി രാജ്യാന്തര കുടിയേറ്റ സംഘടന (ഐ.ഒ.എം) പറയുന്നു.
അതേ സമയം, ഇൗ വർഷം ഇതുവരെയായി ഇറ്റലിയിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണം 8,500 ലേറെയാണ്. ഇവരിൽ ഏറ്റവും കൂടുതൽ ടുണീഷ്യയിൽനിന്നാണ്. സമാനമായി, ലിബിയയിൽനിന്നാണ് യൂറോപ് ലക്ഷ്യമിട്ട് കുടിയേറുന്നവർ കൂടുതൽ, ബോട്ടപകടങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.