രണ്ടു മാസത്തിനിടെ മ്യാൻമർ പട്ടാളം കൊന്നത് 43 കുട്ടികളെ
text_fieldsയാംഗോൻ: അശാന്തിയുടെ ഇരുട്ടറയിൽ നിന്ന് മോചിതമാവാതെ മ്യാൻമർ. കഴിഞ്ഞ രണ്ടു മാസത്തിനിടെ മ്യാൻമറിൽ പട്ടാള ഭരണകൂടം കൊലപ്പെടുത്തിയത് 43 കുട്ടികളെ. അന്താരാഷ്ട്ര ശിശു സംരക്ഷണ ഏജൻസിയാണ് കഴിഞ്ഞ ദിവസം ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്.
ഏഴു മുതൽ 13 വയസ്സുവരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. ഇവരിൽ തന്നെ അധിക പേരും കൊല്ലപ്പെട്ടത് വീട്ടിൽവെച്ചാണെന്നതും ഗൗരവമേറുന്നു.
പിതാവിന് സമീപത്തേക്ക് ഒാടിയെത്തിയ ഏഴു വയസ്സുകാരി കിൻ മിയോ ചിത് ആണ് ഒടുവിലത്തെ ഇര. രണ്ടു മാസം പ്രായമുള്ള കുട്ടിയുടെ കണ്ണുകൾ പട്ടാളത്തിെൻറ റബർ ബുള്ളറ്റുകൾ ഏറ്റ് തകർന്നുപോയ വാർത്തയും അടുത്തിടെ പുറത്തുവന്നിരുന്നു.
യാംഗോനിലെ ഒരു തെരുവിൽ കളിക്കുന്നതിനിടെയാണ് 13കാരന് നെഞ്ചിൽ വെടിയേൽക്കുന്നത്. ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതിലൂടെ പട്ടാള ഭരണകൂടം രാജ്യത്ത് അശാന്തിയുടെ ഇരുട്ടറ തന്നെ സൃഷ്ടിച്ചിരിക്കുന്നു. കിഴക്ക് പൂർവേഷ്യൻ രാജ്യമായ മ്യാൻമറിൽ നിലനിൽക്കുന്നത് അതിഭയാനകമായ സാഹചര്യമാണെന്നാണ് അന്താരാഷ്ട്ര ശിശു സംരക്ഷണ ഏജൻസി നൽകുന്ന മുന്നറിയിപ്പ്. ഇക്കഴിഞ്ഞ െഫബ്രുവരിയിൽ സമാധാന നൊബേൽ ജേതാവും മ്യാൻമർ ദേശീയ നേതാവുമായ ഒാങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള പാർട്ടി തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയതോടെയാണ് മ്യാൻമർ വീണ്ടും ലോക ശ്രദ്ധയാകർഷിച്ചത്.
തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് ജനാധിപത്യ സർക്കാറിനെ സൈനിക ജണ്ട അട്ടിമറിക്കുകയായിരുന്നു.
ഇതിനെതിരെ പതിനായിരങ്ങൾ തെരുവിലിറങ്ങിയതോടെയാണ് സൈനിക ഭരണകൂടം അടിച്ചമർത്തലിെൻറ പാതയിലേക്ക് തിരിഞ്ഞത്. പ്രതിഷേധത്തിനിടെ 536 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നാണ് ഒൗദ്യോഗിക കണക്ക്. എന്നാൽ, ഇതിലും ഏറെയാണ് മരണ നിരക്കെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ വിലയിരുത്തൽ.
സൈനിക അടിച്ചമർത്തൽ തുടരുന്നതിനെതിരെ മ്യാൻമറിലെ യു.എൻ പ്രതിനിധിയും മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.