വിമാനത്തിന് ആകാശത്തുവച്ചു തന്നെ തീപിടിച്ചു; തകർന്നു വീണത് ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷമെന്ന് റിപ്പോർട്ട്
text_fieldsനേപ്പാളിൽ വിമാനം തകർന്നു വീണ വാർത്തയുടെ ഞെട്ടലിലാണ് ലോകം. 30 വർഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ വിമാനാപകടമാണിത്. വിമാനത്തിന് ആകാശത്തുവച്ചു തന്നെ തീപിടിച്ചതായും തകർന്നു വീണത് ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷമെന്നും റിപ്പോർട്ട്. ഞായറാഴ്ച രാവിലെ 10.33നാണ് യതി എയർലൈൻസിന്റെ 9എൻ– എഎൻസി എടിആർ–72 വിമാനം കാഠ്മണ്ഡു വിമാനത്താവളത്തിൽനിന്നു പറന്നുയർന്നത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു 10 സെക്കൻഡ് മാത്രം ബാക്കിനിൽക്കെയാണ് ദുരന്തമുണ്ടായതെന്ന് എയർ ട്രാഫിക് കൺട്രോൾ അധികൃതർ പറയുന്നു.നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വലിയ ശബ്ദത്തോടെ താഴേക്കു പതിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരിക്കയാണ്.
പൊഖാറ വിമാനത്താവളത്തിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് റൺവേ നിർമിച്ചിരിക്കുന്നത്. ആദ്യം പൈലറ്റ് കിഴക്ക് ദിശയിൽ ലാൻഡിങ് ആവശ്യപ്പെടുകയും അനുമതി നൽകുകയും ചെയ്തു. പിന്നീട് പടിഞ്ഞാറൻ ദിശയിൽ ഇറങ്ങാൻ അനുമതി ചോദിച്ചതോടെ വീണ്ടും അനുമതി നൽകി. എന്നാൽ ലാൻഡിങ്ങിന് പത്തു സെക്കൻഡ് മുൻപ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ വിമാനത്താവളം തൽക്കാലം അടച്ചിട്ടിരിക്കുകയാണ്. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 68 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്നു നവജാത ശിശുക്കളും മൂന്നു കുട്ടികളും ഉൾപ്പെടുന്നു. ഇതു കൂടാതെ നാല് ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. ഇന്ത്യക്കാരുടെ തൽസ്ഥിതി സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. ആകെ 15 വിദേശികളാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. റഷ്യ–4, അയർലൻഡ്–1, ദക്ഷിണ കൊറിയ– 2, ഒാസ്ട്രേലിയ–1, ഫ്രാൻസ്–1, അർജന്റീന–1 എന്നിങ്ങനെയാണ് മറ്റു വിദേശയാത്രക്കാരുടെ കണക്ക്.
സാങ്കേതിക തകരാറു മൂലമാണ് വിമാനം തകർന്നതെന്നാണ് പ്രാഥമിക വിവരമെന്ന് എയർ ട്രാഫിക് കൺട്രോൾ അധികൃതർ പറഞ്ഞു. പൊഖാറയിലെ പഴയ ആഭ്യന്തര വിമാനത്താവളത്തിനും പുതിയ രാജ്യാന്തര വിമാനത്താവളത്തിനും ഇടയിൽ, സേതി നദിക്കു സമീപമുള്ള മലയിടുക്കിലേക്കാണ് വിമാനം തകർന്നുവീണത്. കെ.സി.കമൽ, അഞ്ജു ഖതിവാഡ എന്നീ മുതിർന്ന പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഈ മാസം ഒന്നിനാണ് പൊഖാറയിലെ പുതിയ രാജ്യാന്തര വിമാനത്താവളം തുറന്നത്. ചൈനയുടെ സഹായത്തോടെയാണ് വിമാനത്താവളം നിർമിച്ചത്. വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നേപ്പാൾ സർക്കാർ അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയമിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.