സിറിയയിൽ സുരക്ഷസേനയും അസദ് അനുകൂലികളും ഏറ്റുമുട്ടി; 70 മരണം
text_fieldsഡമസ്കസ്: സിറിയയിലെ മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദിന്റെ അനുയായികളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെട്ടു. സർക്കാർ നിയന്ത്രണത്തിൽ വരാത്ത തീരമേഖലയിലാണ് സംഭവം.
ഇതിന് പിന്നാലെ, സംഘർഷമുണ്ടായ ലടാകിയ, ടാർടസ് എന്നിവിടങ്ങളിലേക്കും സമീപ പട്ടണങ്ങളിലേക്കും സർക്കാർ കൂടുതൽ സേനയെ അയച്ചു. അസദിനെ പിന്തുണക്കുന്ന അലവി വിഭാഗത്തിന്റെ സ്വാധീന പ്രദേശങ്ങളാണിത്. ഇസ്ലാമിസ്റ്റ് നേതാവ് ഹയാത് തെഹ്രീറൽ ഷാമിന്റെ നേതൃത്വത്തിൽ ഡിസംബറിൽ അസദിനെ സ്ഥാനഭൃഷ്ടനാക്കി അധികാരം പിടിച്ചതിനുപിന്നാലെ നടക്കുന്ന സംഘർഷങ്ങളിൽ ഏറ്റവും ആളപായമുണ്ടായ സംഭവമാണ് കഴിഞ്ഞ ദിവസത്തേത്.
സിറിയയിൽ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ
അസദിന്റെ പതനത്തിനുശേഷം ന്യൂനപക്ഷമായ അലവി വിഭാഗത്തിനുനേരെ സിറിയയിൽ ആക്രമണങ്ങളുണ്ടാകുന്നുണ്ട്. അസദിന്റെ സമുദായ വിഭാഗമാണിത്. ഏതെങ്കിലും വിഭാഗത്തിനെതിരായ നീക്കത്തിന് തങ്ങൾ എതിരാണെന്ന നിലപാടാണ് പുതിയ ഭരണകൂടം ഔദ്യോഗികമായി സ്വീകരിച്ചിട്ടുള്ളത്. ലടാകിയയിൽ കർഫ്യൂ പ്രഖ്യാപിച്ചതിനാൽ റോഡിലൊന്നും ജനങ്ങളെ കാണാനുണ്ടായിരുന്നില്ല. കൂടുതൽ സേനയെ വിന്യസിച്ചതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് സർക്കാർ പറയുന്നത്.
കൊല്ലപ്പെട്ടവരിൽ 35 പേർ സൈനികരും 32 പേർ അസദ് അനുകൂലികളായ വിമതരുമാണെന്ന് ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻറൈറ്റ്സ്’ അറിയിച്ചു. നാലു സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. തീരനഗരങ്ങളായ ബനിയാസ്, ജബലിഹ് എന്നീ പ്രദേശങ്ങൾ ഇപ്പോഴും അസദ് അനുകൂലികളുടെ നിയന്ത്രണത്തിലാണെന്ന് റിപ്പോർട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.