ജപ്പാൻ ഭൂകമ്പത്തിൽ 13 മരണം; പുതുവർഷ ദിനത്തിലുണ്ടായത് 155 ഭൂചലനങ്ങൾ
text_fieldsടോക്യോ: പുതുവർഷദിനത്തിൽ ജപ്പാനിലെ പടിഞ്ഞാറൻ തീരനഗരമായ ഇഷിക്കാവയിലുണ്ടായ ശക്തമായ ഭൂചനങ്ങളിൽ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധി കെട്ടിടങ്ങൾ തകർന്നു. ഭൂകമ്പത്തെ തുടർന്ന് സൂനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് മുന്നറിയിപ്പിന്‍റെ തീവ്രത കുറച്ചു. തീരമേഖലയിൽ നിന്ന് ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിരുന്നു. അതേസമയം, തുടർചലനങ്ങൾ പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പുണ്ട്.
തിങ്കളാഴ്ച വൈകീട്ട് റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ആകെ 155 ഭൂചലനങ്ങൾ മേഖലയിൽ അനുഭവപ്പെട്ടതായാണ് ജപ്പാൻ ഭൂകമ്പ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. വരുംദിവസങ്ങളിൽ തുടർചലനങ്ങൾക്കുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇഷിക്കാവയിൽ പലയിടത്തും റോഡും വൈദ്യുതിവിതരണവും തകർന്നു. 33,000 വീടുകളിലേക്കുള്ള വൈദ്യുതി നിലച്ചിരിക്കുകയാണ്.
തിങ്കളാഴ്ച വൈകീട്ട് നാലിനു ശേഷമാണ് ഇഷിക്കാവ തീരത്ത് തുടർച്ചയായി ഭൂചലനങ്ങൾ വിവിധയിടങ്ങളിൽ അനുഭവപ്പെട്ടത്. ഇതിലൊന്ന് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. തുടർന്നാണ് ഇഷികാവ, ഹോൻഷു, ഹൊക്കായ്ഡോ ദ്വീപുകളിൽ സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അഞ്ചര മീറ്റർ ഉയരത്തിൽ തിരമാല ആഞ്ഞടിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. പലയിടത്തും ഒന്നരമീറ്ററോളം ഉയരത്തിൽ തിരമാലകളെത്തി.
ഭൂചലനത്തെ തുടർന്ന് വൈദ്യുതിയടക്കം നിലച്ചു. ജനങ്ങൾ തെരുവിലൂടെ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ഭൂചലനമുണ്ടായ പ്രദേശങ്ങളിൽ ബുള്ളറ്റ് ട്രെയിനുകൾ ഓട്ടം നിർത്തി. ദേശീയപാതകൾ പലതും അടച്ചു. കുടിവെള്ള പൈപ്പുകൾ തകർന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.