താലിബാന് സുരക്ഷിത താവളമൊരുക്കുന്നത് പാകിസ്താൻ- യു.എന്നിൽ തുറന്നടിച്ച് അഫ്ഗാൻ
text_fieldsന്യൂയോർക്ക്: രാജ്യത്ത് ആക്രമണങ്ങൾ അഴിച്ചുവിടുന്ന താലിബാന് സുരക്ഷിത താവളമൊരുക്കുന്നത് പാകിസ്താൻ ആണെന്ന് െഎക്യരാഷ്ട്ര സഭയിൽ തുറന്നടിച്ച് അഫ്ഗാനിസ്താൻ. യു.എൻ രക്ഷാസമിതി യോഗത്തിൽ അഫ്ഗാന്റെ സ്ഥിരം പ്രതിനിധി ഗുലാം എം. ഇസക്സായ് ആണ് പാകിസ്താനെതിെര രംഗത്തെത്തിയത്. പാകിസ്താൻ താലിബാന് സുരക്ഷിത താവളമൊരുക്കുക മാത്രമല്ല, ആവശ്യമായ യുദ്ധ സാമഗ്രികൾ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ അധ്യക്ഷത വഹിക്കുന്ന യു.എൻ രക്ഷാസമിതിയിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രി ഹനീഫ് ആത്മറിന്‍റെ ആവശ്യപ്രകാരമാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്‍റെ നിർദേശപ്രകാരം അഫ്ഗാൻ പ്രശ്നം ചർച്ച ചെയ്യുന്നത്. യുദ്ധക്കെടുതിയിൽ വലയുന്ന അഫ്ഗാനിൽ 'പ്രാകൃത പ്രവൃത്തികൾ' നടത്തുന്ന താലിബാൻ തനിച്ചല്ലെന്നും വിദേശ തീവ്രവാദ ശൃംഖലകളിൽ നിന്നും അവർക്ക് സഹായം ലഭിക്കുന്നുണ്ടെന്നും ഗുലാം ചൂണ്ടിക്കാട്ടി. അഫ്ഗാനിലെ മാത്രമല്ല, മേഖലയിലെയും പുറത്തെയും സമാധാനത്തിനും സുരക്ഷക്കും സുസ്ഥിരതക്കും താലിബാൻ ഭീഷണിയാണ്. അൽ ഖ്വയ്ദ, ലശ്കറെ ത്വയിബ, തെഹ‌്‌രീകെ താലിബാൻ, പാകിസ്താൻ,ഐ.എസ് ഉൾപ്പെടെ 20 സംഘടനകളിലെ 10,000ലേറെ വിദേശ പോരാളികളുടെ നേരിട്ടുള്ള പിന്തുണ താലിബാന് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഫ്ഗാനിലേക്ക് പ്രവേശിക്കാന്‍ താലിബാന്‍കാർ ഡ്യുറന്‍ഡ് ലൈനിന് സമീപം ഒത്തുകൂടുന്നതും അവരുടെ ഫണ്ട് ശേഖരണ പരിപാടികളും കൂട്ട ശവസംസ്‌കാരത്തിനായി മൃതദേഹങ്ങള്‍ കൈമാറുന്നതും പാകിസ്താന്‍ ആശുപത്രികളില്‍ പരിക്കേറ്റ താലിബാന്‍കാർക്ക് ചികിത്സ നൽകുന്നതുമൊക്കെ ഗ്രാഫിക് റിപ്പോര്‍ട്ടുകളും വീഡിയോകളും ഉയര്‍ത്തിക്കാട്ടി അദ്ദേഹം വിശദീകരിച്ചു. താലിബാന്റെ അക്രമങ്ങൾ കാരണം രാജ്യത്തെ സ്ഥിതി അതിവേഗം വഷളായ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിക്കാൻ നിർബന്ധിതമായതെന്നും ഗുലാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.