ജറൂസലേമിനെ സംരക്ഷിക്കാൻ മുസ്ലിംകളും ക്രിസ്ത്യാനികളും ഒന്നിക്കണമെന്ന് ആർച്ച് ബിഷപ് അതല്ല ഹന്ന
text_fieldsവെസ്റ്റ് ബാങ്ക്: ജറൂസലേമിനെ സംരക്ഷിക്കാൻ മുസ്ലിംകളും ക്രിസ്ത്യാനികളും ഒന്നിച്ചു നിൽക്കണമെന്ന് വെസ്റ്റ് ബാങ്കിലെ ക്രിസ്ത്യൻ പുരോഹിതൻ. ഗ്രീക്ക് ഓർത്തഡോക്സ് ആർച്ച്ബിഷപ് അതല്ല ഹന്നയാണ് ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ രംഗത്തെത്തിയത്.
'അൽ അഖ്സയിൽ കീഴടങ്ങാൻ തയാറല്ലാത്ത നിരവധി ജേതാക്കളെ ഞാൻ കണ്ടു. മുസ്ലിംകളേയും ക്രിസ്ത്യാനികളേയും ലക്ഷ്യമിട്ടുള്ള സയണിസ്റ്റ് പദ്ധതികളേയും അധിനിവേശത്തെയും പോരാട്ടത്തിലൂടെ ചെറുക്കുകയാണവർ.
ഇസ്രായേൽ അധിനിവേശത്തെയും, കോളനിവത്കരണത്തെയും, അടിച്ചമർത്തലിനെയും, സ്വേച്ഛാധിപത്യത്തെയും എതിർത്ത് സമൂഹത്തെ മുഴുവൻ സംരക്ഷിക്കുകയാണവർ' -ആർച്ച്ബിഷപ് പറഞ്ഞു.
വിശുദ്ധ നഗരത്തിന്‍റെ ചരിത്രവും പാരമ്പര്യവും കാത്തുസൂക്ഷിക്കുകയാണ് തങ്ങളെന്ന സന്ദേശമാണ് ജറൂസലേമുകാർ ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയത ഉയർത്തിപ്പിടിച്ചതിന്‍റെ പേരിൽ ഇസ്രായേലിന്‍റെ ക്രൂരതകൾക്കിരയായ പുരോഹിതനാണ് അതല്ല ഹന്ന.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ നരനായാട്ട് തുടരുകയാണ്. ഈദ് ദിനത്തിലും ഇസ്രായേൽ സൈന്യം ഗസ്സയിൽ ആക്രമണം തുടരുകയാണ്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയോടെയും ഗസ്സയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 69 ആയി ഉയർന്നെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 17 കുട്ടികളും എട്ട് സ്ത്രീകളും ഉൾപ്പെടും. 400ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
തങ്ങളുടെ ഗസ്സ സിറ്റി കമാൻഡർ ബസ്സിം ഇസ്സ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. മുതിർന്ന നേതാക്കളും ഇദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. ഫലസ്തീൻ സുരക്ഷാ സേനയുടെയും പൊലീസിന്‍റെയും കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.