ഇസ്രായേൽ ആക്രമണം; അലയടിച്ച് ലോകമെങ്ങും പ്രതിഷേധം
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിൽ പ്രതിഷേധം അലയടിക്കുന്നു. യു.എസ്, ഇറ്റലി, ഫ്രാൻസ്, യു.കെ, റുമേനിയ, ജർമനി, ബംഗ്ലാദേശ്, തുർക്കിയ തുടങ്ങിയ രാജ്യങ്ങളിൽ ആയിരങ്ങൾ പ്രതിഷേധ ബാനറും ഫലസ്തീൻ പതാകയുമായി തെരുവിലിറങ്ങി.
ഫലസ്തീനികളുടെ പരമ്പരാഗത വസ്ത്രമായ കറുപ്പും വെളുപ്പും നിറത്തിലുള്ള കഫിയ അണിഞ്ഞും ഫലസ്തീൻ പതാക വീശിയും സമരക്കാർ ‘ഫലസ്തീൻ സ്വതന്ത്രമാകും’, ‘ബൈഡൻ യു.എസിനെ വഞ്ചിക്കുന്നു’, ‘യു.എസ് ഇസ്രായേൽ സർക്കാറിന്റെ പാവയാകരുത്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി.
ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പ്രതീകമായി കുട്ടികളുടെ മൃതദേഹം പൊതിഞ്ഞ മാതൃക സമരക്കാർ നിരത്തിവെച്ചു. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരും എഴുതിയിട്ടുണ്ടായിരുന്നു. യുദ്ധവെറിപൂണ്ട ഇസ്രായേലിനുള്ള സാമ്പത്തിക സഹായവും പിന്തുണയും യു.എസ് അവസാനിപ്പിക്കൂവെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഇറ്റലിയിലെ മിലാനിലും റോമിലും ആയിരങ്ങൾ ഫലസ്തീൻ അനുകൂല പ്രകടനം നടത്തി. ഇസ്രായേൽ-സെമിറ്റിക് വിരുദ്ധത കാൻസറും പ്ലേഗും ആണെന്ന് ഉപപ്രധാനമന്ത്രി മറ്റിയോ സാൽവിനി പ്രതികരിച്ചു.
ജർമനിയിലെ ബർലിനിൽ 6000ത്തിലേറെ പേർ പ്രതിഷേധത്തിൽ പങ്കുചേർന്നു. ആയിരത്തിലേറെ പൊലീസുകാരെ നഗരത്തിൽ വിന്യസിച്ചിരുന്നു. ഇസ്രായേലിനെതിരായ ബാനറുകൾക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പശ്ചിമ ജർമൻ നഗരമായ ഡസൽഡോർഫിലും പ്രകടനം നടന്നു.
റുമേനിയയിലെ ബുക്കറസ്റ്റിൽ പ്രതിഷേധക്കാർ ‘ഗസ്സയിലെ കുട്ടികളെ രക്ഷിക്കുക’ എന്ന ബാനർ ഉയർത്തി. തുർക്കിയയിൽ ഫലസ്തീനികളെ പിന്തുണക്കുന്ന സംഘം യു.എസ് സൈനിക ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുർക്കിയ സന്ദർശിക്കുന്നതുകൂടി കണക്കിലെടുത്താണ് പ്രതിഷേധം. യു.കെയിലെ നോട്ടിങ്ഹാമിൽ നടന്ന റാലിയിലും ആയിരങ്ങളാണ് പങ്കെടുത്തത്.
ഫോറസ്റ്റ് ഫീൽഡ് പാർക്കിൽനിന്ന് ആരംഭിച്ച റാലി നോട്ടിങ്ഹാം നഗരം ചുറ്റി ബി.ബി.സി ഓഫിസിനു മുന്നിൽ അവസാനിച്ചു. വെടിനിർത്തൽ ഉടൻ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട പ്രതിഷേധക്കാർ നോട്ടിങ്ഹാം റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചു. ഇസ്രായേൽ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ലേബർ പാർട്ടിയിൽനിന്ന് രാജിവെച്ച നോട്ടിങ്ഹാം സിറ്റി കൗൺസിൽ അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനും ബ്രിട്ടീഷ് ചാനലായ ബി.ബി.സിക്ക് എതിരെയും റാലിയിൽ രൂക്ഷവിമർശനമുണ്ടായി. ഫ്രാൻസിലും വിവിധയിടങ്ങളിൽ ഫലസ്തീനിലെ കൂട്ടക്കുരുതിക്കെതിരെ പ്രകടനം നടന്നു. തലസ്ഥാനമായ പാരിസിൽ ആയിരങ്ങൾ പങ്കുകൊണ്ടു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലും കൂറ്റൻ പ്രകടനം നടന്നു. യുദ്ധത്തിന്റെ മറവിൽ നിരവധി പിഞ്ചുകുഞ്ഞുങ്ങളെ ഇസ്രായേൽ കൊന്നുതള്ളുകയാണെന്നും ലോകരാജ്യങ്ങളുടെ അടിയന്തര ഇടപെടൽ വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ലണ്ടനിൽ ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയവരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. 29 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. നാലു പൊലീസുകാർക്ക് പരിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.