യുക്രെയ്നിലെ ആണവ നിലയത്തിൽ ആക്രമണം, തീപിടിത്തം; ആശങ്കയിൽ യൂറോപ്പ്
text_fieldsകിയവ്: റഷ്യ - യുക്രെയ്ൻ കൂടുതൽ രൂക്ഷമാകവെ, യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ യുക്രെയ്നിലെ സപോറീഷ്യയിൽ ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തെ തുടർന്ന് സപോറീഷ്യ ആണവ നിലയിൽ തീപിടിത്തമുണ്ടായി. ഒന്നിലധികം സ്ഫോടനങ്ങളെത്തുടർന്ന് സപോറീഷ്യയിലെ കൂളിങ് ടവർ തകരുകയും പ്ലാന്‍റിന്‍റെ വടക്കൻ ഭാഗത്തുനിന്ന് ഇരുണ്ട പുക ഉയരുകയും ചെയ്തു.
ആക്രമണത്തെ തുടർന്ന് യൂറോപ്പ് ആകമാനം ആശങ്കയിലായിരിക്കുകയാണ്. പ്ലാന്‍റിന് ചുറ്റും റേഡിയേഷൻ ഉണ്ടായിട്ടില്ലെന്ന് റഷ്യ നിയമിച്ച ഗവർണർ യെവ്ജെനി ബാലിറ്റ്സ്കി അറിയിച്ചു. ആണവ നിലയത്തിൽ ആക്രമണം നടത്തിയത് റഷ്യയാണെന്ന് യുക്രെയ്ൻ ആരോപിച്ചു. എന്നാൽ, തങ്ങളല്ല യുക്രെയ്ൻ തന്നെയാണ് ആക്രണം നടത്തിയതെന്ന് റഷ്യയും കുറ്റപ്പെടുത്തി.
2022 മുതൽ റഷ്യയുടെ അധീനതയിലാണ് ഇവിടം. രണ്ട് വർഷത്തിലേറെയായി ഇവിടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നില്ല. യുക്രെയ്നിലെ ചെർണോബിൽ ആണവ ദുരന്തത്തേക്കാൾ പതിന്മടങ്ങ് നശീകരണമാകും സപോറീഷ്യക്ക് ഗുരുതര കേടുപാടുകൾ സംഭവിച്ചാൽ ഉണ്ടാകുക.
അതേസമയം, കഴിഞ്ഞ ദിവസം യുക്രെയ്ൻ തലസ്ഥാനമായ കിയവിന്റെ പ്രാന്തപ്രദേശമായ ബ്രോവറി ജില്ലയിലെ ജനവാസ മേഖലയിൽ റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കിയവ് ലക്ഷ്യമിട്ട് ഈ മാസം നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് കിയവ് സിറ്റി സൈനിക ഭരണ മേധാവി സെർഹി പോപ്കോ പറഞ്ഞു. റഷ്യയിലെ കുർസ്കിൽ യുക്രെയ്ൻ നടത്തിയ കനത്ത ആക്രമണത്തിന്റെ തിരിച്ചടിയാണിതെന്ന് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.