ആശുപത്രിക്കുരുതി: ഇസ്രായേലിനെതിരെ ലോകവ്യാപക പ്രതിഷേധം
text_fieldsഗസ്സ: ആതുരാലയത്തിൽ അഭയം തേടിയെത്തിയവരെ കൂട്ടക്കുരുതി നടത്തിയ ഇസ്രായേലിന്റെ കൊടുംക്രൂരതക്കെതിരെ ലോകവ്യാപക പ്രതിഷേധം ശക്തമാകുന്നു. ഒരാഴ്ചയിലേറെയായി സമ്പൂർണ ഉപരോധത്തിൽ കഴിയുന്ന ഗസ്സക്ക്നേരെ കഴിഞ്ഞ 11 ദിവസമായി വ്യാപക വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ഒക്‌ടോബർ ഏഴിന് ആരംഭിച്ച നരനായാട്ടിൽ മരണസംഖ്യ 3,500 കവിഞ്ഞു. അതിനിടെയാണ് ലോകത്തെ ഞെട്ടിച്ച് കൊണ്ട് ഗസ്സയിലെ അൽ-അഹ്‌ലി അൽ-അറബ് ഹോസ്പിറ്റലിനു നേരെ വ്യോമാക്രമണം നടത്തിയത്. കുറഞ്ഞത് 500 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്.
ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും കൂട്ടക്കുരുതിയുമാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും രാജ്യങ്ങളും ചൂണ്ടിക്കാട്ടി. ആക്രമണത്തെ കാനഡ, തുർക്കി, ഇറാൻ, ഖത്തർ, ഈജിപ്ത്, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ ശക്തമായി അപലപിച്ചു. സിറിയ, ടുണീഷ്യ, സ്പെയിൻ, ബെർലിൻ, തുർക്കി, ലെബനൻ എന്നിവിടങ്ങളിൽ വൻ പ്രതിഷേധങ്ങൾ നടന്നു. ജോർദാനിൽ പ്രതിഷേധക്കാർ ഇസ്രായേൽ എംബസി ആക്രമിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം വ്യാപക പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി.
നാളെ ജോർദാനിൽ നടത്താനിരുന്ന യു.എസ്, ഈജിപ്ത്, ഫലസ്തീൻ നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടി ആശുപത്രി ആക്രമണത്തെത്തുടർന്ന് ഉപേക്ഷിച്ചതായി ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി അറിയിച്ചു.
അൽഅഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ ചൊവ്വാഴ്ച വൈകുന്നേരം ഇസ്രായേൽ നടത്തിയ കൂട്ടക്കൊലയെ അറബ് പാർലമെൻറ് ശക്തമായി അപലപിച്ചു. ഫലസ്തീൻ ജനതയ്‌ക്കെതിരെ നടത്തുന്ന കൂട്ടക്കൊലകൾക്ക് അധിനിവേശ സേനയുടെ നേതാക്കളെ വിചാരണ ചെയ്യണമെന്നും ഉത്തരവാദികളാക്കണമെന്നും പാർലമെൻറ് ആവശ്യപ്പെട്ടു. മൗനം വെടിഞ്ഞ് കൂട്ടക്കൊലകൾ തടയാനും ഫലസ്തീൻ ജനതയ്ക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകാനും അടിയന്തരമായി ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും സെക്യൂരിറ്റി കൗൺസിലിനോടും അമേരിക്കൻ ഭരണകൂടത്തോടും അറബ് പാർലമെന്റ് ആവശ്യപ്പെട്ടു.
ഇസ്രായേൽ അധിനിവേശ സേനയുടെ ഹീനമായ കുറ്റകൃത്യത്തെ സൗദി അറേബ്യ അപലപിച്ചു. സംഭവത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി നിരപരാധികളായ സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. ഈ ക്രൂരമായ ആക്രമണത്തെ സൗദി ശക്തമായി തള്ളിക്കളയുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മാനുഷിക നിയമം ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണിത്. അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അതിനിടെ, ഗസ്സയിലെ യു.എൻ അഭയാർത്ഥി സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഒക്ടോബർ 7 മുതൽ ഇതുവരെ തങ്ങളുടെ 301 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.