പാകിസ്താനിൽ പൊലീസ് സ്റ്റേഷനുകൾക്കു നേരെ ആക്രമണം
text_fieldsഇസ്‍ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ ജില്ലയിൽ രണ്ട് പൊലീസ് സ്റ്റേഷനുകളും ഒരു പൊലീസ് പോസ്റ്റും വെള്ളിയാഴ്ച ആക്രമിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു. ഒരാഴ്ചമുമ്പും ഇതേ സ്ഥലത്ത് ആക്രമണം നടന്നിരുന്നു. വെള്ളിയാഴ്ച രാത്രി സംഘടിതമായാണ് ആക്രമണം നടന്നത്.
ഖോജ്രി പൊലീസ് പോസ്റ്റിന് നേരെ മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ ഹാൻഡ് ഗ്രനേഡുകൾ എറിഞ്ഞതായി എക്സ്പ്രസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിപുലമായ അന്വേഷണം നടത്തിവരികയാണ്. അതിനിടെ, തീവ്രവാദികൾ ബകാഖേൽ, ഘോരിവാല പൊലീസ് സ്റ്റേഷനുകൾ ലക്ഷ്യമാക്കിയും ആക്രമണം നടത്തി. തുടർന്ന് സുരക്ഷാ സേനയും അക്രമികളും തമ്മിൽ വെടിവെപ്പ് നടന്നു. മൂന്ന് സ്ഥലങ്ങളിൽ ഒരേസമയം ഉണ്ടായ ആക്രമണങ്ങൾ ജില്ലയിലാകെ പരിഭ്രാന്തി പരത്തി. അക്രമികളെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച, ഖൈബർ-പഖ്തൂൺഖ്വയിലെ ബന്നു കന്റോൺമെന്റിൽ ഭീകരാക്രമണം സുരക്ഷാ സേന പരാജയപ്പെടുത്തി ആറ് ഭീകരരെ വധിച്ചിരുന്നു.
തെഹ്‍രീക്-ഇ-താലിബാൻ പാകിസ്താൻ തീവ്രവാദ സംഘടനയിലെ ചാവേർ ബോംബർമാർ നടത്തിയ ആക്രമണത്തിൽ, സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് വാഹനങ്ങൾ കന്റോൺമെന്റിന്റെ പരിധിയിലേക്ക് ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. അതിനിടെ നൗഷേരയിലെ ദാറുൽ ഉലൂം ഹഖാനിയയിലും ബന്നുവിലും നടന്ന ആക്രമണങ്ങളിൽ ഉൾപ്പെവരെ തിരിച്ചറിഞ്ഞതായി ഖൈബർ-പഖ്തൂൺഖ്വയിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സുൽഫിക്കർ ഹമീദ് സ്ഥിരീകരിച്ചു.
രണ്ട് സംഭവങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണെന്നും രണ്ട് സ്ഥലങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ വിശകലനത്തിനായി ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് ഐ.ജി സുൽഫിക്കർ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. ബോംബേറുകാരുടെ അവശിഷ്ടങ്ങളുടെ ഫോറൻസിക് വിശകലനത്തിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.