മ്യാന്മർ പട്ടാള അട്ടിമറി; ഓങ് സാങ് സൂചിയെ കസ്റ്റഡിയിൽ വിട്ടു
text_fieldsയാംഗോൻ: അനധികൃതമായി വാക്കി ടോക്കി റേഡിയോ ഇറക്കുമതി ചെയ്തതിനും അനുമതിയില്ലാതെ ഉപയോഗിച്ചതിനും സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മ്യാന്മർ നേതാവ് ഓങ്സാൻ സൂചിക്കെതിരെ പൊലീസ് കേസെടുത്തു. ഇതുപ്രകാരം ഫെബ്രുവരി 15 വരെ സൂചിയെ കസ്റ്റഡിയിലെടുത്തു. രണ്ടു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സുചിക്കെതിരെ ചുമത്തിയത്.
ഭരണം അട്ടിമറിച്ച് സൂചിയെ തടവിലാക്കിയ സൈന്യത്തിന് അവരെ തടവിൽ പാർപ്പിക്കാനുള്ള ന്യായീകരണമായാണ് പുതിയ കേസ് കണക്കാക്കപ്പെടുന്നത്.
സൂചിയുടെ വീട് പരിശോധിച്ചപ്പോഴാണ് വാക്കി ടോക്കി റേഡിയോ കണ്ടെത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട് സാക്ഷികളെ ചോദ്യംചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും സൂചിയുടെ തടങ്കൽ തുടരണമെന്നും പൊലീസ് തയാറാക്കിയ കുറ്റപത്രത്തിൽ പറയുന്നുണ്ട്.
സൂചിയോടൊപ്പം അറസ്റ്റിലായ പ്രസിഡൻറ് യു വിൻ മിൻറിനെതിരെ ദുരന്തനിർവഹണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സൂചിയേയും പ്രസിഡൻറിനേയും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്.
സൂചിക്കും മിൻറിനുമെതിരെ പൊലീസ് കേസെടുത്ത വിവരം സൂചിയുടെ രാഷ്ട്രീയ പാർട്ടിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസിയുടെ (എൻ.എൽ.ഡി) വക്താവ് കി ടോയി ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു. എന്നാൽ, ഇക്കാര്യത്തിൽ പൊലീസിെൻറയോ കോടതി അധികൃതരുടെയോ സ്ഥിരീകരണം ലഭ്യമായിട്ടില്ല.
അതേസമയം, കഴിഞ്ഞവർഷം നടന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സൈനിക ഭരണകൂടം അറിയിച്ചു. തെരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നതു സംബന്ധിച്ച് അന്വേഷിക്കുന്നതിൽ സൂചിയുടെ സർക്കാർ പരാജയമാണെന്നാരോപിച്ചാണ് സൈനിക നേതൃത്വം ഭരണം പിടിച്ചെടുത്തത്.
മ്യാന്മറിലേത് വ്യവസ്ഥാപിത സൈനിക അട്ടിമറിയാണെന്ന് യു.എസ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.