ആദിമ സമൂഹത്തിന് പരിഗണന: റഫറണ്ടം തള്ളി ആസ്ട്രേലിയ
text_fieldsസിഡ്നി: ആസ്ട്രേലിയയിൽ തദ്ദേശീയ ജനവിഭാഗങ്ങൾക്ക് പ്രത്യേക അവകാശം നൽകുന്നതിനുള്ള റഫറണ്ടം പരാജയപ്പെട്ടു. രാജ്യത്തെ ആദിമ ജനവിഭാഗങ്ങളെ ഭരണഘടനാപരമായി പരിഗണിക്കുന്നതിനുള്ള നിർദേശമാണ് ഭൂരിപക്ഷം പേരും തള്ളിയത്. 122 വർഷം പഴക്കമുള്ള ഭരണഘടന ഭേദഗതി ചെയ്യുന്നതിനെ എല്ലാ സംസ്ഥാനങ്ങളും എതിർത്തു.
റഫറണ്ടം വിജയിക്കണമെങ്കിൽ ദേശീയാടിസ്ഥാനത്തിലെ ഭൂരിപക്ഷത്തിനൊപ്പം ആറ് സംസ്ഥാനങ്ങളിൽ നാലെണ്ണമെങ്കിലും അനുകൂലിച്ച് വോട്ടുചെയ്യണമായിരുന്നു. ആസ്ട്രേലിയയിലെ സമയ സോൺ അനുസരിച്ച് വെസ്റ്റേൺ ആസ്ട്രേലിയയിലെ വോട്ടെടുപ്പ് വൈകിയാണ് തുടങ്ങിയത്.
വോയ്സ് ടു പാർലമെന്റ് എന്ന പേരിൽ തദ്ദേശീയ ഉപദേശക സമിതി രൂപവത്കരിച്ച് ആദിവാസികളെയും ടോറസ് സ്ട്രെയിറ്റ് ദ്വീപിലെ ജനങ്ങളെയും അംഗീകരിക്കുന്നതിനുള്ള നിർദേശമാണ് റഫറണ്ടത്തിലൂടെ മുന്നോട്ടുവെച്ചത്. റഫറണ്ടം പരാജയപ്പെട്ടത് അങ്ങേയറ്റം വേദനജനകമാണെന്ന് തദ്ദേശീയ ജനവിഭാഗങ്ങളുടെ നേതാവായ തോമസ് മയോ പറഞ്ഞു. തങ്ങൾക്കും ശബ്ദവും ഘടനാപരമായ മാറ്റവും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ആസ്ട്രേലിയയിലെ 2.6 കോടി ജനങ്ങളിൽ 3.8 ശതമാനമാണ് ആദിമ നിവാസികൾ. 60,000 വർഷംമുമ്പ് ഇവിടെ എത്തിയതെന്ന് കരുതുന്ന ആദിമ സമൂഹത്തെക്കുറിച്ച് ഭരണഘടനയിൽ പരാമർശമൊന്നുമില്ല. സാമൂഹികമായും സാമ്പത്തികമായും രാജ്യത്തെ ഏറ്റവും പിന്നാക്ക ജനവിഭാഗവുമാണ് ഇവർ.
ആദിമ സമൂഹത്തെ രാജ്യത്തെ മുഖ്യധാരയോട് ചേർക്കാനുള്ള ശ്രമങ്ങൾക്ക് റഫറണ്ടത്തിന്റെ പരാജയം തിരിച്ചടിയാകുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആശങ്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.