ജെറൂസലേമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ചത് തിരുത്തി ആസ്ട്രേലിയ
text_fieldsകാൻബറ: പശ്ചിമ ജെറൂസലേമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച തീരുമാനം തിരുത്തി ആസ്ട്രേലിയ. 2018ൽ പ്രധാനമന്ത്രിയായിരുന്ന സ്കോട്ട് മോറിസൺ കൈക്കൊണ്ട തീരുമാനമാണ് നിലവിലെ ആന്തണി അൽബനീസി സർക്കാർ തിരുത്തിയത്. 2018ൽ യു.എസ് പ്രസിഡന്‍റായിരുന്ന ഡൊണാൾഡ് ട്രംപാണ് ജെറൂസലേമിനെ ഇസ്രായേൽ തലസ്ഥാനമായി ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ആസ്ട്രേലിയയും അംഗീകരിക്കുകയായിരുന്നു.
ജെറൂസലേമിന്‍റെ അന്തിമ പദവിയെ സംബന്ധിച്ച തർക്കം ഇസ്രായേലും ഫലസ്തീൻ ജനതയും തമ്മിലുള്ള സമാധാന ചർച്ചയിലൂടെ തീരുമാനിക്കേണ്ടതാണെന്ന, ആസ്ട്രേലിയ ദീർഘകാലമായി കൈക്കൊണ്ട നിലപാടിലേക്ക് തിരിച്ചുപോകുകയാണെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് വ്യക്തമാക്കി. അതിനാൽ ജെറൂസലേമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച മോറിസൺ സർക്കാറിന്‍റെ തീരുമാനം തിരുത്തുകയാണ്. ഇസ്രായേലിലെ ആസ്ട്രേലിയൻ എംബസി ടെൽ-അവിവിൽ തന്നെ തുടരും. തർക്കത്തിന് ദ്വിരാഷ്ട്ര പരിഹാരമെന്ന ആസ്ട്രേലിയൻ നിലപാട് തുടരും. ഇസ്രായേലും ഭാവിയിലെ ഫലസ്തീനും സമാധാനത്തോടെയും സുരക്ഷയോടെയും ലോകരാജ്യങ്ങൾ അംഗീകരിച്ച അതിർത്തിയോടെയും ഒന്നിച്ച് മുന്നോട്ട് പോകണമെന്നാണ് ആസ്ട്രേലിയയുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിനെ ദുർബലപ്പെടുത്തുന്ന ഒരു സമീപനത്തെയും പിന്തുണക്കില്ലെന്നും അവർ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളെ ധിക്കരിച്ച് 2018ലാണ് അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാമായി പ്രഖ്യാപിക്കുന്നത്. യു.എസ് എംബസി ടെൽ-അവിവിൽ നിന്ന് ജെറൂസലേമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് സ്‌കോട്ട് മോറിസന്‍ സര്‍ക്കാര്‍ ഈ നയത്തെ പിന്തുണച്ചത്. ഈ നീക്കം വ്യാപക വിമർശനമേറ്റുവാങ്ങിയിരുന്നു.
മോറിസൺ രാഷ്ട്രീയം കളിച്ചതിലൂടെ ആസ്ട്രേലിയ പിന്തുടർന്നുവന്ന നയത്തിനാണ് മാറ്റം സംഭവിച്ചതെന്നും അതിൽ ഖേദിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ആന്തണി ആൽബനീസിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ഫലസ്തീൻ-ഇസ്രായേൽ പ്രശ്നത്തിൽ ദ്വിരാഷ്ട്രപരിഹാരത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കൊപ്പം നിൽക്കും. ഇസ്രായേലിന്‍റെ അടിയുറച്ച സുഹൃത്താണ് ആസ്ട്രേലിയ. ഫലസ്തീൻ ജനതയെ അചഞ്ചലമായി പിന്തുണക്കുകയും ചെയ്യുന്നു -അവർ വ്യക്തമാക്കി.
ഇസ്‍ലാം, ക്രിസ്ത്യൻ, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമാണ് ജെറൂസലേം. അമേരിക്കയുടെ വിദേശനയം പാടെ തിരുത്തിക്കൊണ്ടായിരുന്നു ജെറൂസലേമിനെ ഇസ്രായേൽ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചത്. ഇസ്രായേൽ അനുകൂല നിലപാടുകൾ നെഞ്ചേറ്റുന്ന തീവ്രമതവിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ടായിരുന്നു ഈ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.