ഹമാസിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താൻ ആസ്ട്രേലിയ
text_fieldsസിഡ്നി: ഗസ്സയിലെ ഇസ്‍ലാമിക കക്ഷിയായ ഹമാസിനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താനൊരുങ്ങി ആസ്ട്രേലിയ. ഹമാസിന്റെ രാഷ്ട്രീയ കക്ഷിയെ അടക്കമായിരിക്കും പട്ടികയിൽപെടുത്തുക.
ആസ്ട്രേലിയൻ ആഭ്യന്തര മന്ത്രി കാരെൻ ആൻഡ്രൂസ് ആണ് ഇക്കാര്യം അറിയിച്ചത്. ഹമാസിന്റെ ആശയങ്ങൾ തള്ളിയ ഇദ്ദേഹം വിദ്വേഷം ജനിപ്പിക്കുന്ന ആശയങ്ങൾക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അറിയിച്ചു. ഹമാസിന്റെ സൈനിക വിങ്ങിനെ ആസ്ട്രേലിയ നേരത്തേ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ബ്രിട്ടൻ, യു.എസ്, ഇസ്രായേൽ, കാനഡ എന്നീ രാജ്യങ്ങളും ഹമാസിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആസ്ട്രേലിയയുടെ തീരുമാനത്തിനെതിരെ ഹമാസ് രംഗത്തു വന്നു.
ഇസ്രായേലിനോടുള്ള ആസ്ട്രേലിയയുടെ വിധേയത്വം വ്യക്തമാക്കുന്ന തീരുമാനമാണിതെന്ന് ഹമാസ് വക്താവ് ഹാസെം ഖാസിം പ്രതികരിച്ചു. നടപടി പ്രാബല്യത്തിലായാൽ ഹമാസിന് സാമ്പത്തിക സഹായം നൽകുന്നവർക്കും പിന്തുണക്കുന്നവർക്കും 25 വർഷം വരെ തടവുശിക്ഷ ലഭിക്കും.
തീരുമാനത്തിനെതിരെ ഫലസ്തീന് പിന്തുണ നൽകുന്ന ആസ്ട്രേലിയയിലെ നെറ്റ്‍വർക്ക് രംഗത്തുവന്നു. 15 വർഷമായി ഇസ്രായേൽ ഉപരോധത്തിൽ കഴിയുന്ന ഫലസ്തീനികളുടെ ദുരിതം ഇരട്ടിപ്പിക്കുന്ന തീരുമാനമാണിതെന്നായിരുന്നു അവരുടെ പ്രതികരണം. ആസ്ട്രേലിയയുടെ നീക്കത്തെ ഇസ്രായേൽ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.