യുക്രെയ്ന് ആയുധങ്ങളുമായി ആസ്ട്രേലിയ; 37000 പൗരൻമാരെ കൂടി പട്ടാളത്തിലെടുത്തതായി യുക്രെയ്ൻ സേന
text_fieldsറഷ്യൻ അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പ്പ് തുടരുന്ന യുക്രെയ്ന് ആയുധങ്ങള്‍ നല്‍കാമെന്ന് ആസ്ട്രേലിയ. നേരത്തെ ഫ്രാന്‍സും ജര്‍മനിയും ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാറ്റോ സഖ്യം വഴിയാകും ആയുധങ്ങൾ കൈമാറുക.
'ഞാൻ ഇപ്പോൾ പ്രതിരോധ മന്ത്രിയുമായി സംസാരിച്ചു. യു.എസ്, യു.കെ ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളുമായി സംസാരിച്ച് ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാ പിന്തുണയും നൽകാൻ ഞങ്ങൾ ശ്രമിക്കും'- ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു.
സ്വന്തം ആയുധങ്ങൾ അയക്കുകയാണോ അതോ ആയുധങ്ങള്‍ സമാഹരിക്കാന്‍ നാറ്റോ വഴി ധനസഹായം നല്‍കുകയാണോ ചെയ്യുക എന്ന് വ്യക്തമല്ല. സൈനികരെ യുക്രെയ്നിലേക്ക് അയക്കില്ലെന്നാണ് ആസ്ട്രേലിയയുടെ നിലപാട്. റഷ്യയുടെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സൈബര്‍ സുരക്ഷാ സഹായവും ആസ്ട്രേലിയ വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതിരോധത്തിനായി യുക്രെയ്ന് ആയുധങ്ങൾ നൽകുമെന്ന് ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളും അറിയിച്ചു. യുക്രെയ്ന് ഉപരിതല മിസൈലുകളും ആന്റി-ടാങ്ക് ആയുധങ്ങളും നൽകുമെന്നാണ് ജർമനി അറിയിച്ചത്. 1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 ഉപരിതല മിസൈലുകളും യുക്രെയ്നിലേക്ക് അയക്കുമെന്ന് ജര്‍മന്‍ സർക്കാർ സ്ഥിരീകരിച്ചു.
സംഘര്‍ഷ മേഖലകളിലേക്കുള്ള ആയുധ കയറ്റുമതി നിരോധിക്കുന്ന ദീർഘകാല നയത്തിൽ നിന്നുള്ള വലിയ മാറ്റമാണ് ഈ നീക്കം. യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ വിമാനങ്ങൾക്ക് വിവിധ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പോളണ്ട്, ബൾഡേറിയ, ചെക്ക് റിപ്പബ്ലിക്, ബാൾട്ടിക് രാജ്യമായ എസ്‌തോണിയ തുടങ്ങിയ രാജ്യങ്ങളാണ് റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. റഷ്യയെ ബഹിഷ്കരിച്ച് ഗൂഗ്ളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, രാജ്യത്തെ 37000 പൗരൻമാരെ കൂടി പട്ടാളത്തിന്റെ ഭാഗമാക്കിയതായി യുക്രെയ്ൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.