കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനൊരുങ്ങി ആസ്ട്രേലിയ; എങ്ങനെ പ്രാവർത്തികമാക്കും എന്ന് ഉറ്റുനോക്കി ലോകം
text_fieldsമെൽബൺ: എക്സ്, ടിക്ടോക്ക്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽനിന്ന് കുട്ടികളെ പതിനാറു വയസ്സുവരെ നിരോധിക്കാനുള്ള ആസ്ട്രേലിയൻ സർക്കാറിന്റെ നീക്കം ലോകത്തുടനീളം ശ്രദ്ധയാകർഷിക്കുന്നു. ‘ലോകത്തെ നയിക്കുന്നത്’ എന്ന് വിശേഷിപ്പിച്ചാണ് വ്യാഴാഴ്ച പാർലമെന്റിന്റെ അധോസഭയിൽ ഇതു സംബന്ധിച്ച ബില്ല് പ്രധാനമന്ത്രി ആന്‍റണി അൽബാനീസ് അവതരിപ്പിച്ചത്.
സോഷ്യൽ മീഡിയയുടെ ‘ദ്രോഹങ്ങളിൽ’നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനാണ് നിരോധനമെന്ന് അൽബാനീസ് പറയുന്നു. ‘ഇതൊരു ആഗോള പ്രശ്‌നമാണ്. ആസ്ട്രേലിയൻ യുവാക്കൾക്ക് ബാല്യം വേണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മാതാപിതാക്കൾക്ക് മനസ്സമാധാനം വേണമെന്നും’- അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായി പദ്ധതി ഏറെ ജനപ്രിയമാണെങ്കിലും ഇതെങ്ങനെ പ്രായോഗികമായി നടപ്പാക്കുമെന്ന ആകാംക്ഷയിലാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവർ. എട്ട് ആസ്ട്രേലിയൻ സംസ്ഥാനങ്ങളുടെയും പ്രധാന ഭൂഭാഗങ്ങളുടെയും നേതാക്കൾ ഏകകണ്ഠമായി ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ, ഏറ്റവും ചെറിയ സംസ്ഥാനമായ ടാസ്മാനിയ പ്രായപരിധി 14 ആയി നിശ്ചയിച്ചിരുന്നെങ്കിൽ നന്നായിരുന്നുവെന്ന നിർദേശം മുന്നോട്ടുവെച്ചു.
പദ്ധതിയിൽ എന്താണ് നിർദേശിച്ചിരിക്കുന്നതെന്നും അത് എങ്ങനെ നടപ്പാക്കുമെന്നതും സംബന്ധിച്ച വിശദാംശങ്ങൾ കുറവാണ്. അടുത്തയാഴ്ച പാർലമെന്‍റിൽ നിയമ നിർമാണം അവതരിപ്പിക്കുമ്പോൾ അത് കൂടുതൽ വ്യക്തമാകും.
സർക്കാർ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആസ്ട്രേലിയയിൽ ഒരു സംവാദ മുഖം വികസിച്ചിട്ടുണ്ട്. ശിശുക്ഷേമ മേഖലകളിലെ വിദഗ്‌ധർ ആശങ്കയോടെയാണ് ഇതിനോട് പ്രതികരിച്ചത്. 16 വയസ്സെന്ന പ്രായപരിധിയെ അപലപിച്ചുകൊണ്ട് 140ലധികം വിദഗ്ധർ ഒപ്പുവെച്ച ഒരു തുറന്ന കത്ത് പ്രധാനമന്ത്രി ആന്‍റണി അൽബാനീസിന് അയച്ചു. ചില വിദഗ്ധർ കുട്ടികൾ സോഷ്യൽ മീഡിയയിൽ പ്രവേശിക്കുന്നത് തടയേണ്ടതുണ്ടോ? അങ്ങനെ ചെയ്യുന്നതിന്റെ പ്രതികൂല ഫലങ്ങൾ എന്തായിരിക്കാം എന്നതടക്കമുള്ള ചോദ്യങ്ങൾ ഉയർത്തി.
ആസ്ട്രേലിയയിലെ മെറ്റാ,സ്‌നാപ്ചാറ്റ്, എക്‌സ് തുടങ്ങിയ ടെക് കമ്പനികളുടെ താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ‘21-ാം നൂറ്റാണ്ടിലെ വെല്ലുവിളികൾക്കുള്ള 20ാം നൂറ്റാണ്ടിന്റെ പ്രതികരണം’ എന്ന് സർക്കാർ തീരുമാനത്തെ പുച്ഛിച്ചു.
11ാം വയസ്സിൽ ഓൺലൈൻ സ്ട്രീമിംഗ് സേവനമായ ‘6 ന്യൂസ് ആസ്‌ട്രേലിയ’ സ്ഥാപിച്ച മെൽബണിലെ17 കാരനായ ലിയോ പുഗ്ലിസി എന്ന വിദ്യാർഥി വളരെ പിന്തിരിപ്പൻ സമീപനമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നിരോധനം ഏർപ്പെടുത്തുന്ന നിയമ നിർമാതാക്കൾക്ക് ഡിജിറ്റൽ യുഗത്തിൽ വളർന്ന് യുവാക്കൾ നേടിയെടുത്ത സമൂഹ മാധ്യമ കാഴ്ചപ്പാട് ഇല്ലെന്ന് ലിയോ വിലപിക്കുന്നു.
‘സർക്കാറിനെയും പ്രധാനമന്ത്രിയെയും സംബന്ധിച്ചിടത്തോളം അവർ സോഷ്യൽ മീഡിയ യുഗത്തിൽ വളർന്നിട്ടില്ല. ഇവിടെയുള്ള ഒരുപാട് ആളുകൾക്ക് മനസ്സിലാക്കാൻ കഴിയാത്തതാണിത്. സോഷ്യൽ മീഡിയ ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഇത് അവരുടെ കമ്യൂണിറ്റികളുടെയും ജോലിയുടെയും വിനോദത്തിന്റെയും ഭാഗമാണ്. ചെറുപ്പക്കാർ റേഡിയോ കേൾക്കുകയോ പത്രങ്ങൾ വായിക്കുകയോ ടി.വി കാണുകയോ ചെയ്യുന്നില്ല -ലിയോ പറഞ്ഞു. ഓൺലൈനിൽ ലിയോയുടെ പ്രവർത്തനങ്ങൾക്ക് കയ്യടിയേറെയുണ്ട്. ജനുവരിയിൽ പ്രഖ്യാപിക്കുന്ന ‘യങ് ആസ്ട്രേലിയൻ ഓഫ് ദി ഇയർ’ അവാർഡിനുള്ള നോമിനേഷനിൽ ഫൈനലിസ്റ്റുകൂടിയാണ് ലിയോ.
എന്നാൽ, പല രക്ഷിതാക്കളും ഈ നീക്കത്തെ അഭിനന്ദിച്ചു മുന്നോട്ടുവരാൻ തുടങ്ങി. സൈബർ സുരക്ഷാ പ്രചാരകയായ സോന്യ റയാൻ, കുട്ടികൾക്ക് സോഷ്യൽ മീഡിയ എത്രത്തോളം അപകടകരമാണെന്ന് വ്യക്തിപരമായ ദുരന്തം മുൻ നിർത്തി വിവരിക്കുന്നു. അവരുടെ 15 വയസ്സുള്ള മകൾ കാർലി റയാനെ 2007ൽ സൗത് ആസ്‌ത്രേലിയയിൽവെച്ച് 50 വയസ്സുള്ള ഒരു ശിശുപീഡകൻ( പീഡോഫൈൽ) കൊലപ്പെടുത്തിയതാണ്. ഓൺലൈനിൽ കൗമാരക്കാരിയാണെന്ന് നടിച്ചായിരുന്നു ഇത്. ഡിജിറ്റൽ യുഗത്തിൽ ആസ്‌ത്രേലിയയിൽ ഒരു ഓൺലൈൻ വേട്ടക്കാരനാൽ കൊല്ലപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് കാർലി.
‘കുട്ടികൾ ഹാനികരമായ അശ്ലീലസാഹിത്യത്തിലേക്ക് തുറന്നുവിടപ്പെടുന്നു. അവർക്ക് തെറ്റായ വിവരങ്ങൾ നൽകുന്നു. ശരീരത്തിന്റെ പ്രതിച്ഛായകൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ വേറെയുണ്ട്. ലൈംഗികാതിക്രമം, ഓൺലൈൻ വേട്ടക്കാർ, ഭീഷണിപ്പെടുത്തൽ എന്നിവയുമുണ്ട്. സോഷ്യൽ മീഡിക്ക് പ്രശ്നങ്ങളും ഗുണങ്ങളുമുണ്ട്. എന്നാൽ, അവ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവുകളോ ജീവിതാനുഭവമോ നമ്മുടെ കുട്ടികൾക്കില്ല -സോന്യ റയാൻ പറഞ്ഞു. ‘അതിന്റെ ഫലം നമുക്ക് നമ്മുടെ കുട്ടികളെ നഷ്ടപ്പെടുന്നു എന്നതാണ്. കാർലിക്ക് സംഭവിച്ചതുപോലുള്ളവ മാത്രമല്ല, യുവാക്കളുടെ ആത്മഹത്യയിൽ ഭയാനകമായ വർധനവാണ് ഞങ്ങൾ കാണുന്നതെന്നും’ അവർ കൂട്ടിച്ചേർത്തു. ആസ്ട്രേലിയയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും പ്രതികരിക്കുന്നതിനുമുള്ള തന്ത്രത്തെക്കുറിച്ച് സർക്കാറിനെ ഉപദേശിക്കുന്ന ഗ്രൂപിന്റെ ഭാഗമാണ് സോന്യ റയാൻ. സോഷ്യൽ മീഡിയയുടെ പ്രായപരിധി 16 ആയി നിശ്ചയിക്കുന്ന നടപടിയെ അവർ പൂർണഹൃദയത്തോടെ പിന്തുണക്കുന്നു.
ജെയിംസ് എന്ന വിദ്യാർഥിയും സമാനമായ ആശങ്കയാണ് സോഷ്യൽ മീഡിയ ഉപയോഗത്തിൽ പങ്കുവെച്ചത്. 10 വയസ്സുള്ളപ്പോഴാണ് ആദ്യമായി അവൻ സ്‌നാപ്ചാറ്റിൽ ചേരുന്നത്. ഒരു സഹപാഠി അവരുടെ സൗഹൃദ ഗ്രൂപിലെ എല്ലാവരോടും ആപ്പ് എടുക്കാൻ നിർദേശിച്ചതിനെ തുടർന്നായിരുന്നു അത്. 12 വയസ്സുള്ള സമയത്ത് ജെയിംസിന് ഒരു സുഹൃത്തുമായി അഭിപ്രായവ്യത്യാസമുണ്ടായി. ‘ഒരു രാത്രി ഉറങ്ങുന്നതിന് മുതിർന്ന ആൺകുട്ടികളുള്ള ഒരു ഗ്രൂപ്പ് ചാറ്റിൽ എന്നെ ചേർത്തു. അതിലൊരാൾക്ക് 17 വയസ്സ് പ്രായമുണ്ടെന്ന് തോന്നുന്നു. ഒരു വെട്ടുകത്തി ഉപയോഗിച്ചുള്ള അവന്റെ വിഡിയോകൾ എനിക്ക് അയച്ചുതന്നു. അവനത് ചുറ്റിലും വീശുകയായിരുന്നു. പിന്നീട് എന്നെ പിടികൂടി കുത്താൻ പോകുകയാണെന്ന ശബ്ദ സന്ദേശങ്ങൾ തുടരെ വന്നു. സൈബർ ഭീഷണിയെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് ഒടുവിൽ എന്റെ സ്കൂൾ അത് പരിഹരിച്ചു. അക്കൗണ്ട് തന്നെ ഞാനില്ലാതാക്കി’ - സ്‌നാപ്ചാറ്റിലെ സംഭവം വിവരിച്ചുകൊണ്ട് ജെയിംസ് പറയുന്നു. സ്കൂളിൽ പോകുന്നത് സുരക്ഷിതമാണോ എന്ന് പോലും ചിന്തിച്ചുപോയെന്നും അവൻ പറഞ്ഞു.
പുതിയ ബിൽ അനുസരിച്ച് 16 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും നിരോധനം ബാധകമാണ്. നിലവിലുള്ള ഉപയോക്താക്കൾക്കോ മാതാപിതാക്കളുടെ സമ്മതമുള്ളവർക്കോ ഇളവുകൾ ഉണ്ടാകില്ല. ടെക് കമ്പനികൾ ഉത്തരവ് അനുസരിക്കുന്നില്ലെങ്കിൽ വൻ പിഴ ഈടാക്കും. എന്നാൽ, കുട്ടികൾക്ക് അനുയോജ്യമെന്ന് കരുതുന്ന റിസ്‌ക് കുറഞ്ഞ സേവനങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്ന പ്ലാറ്റ്‌ഫോമുകൾക്ക് ഇളവുകൾ ഉണ്ടാകും. ഇതിനുള്ള മാനദണ്ഡം ഇനിയും നിശ്ചയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.