ഇസ്ലാമോഫോബിയ: പൂർണ ഗർഭിണിയെ ചവിട്ടി വീഴ്ത്തി മർദിച്ചയാൾക്ക് ആസ്ട്രേലിയയിൽ തടവുശിക്ഷ
text_fieldsസിഡ്നി: പൂർണ ഗർഭിണിയായ മുസ്ലിം സ്ത്രീയെ അകാരണമായി മർദിക്കുകയും ചവിട്ടിവീഴ്ത്തുകയും ചെയ്തയാൾക്ക് ആസ്ട്രേലിയൻ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. സ്റ്റൈപ് ലോസിന (43) എന്നയാളെയാണ് ശിക്ഷിച്ചത്. നാല് കുട്ടികളുടെ മാതാവായ റന എലാസ്മർ എന്ന 38കാരിയെയാണ് ഇയാൾ മുസ്ലിം വിദ്വേഷം മുൻനിർത്തി ആക്രമിച്ചത്.
കഴിഞ്ഞ നവംബറിലായിരുന്നു ആക്രമണം. സിഡ്നിയിലെ കഫേയിൽ ശിരോവസ്ത്രം ധരിച്ചിരിക്കുകയായിരുന്നു റന എലാസ്മർ. 38 ആഴ്ച ഗർഭിണിയായിരുന്നു അവർ. ഈ സമയം, സ്റ്റൈപ് ലോസിന നടന്നടുക്കുകയും റനയോട് വംശീയ ചുവയോടെ സംസാരിക്കുകയും ചെയ്തു. തുടർന്ന് നിരവധി തവണ മർദിക്കുകയും ചവിട്ടി നിലത്തുവീഴ്ത്തുകയും ചെയ്തു. നിലത്തുവീഴ്ത്തിയ ശേഷവും ക്രൂരമായ ആക്രമണം തുടർന്നു. റനയുടെ സുഹൃത്തുക്കളാണ് അക്രമിയെ തടഞ്ഞത്.
ചവിട്ടേറ്റ് നിലത്തുവീണെങ്കിലും ചെറിയ പരിക്കുകൾ മാത്രമേ റനക്ക് സംഭവിച്ചുള്ളൂ. ഗർഭസ്ഥ ശിശുവിനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നിങ്ങളെക്കാൾ വ്യത്യസ്തമായ ആളുകളെ വാക്കുകളാലോ ശാരീരികമായോ ആക്രമിക്കാൻ ഒരുങ്ങുന്നവർക്ക് പറ്റിയ സ്ഥലമല്ല ആസ്ട്രേലിയ എന്ന് മനസിലാക്കണമെന്ന് കോടതി പരിസരത്ത് റന എലാസ്മർ പറഞ്ഞു. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും റന മാനസികാഘാതത്തിൽ നിന്ന് മുക്തി നേടിയിട്ടില്ലെന്ന് സഹോദരി പറയുന്നു.
താൻ ഇസ്ലാമോഫോബിയ കാരണമല്ല എലാസ്മറിനെ ആക്രമിച്ചതെന്ന് പ്രതി സ്റ്റൈപ് ലോസിന കോടതിയിൽ പറഞ്ഞു. താൻ മുസ്ലിംകളെ വെറുക്കുന്നില്ലെന്നും എന്നാൽ അവരുമായി യോജിച്ചു പോകാനാകില്ലെന്നും ലോസിന പറഞ്ഞു. മൂന്നു വർഷത്തെ ശിക്ഷയിൽ രണ്ടുവർഷം പരോൾ ഇല്ലാതെ ശിക്ഷ അനുഭവിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.