വാഹനാപകടത്തിൽപെട്ടവരെ അപഹസിച്ച് വിഡിയോ പകർത്തിയയാൾക്ക് ജയിൽശിക്ഷ
text_fieldsകാൻബറ: വാഹനാപകടത്തിൽ മരിച്ചുകിടന്നവരെയും പരിക്കേറ്റവരെയും കാമറയിൽ പകർത്തി, അധിക്ഷേപാർഹമായ പരാമർശങ്ങൾ നടത്തിയതിന് ആസ്ട്രേലിയൻ യുവാവിന് 10 മാസം ജയിൽശിക്ഷ.
ഹൃദയശൂന്യവും പൊതുജന മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് റിച്ചാർഡ് പ്യൂസെ (42) എന്നയാളെ വിക്ടോറിയ സ്റ്റേറ്റ് കോടതി ശിക്ഷിച്ചത്.
അമിതവേഗത്തിൽ തെൻറ സ്പോർട്സ് കാർ ഓടിച്ചുവരുകയായിരുന്ന പ്യൂസെയെ പൊലീസ് തടഞ്ഞ് നടപടിയെടുക്കുന്നതിനിടയിൽ അവിടേക്ക് ഒരു ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. മൂത്രമൊഴിക്കാനായി സംഭവസ്ഥലത്തുനിന്ന് അൽപം മാറിനിന്നിരുന്നതിനാൽ പ്യൂസെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടുവെങ്കിലും പൊലീസ് ഉദ്യോഗസ്ഥരുടെ രണ്ടു വാഹനങ്ങളും പ്യൂസെയുടെ കാറും അപകടത്തിൽപെട്ടു.
ഇതിൽ നാലു പൊലീസ് ഉദ്യോഗസ്ഥർ മരിക്കുകയും ബാക്കിയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. സമീപത്തുള്ളവർ പരിക്കേറ്റവരെ പുറത്തെടുക്കുന്നതിനിടയിൽ പ്യൂസെയുടെ സഹായം ചോദിച്ചുവെങ്കിലും അതിനു തയാറാവാതെ 'അവരെല്ലാം മരിച്ചുപോയി' എന്നു പറഞ്ഞ് അയാൾ വിഡിയോ പകർത്തുകയായിരുന്നു. 'ഒാ..അവൻ തകർത്തു, എന്തൊരു നീതി...മനോഹരമായിരിക്കുന്നു...എല്ലാരും തീർന്നിരിക്കുന്നു...' എന്നെല്ലാം വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു പ്യൂസെയുടെ ഷൂട്ടിങ്.
മയക്കുമരുന്ന് ഉപയോഗിച്ച് അമിതവേഗത്തിൽ കാറോടിച്ചുവെന്ന മറ്റൊരു കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിരുന്നു. ഇതിന് 1000 ഡോളർ പിഴയും രണ്ടു വർഷത്തേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.