ഇന്ത്യൻ ഭക്ഷണം ‘അഴുക്കു മസാല’; ആസ്ത്രേലിയൻ മാധ്യമപ്രവർത്തകക്കെതിരെ ‘എക്സി’ൽ പൊങ്കാല
text_fieldsമെൽബൺ: ഇതിത്ര പ്രശ്നഭരിതമാവുമെന്ന് ആസ്‌ട്രേലിയൻ മാധ്യമപ്രവർത്തകയായ ഡോ. സിഡ്‌നി വാട്‌സൺ കരുതിയിട്ടുണ്ടാവില്ല. ഇന്ത്യൻ ഭക്ഷണത്തെക്കുറിച്ചുള്ള തന്റെ പരാമർശങ്ങളിലൂടെ ഭക്ഷണ പ്രിയരെ ചൊടിപ്പിച്ചിരിക്കുകയാണിവർ. എക്‌സിലെ തന്റെ ബയോയിൽ ‘ട്രബിൾമേക്കർ’ എന്ന് എഴുതിവെച്ചത് ഇപ്പോൾ കുറിക്കുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ നിന്നുള്ള ഭക്ഷണം ‘കത്തുന്നത് പോലെയാണ്’ എന്നായിരുന്നു എക്സിൽ ഡോ. വാട്സന്റെ അഭിപ്രായ പ്രകടനം. ഈ പ്രത്യേക പാചകരീതിയുടെ ആരാധകരെ ‘സ്വയം പീഡയിൽ സന്തോഷം കണ്ടെത്തുന്നവർ’ എന്നർഥം വരുന്ന ‘മസോക്കിസ്റ്റിക്’ എന്നും അവർ വിശേഷിപ്പിച്ചു. മാത്രമല്ല, ഇന്ത്യൻ സുഗന്ധ വ്യഞ്ജനങ്ങൾക്ക് ‘അഴുക്കിന്റെ മസാലകൾ’ എന്ന ലേബലും പതിച്ചു.
‘ഇന്ത്യൻ ഭക്ഷണമാണ് ഭൂമിയിലെ ഏറ്റവും മികച്ചത്’ എന്ന അടിക്കുറിപ്പോടെ ടെക്‌സാസിൽ നിന്നുള്ള ജെഫ് തന്റെ വായിൽ വെള്ളമൂറ്റുന്ന ഇന്ത്യൻ ഭക്ഷണത്തിന്റെ ചിത്രം പങ്കിട്ടതോടെയാണ് ഇതിന്റെയൊക്കെ തുടക്കം. ‘പറ്റുമെങ്കിൽ എന്നോട് ഏറ്റുമുട്ടൂ’ എന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വ്യത്യസ്ത കറികൾ, ചോറ്, കബാബ്, ചട്ണി എന്നിവ ഉൾപ്പെട്ടതായിരുന്നു ഭക്ഷണം. ജെഫിന്റെ പോസ്റ്റ് 23.9 ദശലക്ഷത്തിലധികം കാഴ്‌ചക്കാരുമായി എക്സിൽ പൊട്ടിത്തെറിച്ചു. പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വന്തം പാചകപ്പട്ടിക പങ്കിട്ടു.
ഇന്ത്യൻ ഭക്ഷണത്തെ ‘ലോകത്തിലെ ഏറ്റവും മികച്ചത്’ എന്ന് ലേബൽ ചെയ്തതിന് ഡോ. വാട്‌സൺ ഉൾപ്പെടെ പലരും അദ്ദേഹത്തെ ട്രോളാൻ തുടങ്ങി. ഈ ഭക്ഷണം ഭൂമിയിലെ ഏറ്റവും മികച്ചതല്ല എന്ന് മാത്രമല്ല, അതിൽ ‘അഴുക്ക് മസാലകൾ’ അടങ്ങിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ‘നിങ്ങളുടെ ഭക്ഷണം രുചികരമാകണമെങ്കിൽ അഴുക്ക് മസാലകൾ പുരട്ടണം, നിങ്ങളുടെ ഭക്ഷണം നല്ലതല്ല’ ഡോ. വാട്സ്ൺ എക്‌സിൽ എഴുതി. ഉപ്പ്, കുരുമുളക്, കറുവപ്പട്ട എന്നിവയല്ലാതെ മറ്റൊന്നും അതിലില്ലെന്നും അവർ കുറിച്ചു.
എന്നാൽ, ഈ അഭിപ്രായം ഇന്ത്യൻ ഭക്ഷണപ്രിയരെ ചൊടിപ്പിച്ചു. പലരും പോയി ഒട്ടും രുചിയില്ലാത്ത ഭക്ഷണം കഴിക്കാൻ നിർദേശിച്ചു. ‘തീർച്ചയായും ആസ്‌ത്രേലിയൻ ഭക്ഷണത്തേക്കാൾ മികച്ചതാണിത്. ഗോമാംസത്തിന് പകരം കംഗാരു മാംസം ഉള്ള ഏറ്റവും മോശം ഭക്ഷണം ഇംഗ്ലീഷ് ഭക്ഷണമാണെ’ന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ‘ഞാനിത് വസ്തുതാപരമായി പരിശോധിച്ചു. വാസ്തവത്തിൽ ഇത് ഏറ്റവും മികച്ച ഭക്ഷണമാണെന്ന് മറ്റൊരാളും പറഞ്ഞു. ആരുടെയെങ്കിലും ഭക്ഷണത്തിലെ മസാലയുടെ കാഴ്ച നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ ജീവിതത്തിൽ വളരെ അരുചിയുള്ള ആളാണെന്നായിരുന്നു മറ്റൊരു കമന്‍റ്.
‘ഇന്ത്യയിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ നിയന്ത്രണത്തിനായി യൂറോപ്യൻ രാജ്യങ്ങൾ യുദ്ധം ചെയ്യാറുണ്ടായിരുന്നുവെന്ന് മറ്റൊരാൾ കൂട്ടിച്ചേർത്തു. ‘ഇതേ അഴുക്ക് മസാലകൾ ഒരു കാലത്ത് യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടാൻ പര്യാപ്തമായിരുന്നു. ജീവിതത്തിൽ ഒരു ചെറിയ രസം ചേർക്കുന്നത് നല്ലതാണെന്നായിരുന്നു വേറൊന്ന്. ഇവരുടെ അഭിപ്രായങ്ങൾ വായിച്ചപ്പോൾ മയോണൈസ് ഇവർക്ക് വളരെ രുചികരമാണെന്ന് തോന്നിയെന്ന് മറ്റൊരു ഇന്‍റർനെറ്റ് ഉപയോക്താവ് പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.