നേതാക്കൾ കൊല്ലപ്പെട്ടാലും ചെറുത്തുനിൽപ്പിൽനിന്ന് പിന്നോട്ടില്ല -ആയത്തുല്ല അലി ഖാംനഈ
text_fieldsതെഹ്റാൻ: ഇസ്രായേലുമായുള്ള യുദ്ധമെന്ന അഭ്യൂഹങ്ങൾക്കിടെ അഞ്ച് വർഷത്തിനുശേഷം ആദ്യമായി പൊതുയിടത്തിൽ ജുമുഅ പ്രാർത്ഥനക്ക് നേതൃത്വം നൽകി ഇറാൻ പരമോന്നത നേതാവ ആയത്തുല്ല അലി ഖാംനഈ. ഇസ്രായേലിനും അമേരിക്കക്കുമെതിരെ ആഞ്ഞടിച്ച അദ്ദേഹം, മുസ്‌ലിം രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് ആഹ്വാനം നടത്തുകയും ചെയ്തു.
നസ്‌റുല്ലക്ക് വേണ്ടിയുള്ള പ്രാർത്ഥനക്കു ശേഷം സംസാരിച്ച ഖാംനഈ, ഹമാസിനെതിരെയോ ഹിസ്ബുല്ലക്കെതിരെയോ ഇസ്രായേലിന് വിജയം കാണാനാകില്ലെന്ന് പറഞ്ഞു. സയ്യിദ് ഹസൻ നസ്‌റല്ല ഇന്ന് നമ്മോടൊപ്പമില്ല, പക്ഷേ അദ്ദേഹത്തിന്‍റെ പാതയും എന്നും നമ്മെ പ്രചോദിപ്പിക്കും. സയണിസ്റ്റ് ശത്രുവിനെതിരെയുള്ള പതാകയായിരുന്നു അദ്ദേഹം. നമ്മുടെ അചഞ്ചലമായ വിശ്വാസത്തെ ശക്തിപ്പെടുത്തിക്കൊണ്ട് നാം ശത്രുവിനെതിരെ നിലകൊള്ളണം.
ഇറാനും ഇറാന്‍റെ സഖ്യ കക്ഷികളും ഇസ്രായേലിനെതിരായ നീക്കത്തിൽനിന്ന് പിന്നോട്ടില്ല. നേതാക്കൾ കൊല്ലപ്പെട്ടാലും മേഖലയിലെ ചെറുത്തുനിൽപ്പ് പിന്നോട്ടില്ല.
അധിനിവേശത്തിനെതിരെ നിലകൊണ്ട ഫലസ്തീനികൾക്കും ലെബനോനും എതിരെ നിലകൊള്ളാൽ ഒരു അന്താരാഷ്ട്ര നിയമത്തിനും സാധിക്കില്ല. മേഖലയിലെ ഭൂമിയുടെയും വിഭവങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള അമേരിക്കയുടെ ടൂൾ ആണ് ഇസ്രായേൽ. സയണിസ്റ്റ് അസ്തിത്വം ഭൂമിയിൽ നിന്ന് പിഴുതെറിയപ്പെടും. അതിന് വേരുകളില്ല, അത് അസ്ഥിരമാണ്. അമേരിക്കൻ പിന്തുണയുള്ളതിനാൽ മാത്രമാണ് അത് നിലനിൽക്കുന്നത്.
ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ ആയത്തുല്ല അലി ഖാംനഈക്കുനേരെ ആക്രമണ ഭീഷണിയുണ്ടെന്ന റിപ്പോർട്ടിനിടെ തുടർന്ന് അദ്ദേഹത്തെ അജ്ഞാത സുരക്ഷിത കേന്ദ്രത്തിലേക്ക് നേരത്തെ മാറ്റിയിരുന്നു. ഇതിനിടെയാണ് പൊതുയിടത്തിൽ എത്തി വെള്ളിയാഴ്ച നമസ്കാരത്തിന് അദ്ദേഹം നേതൃത്വം നൽകിയത്. പ്രസംഗത്തിനിടെ വിശാലമായ മസ്ജിദ് മൈതാനത്ത് തടിച്ചുകൂടിയ പതിനായിരക്കണക്കിന് ജനങ്ങൾ ‘ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്’ എന്ന് മുദ്രാവാക്യം മുഴക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.