ഭൂകമ്പാവശിഷ്ടങ്ങൾക്കടിയിൽ ജനിച്ചു വീണ ‘അത്ഭുത ബേബിക്ക്’ പേരായി, വീടും
text_fieldsഭൂകമ്പ ബാധിത സിറിയയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജനിച്ചു വീണ കുഞ്ഞിന് പേരും വീടുമായി. അത്ഭുത കുട്ടി എന്ന് വിളിപ്പേര് വീണ കുഞ്ഞിന് അറബിയിൽ അത്ഭുതം എന്ന് തന്നെ അർഥം ദ്യോതിപ്പിക്കുന്ന ‘അയ’ എന്നാണ് പേരിട്ടിരിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പാണ് ഭൂകമ്പത്തിൽ ഇടിഞ്ഞു വീണ വീടിന്റെ അവശിഷ്ടങ്ങൾക്കടിയിൽ പെട്ട ഗർഭിണി അവിടെ തന്നെ പ്രസവിച്ചത്. രക്ഷാ പ്രവർത്തകർ ഇവരെ കണ്ടെത്തുമ്പോൾ അമ്മ മരിച്ചിരുന്നു. കുഞ്ഞിന്റെ പൊക്കിൾക്കൊടിപോലും അമ്മയിൽ നിന്ന് അറ്റുവീണിരുന്നില്ല. എന്നാൽ കുഞ്ഞിന് ജീവനുണ്ടായിരുന്നു. ഈ കുഞ്ഞിനെയും കൈയിലെടുത്ത് രക്ഷാ പ്രവർത്തകർ ഓടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരാൾ കുഞ്ഞുമായി ഓടുകയും മറ്റൊരാൾ ടർക്കിയുമായി കുഞ്ഞിനെ പൊതിയാനെത്തുകയും വേറൊരാൾ വാഹനം ലഭ്യമാക്കാനായി ആവശ്യപ്പെടുന്നതുമായ വിഡിയോയാണ് പ്രചരിച്ചിരുന്നത്.
കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു. ഭൂകമ്പത്തിൽ കുഞ്ഞിന്റെ മാതാവും പിതാവും സഹോദരങ്ങളുമെല്ലാം മരിച്ചു പോയി. കുടുംബാംഗങ്ങളെല്ലാം മരിച്ചതിനാൽ താൻ അവളെ വളർത്തുമെന്ന് കുഞ്ഞിന്റെ പിതാവിന്റെ അമ്മാവൻ സലാഹ് അൽ ബന്ദ്രാൻ അറിയിച്ചു. അദ്ദേഹത്തിന്റെ വീടും ഭൂകമ്പത്തിൽ തകർന്നുപോയതാണ്. അദ്ദേഹവും കുടുംബവും നിലവിൽ ടെന്റിലാണ് താമസിക്കുന്നത്.
ആയിരക്കണക്കിന് പേർ കുഞ്ഞിനെ ദത്തെടുക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി പരിക്കുകൾ കുട്ടിക്കുണ്ട്. ശ്വസന പ്രശ്നവും നേരിടുന്നുണ്ട്. അതിശക്തമായ തണുപ്പത്ത് കിടക്കേണ്ടി വന്നതിനാലുള്ള ബുദ്ധിമുട്ടുകളും കുട്ടിക്കുണ്ട്. കുട്ടിയുടെ ശരീരം ചൂടാക്കികൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. ചികിത്സിക്കുന്ന ഡോക്ടറുടെ ഭാര്യ അവരുടെ കുഞ്ഞിനൊപ്പം ഈ കുഞ്ഞിനെയും പാലൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.