ഗസയിലെ സംഘർഷത്തിെൻറ രാഷ്ട്രീയവും പശ്ചാത്തലവും എന്താണ്?
text_fieldsഗസ്സക്ക് നേരെ സയണിസ്റ്റ് ആക്രമണം നടക്കുന്നത് എന്ത് കൊണ്ടാണ്. വൻ ആൾ നാശവും നഷ്ടവും സൃഷ്ടിക്കുന്ന ഇപ്പോഴത്തെ ഫലസ്തീൻ ഒരു പാഠശാലയാണെന്ന് മുൻപ് അവിടം സന്ദർശിച്ച ചിന്തകനും മീഡിയാ വൺ മാനേജിംഗ് എഡിറ്ററുമായ സി.ദാവൂദ് എഴുതുന്നു.
ഗസ്സയില്‍ ബോംബ് പൊട്ടുമ്പോള്‍ നിങ്ങളെന്തനാണ് ഇവിടെക്കിടന്ന് മോങ്ങുന്നത്?-ഗസ്സയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തീവ്ര വലതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് വരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്നാണിത്. അങ്ങ് എവിടെയോ കിടക്കുന്ന ഒരു ദേശത്ത് എന്തോ സംഭവിക്കുന്നതിെൻറ പേരില്‍ ഇങ്ങ് ഈ കേരളത്തില്‍ ആളുകള്‍ ബഹളമുണ്ടാക്കുന്നതും ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കുന്നതും അവര്‍ക്ക് മനസ്സിലാവുന്നില്ല. 2021 മെയില്‍ തുടങ്ങിയ പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, കേരളത്തിലുയരുന്ന ഗസ്സ ഐക്യദാര്‍ഢ്യ ബോധത്തില്‍ അമര്‍ഷം പൂണ്ട് പ്രതികരിക്കുന്ന സംഘപരാവാറുകാരെയും യുക്തിവാദികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശാസ്ത്രീയ വംശീയവാദികളെയും കേരളത്തില്‍ ധാരാളമായി കാണാം.
2021 മെയ് 18ന് സഘപരിവാര്‍ മുഖപത്രമായ 'ജന്മഭൂമി' ഒരു പേജ് മുഴുവന്‍ ഫലസ്തീനികളെയും ഹമാസിനെയും ചീത്ത പറയാന്‍ നീക്കി വെച്ചിരുന്നു. അതിലെ ഒരു ലേഖനത്തിെൻറ തലക്കെട്ട് 'എല്‍.ഡി.എഫിനും യു.ഡി.എഫിനും ഹമാസ് ഘടകക്ഷിയോ?' എന്നതായിരുന്നു. ഹമാസിെൻറ നേതൃത്വത്തില്‍ നടക്കുന്ന ഫലസ്തീനികളുടെ പ്രതിരോധത്തോട് കേരളത്തിെൻറ പൊതുമനസ്സാക്ഷി പ്രകടിപ്പിക്കുന്ന അനുഭാവ സമീപനമാണ് സംഘപരിവാര്‍ പത്രത്തെ ചൊടിപ്പിക്കുന്നത്.
എന്തിനാണ് ഗസ്സയുടെയും ഫലസ്തീെൻറയും കാര്യത്തില്‍ നിങ്ങള്‍ക്കിത്ര താല്പര്യം എന്ന സംഘപരിവാരുകാരുടെ സംശയത്തില്‍ കാര്യമുണ്ട്. ലോകത്തെ മറ്റേതൊരു പ്രശ്നത്തിലും ഉണ്ടാകാത്ത വിധമുള്ള പ്രതികരണങ്ങള്‍ ഫലസ്തീെൻറ കാര്യത്തില്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നുണ്ട്. അത് പക്ഷേ, നമ്മുടെ നാട്ടില്‍ മാത്രമല്ല. ലോകത്തെല്ലായിടത്തുമുണ്ട്. ഇപ്പോഴത്തെ ഗസ്സ ആക്രമണത്തിെൻറ പശ്ചാത്തലത്തില്‍ ഏതാണ്ടെല്ലാ പ്രധാനപ്പെട്ട യൂറോപ്യന്‍ തലസ്ഥാനങ്ങളിലും അമേരിക്കന്‍ നഗരങ്ങളിലും സര്‍വകലാശാലകളിലും വമ്പന്‍ പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്; നടന്നു കൊണ്ടിരിക്കുന്നുണ്ട്. അതായത്, 'തീവ്രവാദികളുടെ ഹബ്' ആയി മാറിയ കേരളത്തില്‍ മാത്രമല്ല അത്തരം ഐക്യദാര്‍ഢ്യ പ്രകടനങ്ങളെന്ന് ചുരുക്കം.
ഒരുപക്ഷേ, ഇപ്പോള്‍ ഫലസ്തീനില്‍ നടക്കുന്നതു പോലെയോ അതെക്കാള്‍ രൂക്ഷമായതോ ആയ സംഘര്‍ഷങ്ങള്‍ ലോകത്ത് പലേടത്തും നടക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നഗര്‍ണോ കാരാബാക് പ്രശ്നത്തില്‍ അര്‍മേനിയക്കും അസര്‍ബൈജാനും ഇടയില്‍ നടന്ന സംഘര്‍ഷങ്ങള്‍, മ്യാന്മറിലെ പട്ടാള അട്ടിമറിയും തുടര്‍ സംഘര്‍ഷങ്ങളുമെല്ലാം ആ നിലക്ക് ഗൗരവപ്പെട്ടതാണ്. പക്ഷേ, അവക്കൊന്നുമില്ലാത്ത സാര്‍വദേശീയ ശ്രദ്ധ ഫലസ്തീനിലെ പ്രശ്നങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. അതിന് പ്രധാനപ്പെട്ട പല കാരണങ്ങളുണ്ട്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന വിമോചന സമരങ്ങളിലൊന്നാണ് ഫലസ്തീനിലെത്.
1948ല്‍ ലക്ഷക്കണക്കിന് അറബികളെ അവരുടെ വീടുകളില്‍ നിന്ന് കുടിയിറക്കിക്കൊണ്ട്, അക്രമത്തിലൂടെ സ്ഥാപിതമായി രാജ്യമാണ് ഇസ്രയേല്‍. ലോകത്തെ വന്‍കിട സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെയാണ് അത് നിലനില്‍ക്കുന്നത്. ഇസ്രയേല്‍ സാങ്കേതികമായി ഒരു സ്വതന്ത്ര രാജ്യമാണെങ്കിലും പ്രയോഗത്തില്‍ അത് അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനം പോലെയാണ് പരിഗണിക്കപ്പെടുന്നത്. റിപ്പബ്ലിക്കന്സാവട്ടെ ഡെമോക്രാറ്റുകളാവട്ടെ, ആര് അധികാരിത്തില്‍ വന്നാലും അമേരിക്കയുടെ ഇസ്രയേല്‍ നയത്തില്‍ ഒരു മാറ്റവും വരാത്തത് അത് കൊണ്ടാണ്. ഡോണള്‍ഡ് ട്രംപിനെതിരെ വന്‍ വിമര്‍ശനങ്ങളുയര്‍ത്തി പുരോഗമാനവാദികളുടെ പിന്തുണയോടെ അധികാരത്തില്‍ വന്ന ജോ ബൈഡന് ഫലസ്തീന് വിഷയം വരുമ്പോള്‍ മറ്റൊരു ട്രംപായി മാറുന്നത് ഈ ദിവസങ്ങളില്‍ നാം കാണുന്നു. അതായത്, ഇസ്രയേല്‍ എന്നത് ഒരു രാജ്യമല്ല. ലോക സാമ്രാജ്യത്വത്തിെൻറ പ്രതീകമാണ്.
ലോകത്തെ സര്‍വ സായുധ ശക്തിയും സമ്മേളിച്ചിരിക്കുന്ന ഒരൊറ്റ പോയന്റാണത്; മുമ്പും ഇപ്പോഴും. അത്തരമൊരു ശക്തിക്കെതിരെ അഭയാര്‍ഥികളാക്കപ്പെട്ട ഒരു ജനത പതിറ്റാണ്ടുകളായി കല്ലും കവണയും ഉപയോഗിച്ച് ഒരു സമരം നടത്തുന്നു എന്നത് തന്നെയാണ് ഫലസ്തീന് സമരത്തിെൻറ വൈകാരികവും നൈതികവുമായ പ്രസക്തി. അങ്ങിനെയൊരു സമരം ലോകമാസകലം ജനാധിപത്യവാദികളെ ആവേശം കൊള്ളിച്ചു കൊണ്ടിരിക്കും എന്നത് വസ്തുതയാണ്. അതുകൊണ്ടാണ് ഗസ്സയില്‍ ബോംബ് വീഴുമ്പോള്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും കോഴിക്കോട്ടും കൂട്ടിലങ്ങാടിയിലുമെല്ലാം പ്രകടനങ്ങള്‍ നടക്കുന്നത്. ലോകമെങ്ങുമുള്ള സ്വാതന്ത്ര്യ പോരാളികളെ ത്രസിപ്പിക്കുന്ന, അവരുടെ ധാര്‍മിക ചോദനയെ ഉണര്‍ത്തുന്ന പ്രതീക ബിന്ദു എന്നതാണ് ഫലസ്തീെൻറ സ്ഥാനം. അതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിക്കുന്ന ഒരു കുറിപ്പില്‍ വന്നുകേറുന്ന അലസ പ്രയോഗങ്ങള്‍ തിരുത്താന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ നിര്ബന്ധിക്കപ്പെടുന്നതിെൻറ സാഹചര്യമതാണ്. നിങ്ങള്‍ക്ക് ഫലസ്തീനെ കുറിച്ച് അലസമായി, അവിടെയും ഇവിടെയും തൊടാത്ത കിഞ്ചന വര്‍ത്തമാനങ്ങള്‍ പറഞ്ഞുപോകാന്‍ പറ്റില്ല.
സ്വാതന്ത്ര്യത്തിനും അധിനിവേശത്തിനുമിടയല് വരക്കപ്പെട്ട ഒരു രേഖയുടെ പേരാണ് ഫലസ്തീന്. ആ രേഖയുടെ ഏത് വശത്താണ് നിങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നത് എന്നത് ഓരോ നിമിഷത്തിലും ചോദ്യം ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ നിലപാടിെൻറ പ്രശ്നമാണ്. വംശീയതയില്‍ പ്രചോദിതരായ രണ്ട് ദര്‍ശനങ്ങളാണ് ഹിന്ദുത്വയും നവനാസ്തികതയും. പ്രത്യേക വിശുദ്ധിയുള്ള തെരഞ്ഞെടുക്കപ്പെട്ട വംശമാണ് ജൂതര്‍ എന്ന് വിചാരിക്കുന്ന സയണിസ്റ്റുകളുടെ പക്ഷത്തേ ഹിന്ദുത്വ വാദികള്‍ക്കും നവനാസ്തികര്‍ക്കും നിലയുറപ്പിക്കാനാവുകയുള്ളൂ.
ഹമാസാണല്ലോ ആദ്യം റോക്കറ്റ് വിട്ടത്?
നിലവിലെ ഗസ്സ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദുത്വ വാദികളും യുക്തിവാദികളും മാത്രമല്ല, നിഷ്കളങ്കാവബോധക്കാരായ നിഷ്പക്ഷരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇപ്പോഴത്തെ ഈ പ്രശ്നങ്ങള്‍ക്ക് കാരണം ഹമാസ് അല്ലേ; അവരാണല്ലോ ആദ്യം റോക്കറ്റ് വിട്ടത് എന്നതാണത്. പ്രത്യക്ഷത്തില്‍ ശരിയാണല്ലോ എന്ന് തോന്നിപ്പിക്കുന്ന ചോദ്യമാണത്. ഹമാസ് ജറൂസലേമിലേക്ക് റോക്കറ്റ് വിട്ടതിന് ശേഷമാണ് 2021 മെയിലെ ഗസ്സ ബോംബിംഗ് തുടങ്ങുന്നത്. പക്ഷേ, ഫലസ്തീെൻറ ചരിത്രം 2021 മെയില്‍ തുടങ്ങുന്നതല്ല.
ഈ നിഷ്കളങ്ക നിഷ്പക്ഷര്‍ സബ്റയെക്കുറിച്ചും ഷത്തിലയെക്കുറിച്ചും കേട്ടിട്ടുണ്ടോ? ലബനനിലെ രണ്ട് ഫലസ്തീനി അഭയാര്‍ഥി ക്യാമ്പുകളാണ് സബ്റയും ഷത്തിലയും. ഇസ്രയേല്‍ രൂപീകരണത്തെ തുടര്‍ന്ന് നാടും വീടും ഉപേക്ഷിച്ച് ഓടിപ്പോവേണ്ടി വന്ന ഫലസ്തീന് അഭയാര്‍ഥികള്‍ നരകിച്ചു ജീവിക്കുന്ന ഇടം. അവിടെയാണ് 1982 സെപ്തംബര്‍ 16നും 18നുമിടയില്‍ ഇസ്രയേലി സൈന്യത്തിെൻറ പിന്തുണയോടെ വലതുപക്ഷ മിലീഷ്യകള്‍ ആക്രമണം നടത്തിയത്. വെറും രണ്ട് ദിവസങ്ങള്‍ കൊണ്ട് സ്ത്രീകളും കുട്ടികളുമടക്കം 3500 പേരെയാണ് അവിടെ കൊന്നുകളഞ്ഞത്. അന്ന് അതിന് നേതൃത്വം നല്കിയ ഷിമോന്‍ പെരസ് പിന്നീട് ഇസ്രയേലിെൻറ പ്രധാനമന്ത്രിയാകുന്നതാണ് നാം കണ്ടത്. സബ്റ ഷത്തീല കൂട്ടക്കൊലകള്‍ നടക്കുമ്പോള്‍ ഹമാസ് രൂപീകരിക്കപ്പെട്ടിട്ടു പോലുമില്ല.
1987ല്‍ മാത്രം രൂപീകരിക്കപ്പെടുന്ന സംഘടനാണത്. സബ്റയും ഷത്തീലയും ഉദാഹരണത്തിന് വേണ്ടി മാത്രം പറഞ്ഞതാണ്. ആ നിലക്കുള്ള പരശ്ശതം കൂട്ടക്കൊലകളുടെയും അധിനിവേശത്തിെൻറയും രക്തം കിനിയുന്ന ചരിത്രമാണ് ഇസ്രയേലിെൻറത്. നികൃഷ്ടമായ ഈ അധിനിവേശത്തോടുള്ള ലോകത്തിെൻറ നിസംഗതയില്‍ നിന്നാണ് ഹമാസ് പിറവിയെടുക്കുന്നത് തന്നെ. അതായത്, 2021 മെയില്‍ തുടങ്ങുന്ന ഒന്നല്ല ഇസ്രയേലി അധിനിവേശവും അധിനിവേശത്തിനെതിരായ സമരവും. ആ തുടര്‍ച്ചയില്‍ മാത്രമേ അവിടെ നടക്കുന്ന ഏത് സംഭവത്തെയും കാണാന്‍ കഴിയുകയുള്ളൂ. അധിവേശം തുടങ്ങിയവര്‍ അതങ്ങ് അവസാനിപ്പിക്കുക എന്നത് മാത്രമാണ് അതിനുള്ള പരിഹാരം.
ഇസ്രയേല്‍ രൂപീകരണം, അഭയാര്‍ഥി പ്രവാഹം, കുടിയിറക്കം എന്നൊക്കെ പറയുന്നത് പഴയ കാര്യങ്ങളല്ലേ, ഇസ്രയേല്‍ എന്നത് യാഥാര്‍ഥ്യമല്ലേ, അതങ്ങ് അംഗീകരിക്കുന്നതല്ലേ പ്രായോഗികമായി നല്ലത് എന്നൊരു ചോദ്യവും നേത്തെ പറഞ്ഞ നിഷ്കളങ്ക നിഷ്പക്ഷര്‍ ഉന്നയിക്കാറുണ്ട്. 1948ല്‍ ഇസ്രയേല്‍ രൂപീകരിക്കപ്പെട്ടു, അത് ലോകത്തെ പ്രധാനപ്പെട്ടൊരു രാജ്യമായി; ആ യാഥാര്‍ഥ്യത്തെ അംഗീകരിക്കൂ എന്നൊരു പ്രായോഗിക വഴിയാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. അഭയാര്‍ഥികളായി വിവിധ നാടുകളില്‍ ജീവിക്കുന്ന മനുഷ്യരെ മറന്നുകൊണ്ടുള്ളതാണ് ഈ നിഷ്പക്ഷ നിലപാട് എന്നത് അവിടെയിരിക്കട്ടെ.
ഈ നിഷ്കളങ്ക നിഷ്പക്ഷര്‍ പറയുന്നതു പോലെ ഇസ്രയേല്‍ എന്ന യാഥാര്‍ഥ്യത്തെ അംഗീകരിച്ചു കൊണ്ടാണ് 1991ല്‍ ഫലസ്തീന് വിമോചന പ്രസ്ഥാനം ഓസ്ലോ കരാറില്‍ ഒപ്പിടുന്നത്. ആ കരാര്‍ പ്രകാരം രൂപീകരിക്കപ്പെട്ട രാജ്യമാണ് ഫലസ്തീന് അഥോറിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന ഭാഗിക രാജ്യം. നിലവിലെ വെസ്റ്റ് ബാങ്കും ഗസ്സയുമാണ് ഫലസ്തീന് അഥോറിറ്റിയുടെ ഭരണ പ്രദേശങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതായത്, യാഥാര്‍ഥ്യ ബോധമുള്ളവരാവൂ എന്ന അന്താരാഷ്ട്ര നിഷ്പക്ഷ സമൂഹത്തിെൻറ പ്രലോഭനത്തിലും സമ്മര്‍ദ്ദത്തിലും പെട്ട് ഫലസ്തീനികള്‍ അംഗീകരിച്ചു കൊടുക്കേണ്ടി വന്ന പരിഹാരം. എന്നാല്‍, ഫലസ്തീന് അഥോറിറ്റി രൂപീകരിക്കപ്പെട്ട ശേഷവും അതിനെ മര്യാദക്ക് നിലനില്‍ക്കാനോ അധിനിവേശം നിര്‍ത്താനോ ഇസ്രയേല്‍ സമ്മതിച്ചിട്ടില്ല എന്നതാണ് വാസ്തവം. വെസ്റ്റ് ബാങ്കിലെ അറബി ഗ്രാമങ്ങള്‍ ഓരോന്നായി കയ്യേറി കുടിയേറ്റ കേന്ദ്രങ്ങള്‍ പണിതു കൊണ്ടേയിരിക്കുയാണ് അവര്‍. ശൈഖ് ജര്‍റാഹ് എന്ന ഗ്രാമത്തില്‍ അത്തരത്തില്‍ ആളുകളെ ഒഴിപ്പിച്ച് കുടിയേറ്റം നടത്താനുള്ള പദ്ധതിയാണ് പുതിയ സംഘര്‍ഷങ്ങളുടെ ഹേതു.
2007 മുതല്‍ ഗസ്സക്ക് മേല്‍ ഇസ്രയേല്‍ ഉപരോധം നിലനില്‍ക്കുയാണ്. കടല്‍, കര, വ്യോമ പാതകള്‍ എല്ലാം ഇസ്രയേല്‍ കെട്ടിപ്പൂട്ടി വെച്ചിരിക്കുന്നു. 20 ലക്ഷം മനുഷ്യര്‍ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജയില്‍ ആണ് യഥാര്‍ഥത്തില്‍ ഗസ്സ. ഗസ്സക്ക് മേല്‍ ഇത്രയും മാരകമായ ഉപരോധം ഏര്‍പ്പെടുത്താനുള്ള കാരണമെന്താണ്? ഫലസ്തീന് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഹമാസിനെ തെരഞ്ഞെടുത്തു എന്നത് മാത്രമാണ് അതിെൻറ കാരണം. അതായത്, സ്വതന്ത്രവും നീതിപൂര്വകുമായ തെരഞ്ഞെടുപ്പെന്ന് അന്താരാഷ്ട്ര ഏജന്‍സികളെല്ലാം സാക്ഷ്യപ്പെടത്തിയ ഒരു തെരഞ്ഞെടുപ്പില്‍ ഫലസ്തീനിലെ ജനങ്ങള്‍ അവര്‍ക്കിഷ്ടപ്പെട്ട ഒരു പ്രസ്ഥാനത്തെ തെരഞ്ഞെടുക്കുന്നു. 134ല്‍ 72 സീറ്റുമായി ഹമാസ് അധികാരത്തില്‍ വരുന്നു. ഇസ്മായില്‍ ഹനിയ്യ പ്രധാന മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്നു.
പക്ഷേ, ആ സര്‍ക്കാരിനെ ശ്വാസം മുട്ടിച്ചു കൊല്ലാനാണ് അന്താരാഷ്ട്ര സമൂഹം ശ്രമിച്ചത്. ഇസ്രയേലിെൻറ ഭീഷണിക്ക് മുന്നില്‍ ഫലസ്തീന് അഥോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഹനിയ്യ സര്‍ക്കാരിനെ പിരിച്ചു വിടുന്നു. ഭരണ ആസ്ഥാനമായ റാമല്ലയില്‍ പോകാന്‍ പോലും പ്രധാന മന്ത്രിയായ ഹനിയ്യക്ക് സാധിച്ചില്ല. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള ഹമാസ് എം.പിമാരെ മുഴുവന്‍ അറസ്റ്റ് ചെയ്യുന്നു. ഗസ്സ കൈവിട്ടു കൊടുക്കാന്‍ ഹമാസ് സന്നദ്ധമായില്ല. അങ്ങിനെയാണ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഉപരോധത്തിന് ആ ദേശം വിധേയമാകുന്നത്. 14 വര്‍ഷമായി ആ ഉപരോധം തുടരുന്നു. ഒരു ജനത അവരുടെ ജനാധിപത്യ അവകാശം വിനിയോഗിച്ചതിെൻറ പേരില്‍ അവരെ ഉപരോധത്തിലാക്കുന്ന അതിവിചിത്രമായ കാര്യം. അതായത്, ഗസ്സക്കാര്‍ റോക്കറ്റ് വിട്ടതിെൻറ പേരിലാണ് അവര്‍ ശിക്ഷിക്കപ്പെടുന്നത് എന്ന നിഷ്പക്ഷ ഭാഷ്യം കപടമാണ്. അവര്‍ ബാലറ്റ് പ്രയോഗിച്ചതിെൻറ പേരിലാണ് അവരെ ആദ്യം ശിക്ഷിക്കുന്നത്.
അത് കൂടുതല്‍ തീവ്രമായി തുടരുകയും ചെയ്യുന്നു. അതിനെ മറികടക്കാനാണ് അവര്‍ റോക്കറ്റ് പ്രയോഗിച്ചത്. അതായത്, ഹമാസിെൻറ റോക്കറ്റില്‍ തുടങ്ങിയതല്ല ഫലസ്തീനിലെ സംഘര്‍ഷം. ഫലസ്തീനികളുടെ ജീവിതത്തെയും അന്തസ്സിനെയും അംഗീകരിക്കില്ല എന്ന സയണിസ്റ്റ് നിലപാടാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം. ഈ അടിസ്ഥാനം കാണാത്തവരാണ് ഹമാസ് റോക്കറ്റാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്ന തീര്‍പ്പിലെത്തുന്നത്.
ഗസ്സ: പോരാട്ടത്തിെൻറ പാഠശാല
നാല്പത് കിലോമീറ്റര്‍ നീളവും 20 കിലോമീറ്റര്‍ വീതിയുമുള്ള ചെറിയൊരു ഭൂപ്രദേശമാണ് ഗസ്സ. 20 ലക്ഷം ജനങ്ങളാണ് അവിടെ തിങ്ങിപ്പാര്‍ക്കുന്നത്. ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം. ആ പ്രദേശത്തെയാണ് ഇസ്രയേലും ഈജിപ്തും അന്താരാഷ്ട്ര സമൂഹവും ചേര്‍ന്ന് പൂട്ടിയിട്ടിരിക്കുന്നത്. അതിനെല്ലാം പുറമേയാണ് തോന്നുമ്പോഴെല്ലാം ഇസ്രയേല്‍ അവിടെ മാരകമായ ബോബാക്രമണം നടത്തുന്നത്. എങ്ങിനെയാണ് ആ ജനത അതിജീവിക്കുന്നത് എന്ന നിശ്ചയമായും ആശ്ചര്യകരമായ ചോദ്യമാണ്. ഗസ്സയിലെ ജനങ്ങളെ ഉപരോധിച്ച് വീര്‍പ്പ് മുട്ടിച്ചാല്‍ അവര്‍ ഹമാസിനെതിരെ തിരിയും എന്നായിരുന്നു ഇസ്രയേലും കൂട്ടാളികളും കണക്കു കൂട്ടിയിരുന്നത്. എന്നാല്‍, അങ്ങിനെയല്ല സംഭവിച്ചത്. ഓരോ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും അവര്‍ അവരുടെ പ്രസ്ഥാനത്തോട് കൂടുതല്‍ ഒട്ടി നില്‍ക്കുകയായിരുന്നു. അസാധാരണമായ പോരാട്ട വീര്യവും ഐക്യബോധവുമാണ് ഗസ്സക്കാരെ നിലനിര്‍ത്തുന്നത്. 2012ലെ യുദ്ധത്തിന് തൊട്ടുടനെ ആ പ്രദേശത്ത് സഞ്ചരിക്കാന്‍ അവസരം കിട്ടിയ ഒരാളാണ് ഈ ലേഖകന്‍. ആ ജനതയുടെ വിസ്മയാവഹമായ ജീവിതത്തെ വിവരിക്കാന്‍ നമുക്ക് വാക്കുകള്‍ കിട്ടില്ല. തങ്ങളുടെ എല്ലാ പരിമിതികളിലും മനോഹരമായ നഗരമായി അവര്‍ ഗസ്സയെ കാത്തു പോരുന്നു.
മുഖാവമ (പ്രതിരോധം) എന്ന ആശയത്തെ ചുറ്റിപ്പറ്റിയാണ് അവരുടെ ജീവിതം തന്നെ. തെൻറ കഴിവുകള്‍ മുഴുവന്‍ പ്രതിരോധത്തിനും വിമോചനത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ് എന്ന് വിചാരിക്കുന്ന ജനങ്ങളാണവിടെ. അവരെയും അവരുടെ രാഷ്ട്രീയ നേതൃത്വത്തെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ഇസ്രയേലിെൻറ ശ്രമങ്ങളൊന്നും വിജയിക്കാത്തതിെൻറ കാറണവും അതു തന്നെയാണ്. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളൊക്കെ സംഭ്രമിച്ചൊലിച്ചു പോകുന്ന ഒരു ദേശമാണത്. മധുവിധു കഴിയും മുമ്പ് ഇസ്രയേലി കാരാഗൃഹങ്ങളില്‍ അകപ്പെട്ടു പോയ ചെറുപ്പക്കാര്‍ അവിടെയുണ്ട്. അവര്‍ എപ്പോള്‍ തിരിച്ചു വരും എന്ന് പ്രതീക്ഷയില്ലാത്ത അവരുടെ പ്രാണപ്രേയസികള് ആ നാട്ടിലുണ്ട്. പക്ഷേ, തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ അവര്‍ നില്ക്കുന്നു.
ഇസ്രയേലി തടവറകളിലുള്ള തങ്ങളുടെ ഭര്ത്താക്കന്മാരുടെ ബീജം ഇസ്രയേലി ജയിലധികൃതരുടെ കണ്ണ് വെട്ടിച്ച് കടത്തി, ഗര്‍ഭ ധാരണം നടത്തി കുഞ്ഞുങ്ങളെ പ്രസവിച്ച സ്ത്രീകളുടെ നാടാണത്. 'ഗറില്ലാ ഗര്‍ഭങ്ങള്‍' എന്ന തലക്കെടടിൽ മാധ്യമം ആഴ്ചപ്പതിപ്പില്‍ ഞാന്‍ അതെക്കുറിച്ച് എഴുതിയിരുന്നു. അതിജീവനത്തിെൻറയും പ്രതിരോധത്തിെൻറയും നടപ്പു രീതികള്‍ വെച്ച് അവരെ നമുക്ക് അളക്കാന്‍ പറ്റില്ല. വിസ്മയാവഹമായി ജീവിക്കുന്ന, ജീവിത്തെ ആഘോഷിക്കുന്ന എന്നാല്‍ തരിമ്പും മരണഭയമില്ലാത്ത അസാധാരണ മനുഷ്യരുടെ ലോകമാണത്. ലോകമെങ്ങുമുള്ള വിമോചനപ്പോരാളികളെ ഗസ്സയും ഹമാസും നിരന്തരം പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നത് അതു കൊണ്ടാണ്. വിമോചനപ്പോരാളികളുടെ പാഠശാലയാണത്. ഇസ്രയേലി മിസൈല്‍ ആക്രമണത്തിെൻറ ദൃശ്യങ്ങള്‍ കണ്ട് നമ്മള് ഭയചകിതരാവുമ്പോള്‍ വന്നുവീഴുന്ന മിസൈലിെൻറ അവിശിഷ്ടങ്ങള്‍ ഉപയോഗിച്ച് എങ്ങിനെ കുഞ്ഞു റോക്കറ്റുകളുണ്ടാക്കാന് കഴിയും എന്നാണ് അവര്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്. അങ്ങിനെയൊരു ജനതയെ ആര്‍ക്കാണ് തോല്പിക്കാന് സാധിക്കുക?
( മാധ്യമം ആഴ്ചപ്പതിപ്പിന്റെ 1213 ാം ലക്കത്തിൽ പ്രസിദ്ധീകരിച്ചത് )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.