ജി20 ഉച്ചകോടി സമാപിച്ചു; അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ഇന്ത്യ
text_fieldsബാലി: വികസിതവും വികസ്വരവുമായ 19 പ്രധാന രാഷ്ട്രങ്ങളുടെയും യൂറോപ്യൻ യൂനിയന്റെയും കൂട്ടായ്മയായ ജി20യെ ഇന്ത്യ ഇനി ഒരു വർഷം നയിക്കും. നിലവിൽ അധ്യക്ഷത വഹിക്കുന്ന ഇന്തോനേഷ്യയുടെ പ്രസിഡന്റ് ജോക്കോ വിദോദോ, ബാലി ഉച്ചകോടിയുടെ സമാപനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധ്യക്ഷസ്ഥാനം കൈമാറി.
ലോകം സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധി അഭിമുഖീകരിക്കുന്ന വേളയിൽ ഇന്ത്യക്ക് കൈവരുന്ന അധ്യക്ഷസ്ഥാനം അഭിമാനകരമാണെന്നും ക്രിയാത്മക നടപടികൾ ലോകത്തിന് പ്രതീക്ഷിക്കാമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യൻ പാരമ്പര്യവും വൈവിധ്യവും സാംസ്കാരിക സമ്പന്നതയും മറ്റു രാഷ്ട്രങ്ങൾക്ക് അനുഭവവേദ്യമാകുന്ന രീതിയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ വരും വർഷം സമ്മേളനങ്ങൾ നടത്തും.
ലോകത്തെ വികസനത്തിലേക്ക് നയിക്കുന്നതും പരിസ്ഥിതിക്കിണങ്ങുന്ന രീതിയിൽ പ്രകൃതി വിഭവങ്ങളുടെ വിതരണം ലക്ഷ്യംവെക്കുന്നതുമായ നയപരിപാടികൾ നടപ്പാക്കും. വനിതകളുടെ പങ്കാളിത്തമുറപ്പാക്കും. ജി20 യുടെ മുദ്രാവാക്യമായി ഇന്ത്യ മുന്നോട്ടുവെക്കുന്ന 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ആശയം സമാധാനത്തെയും സമന്വയത്തെയും സൂചിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്,ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോ എന്നിവരുമായി ഉച്ചകോടിക്കിടെ മോദി ചർച്ച നടത്തിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും മോദിയും പരസ്പരം ഹസ്തദാനം നൽകിയെങ്കിലും ചർച്ച നടന്നില്ല. ഡിസംബർ ഒന്നിനായിരിക്കും ഔദ്യോഗികമായി അധ്യക്ഷസ്ഥാനം ഇന്ത്യക്ക് കൈവരുക.
ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, തുർക്കിയ, ആസ്ട്രേലിയ, സൗദി, യു.എസ്, അർജന്റീന, ബ്രസീൽ, മെക്സികോ, ഫ്രാൻസ്, ജർമനി, ഇറ്റലി, യു.കെ, ചൈന, ഇന്തൊനേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി20 കൂട്ടായ്മയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.