ബാൾട്ടിമോർ കപ്പൽ ദുരന്തം: യു.എസിനെ കുഴക്കി വൻ ചോദ്യങ്ങൾ
text_fieldsവാഷിങ്ടൺ: സുരക്ഷാസംവിധാനങ്ങൾ ഏറ്റവും ശക്തമായി സംവിധാനിച്ച രാജ്യങ്ങളിലൊന്നിൽ വൻ ചരക്കുകപ്പൽ പാലത്തിലിടിച്ചു തകർന്ന് ആറു പേർ മരിച്ചതിന്റെ ഞെട്ടലിനിടെ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി യു.എസ് അധികൃതർ. ഭീകരതയുമായി ബന്ധമില്ലെന്ന് കട്ടായംപറയുമ്പോഴും എന്തു സംഭവിച്ചുവെന്നതിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ലെന്നതാണ് പ്രശ്നം.
ബാൾട്ടിമോർ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിലേക്ക് എത്തുന്നതിന് മിനിറ്റുകൾമുമ്പ് പെട്ടെന്ന് ചരക്കുകപ്പലായ ‘ഡാലി’യിൽ അപായമണി മുഴങ്ങുകയായിരുന്നു. വെളിച്ചം പൂർണമായി അണഞ്ഞുവെന്നു മാത്രമല്ല 55,000 കുതിരശക്തിയുള്ള ഡീസൽ എൻജിനും നിലച്ചു. കപ്പൽ അടിയന്തരമായി നിർത്താൻ ഉപയോഗിക്കുന്ന നങ്കൂരംപോലും പ്രവർത്തനരഹിതമായിരുന്നു. പ്രവർത്തിപ്പിക്കാൻ തിരക്കിട്ട ശ്രമങ്ങൾക്കിടെയാണ് കപ്പൽ നീങ്ങുന്നത് ദുരന്തത്തിലേക്കാണെന്ന് കപ്പിത്താൻ അറിയുന്നത്. അറിയിക്കേണ്ടവരെ അറിയിച്ച് പരമാവധി ആളപായം കുറക്കാനായെന്നതു മാത്രമായിരുന്നു ആകെ ആശ്വാസം.
984 അടി നീളമുള്ള കപ്പലിന്റെ എല്ലാം നിയന്ത്രിക്കുന്ന ഇലക്ട്രിക്കൽ ജനറേറ്ററുകൾ പൂർണമായി നിലച്ചത് എങ്ങനെയെന്നതിലേക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. എൻജിൻ, വെളിച്ചം, ഗതിനിയന്ത്രണം തുടങ്ങി ഇന്ധനം, ജലം അടക്കം എല്ലാം ഇവ പ്രവർത്തിച്ചാലേ ആവശ്യത്തിന് ലഭ്യമാകൂ. ‘സമ്പൂർണ വൈദ്യുതിമുടക്കം’ ഒരിക്കലും സംഭവിക്കരുതാത്തതാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. 30 വർഷം മുമ്പുള്ള കപ്പലിൽനിന്ന് വലുപ്പത്തിൽ മാത്രമല്ല, സാങ്കേതികത്തികവിലും ഏറെ മുന്നോട്ടുപോയ കാലത്താണ് ഇതു സംഭവിച്ചത്.
എൻജിൻ അറ്റകുറ്റപ്പണി വൈകൽ, വൈദ്യുതി തകരാർ, കേടുവന്ന ഇന്ധനം എന്നിങ്ങനെ പല സാധ്യതകൾ വെച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 200 കോടി ഡോളർ വരെ നഷ്ടപരിഹാരം കപ്പൽ കമ്പനി നൽകേണ്ടിവന്നേക്കുമെന്ന് സൂചനയുണ്ട്. ഏതുതരം അന്വേഷണത്തോടും സഹകരിക്കുമെന്ന് ഉടമകളായ ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.