നമ്മൂര എല്ലാരു നമ്മവരു; കോവിഡ് കാലത്തെ വിദ്വേഷ പ്രചാരണത്തിനെതിരെ 'ബംഗളൂരു ഫോർ ലവ്'
text_fieldsബംഗളൂരു: കോവിഡിെൻറ മഹാമാരിക്കാലത്തും വർഗീയ വിഷം വമിപ്പിക്കുന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കെതിരെ ഒാൺലൈനിൽ മാനവ സൗഹാർദ കാമ്പയിന് തുടക്കമിട്ടു. 'നമ്മൂര എല്ലാരു നമ്മവരു' (നമ്മുടെ നാട്ടിലെ എല്ലാവരും നമ്മുടേതാണ്) എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമങ്ങളിൽ ഞായറാഴ്ച ആരംഭിച്ച കാമ്പയിൻ ഇതിനകം നിരവധിപേർ ഏറ്റെടുത്തു. 'ബംഗളൂരു ഫോർ ലവ്' എന്ന ഒാൺലൈൻ കൂട്ടായ്മ തുടക്കമിട്ട കാമ്പയിൻ ട്വിറ്ററിൽ ട്രെൻഡിങ് ആയി.
കോവിഡിനെതിരെ ബംഗളൂരു ഒന്നിച്ചാണ് പോരാടുന്നതെന്ന് നമ്മൾ ഉറക്കെ വിളിച്ചുപറയേണ്ട സമയമാണിതെന്നും ഉത്തരവാദിത്തങ്ങളിൽനിന്ന് രക്ഷപ്പെട്ട് ജനങ്ങളെ ഭിന്നിപ്പിക്കാൻ രാഷ്ട്രീയക്കാരെ അനുവദിക്കരുതെന്നും കാമ്പയിന് തുടക്കമിട്ട് 'ബംഗളൂരു ഫോർ ലവ്' കുറിച്ചു. വിദ്വേഷ പ്രചാരണത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളുമായി പ്ലക്കാർഡുകളും ചെറു വിഡിയോകളും കവിതയും മറ്റുമായി കാമ്പയിൻ സജീവമാവുകയാണ്. മത-ജാതി-ഭാഷ-വർഗ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കുകയാണെന്ന് കോൺഗ്രസ് എം.എൽ.എയും ആക്ടിവിസ്റ്റുമായ സൗമ്യ റെഡ്ഡി കുറിച്ചു.
ബംഗളൂരുവിലെ മതസൗഹാർദത്തിന് നീണ്ട ചരിത്രമുണ്ടെന്നും ഒരു സമുദായത്തെ മാത്രം ടാർഗറ്റ് ചെയ്തുള്ള ഇത്തരം ജൽപനങ്ങളെ ഒരു തരത്തിലും പിന്തുണക്കാനാവില്ലെന്നും രക്ഷിത് എന്നയാൾ കുറിച്ചു. വിദ്വേഷം ഭീരുത്വമാണെന്നും സ്നേഹമാണ് ൈധര്യമെന്നും ട്വീറ്റ് ചെയ്ത് കാമ്പയിന് െഎക്യദാർഢ്യവുമായി ഒാൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഫോർ ട്രേഡ് യൂനിയൻസും രംഗത്തെത്തി. ബി.ജെ.പിയുടെ വർഗീയ വിദ്വേഷത്തിനാണ് വാക്സിൻ നൽകേണ്ടതെന്ന് പ്രതികരിച്ച കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ മുസ്ലിംകൾ തങ്ങളുടെ സഹോദരന്മാരാണെന്നും ഒന്നിച്ചുജീവിക്കുന്ന തങ്ങൾ ഒന്നിച്ചുതന്നെ ഇവിടെ മരിക്കുമെന്നും വ്യക്തമാക്കി.
ബംഗളൂരുവിലെ കോവിഡ് വാർ റൂം കേന്ദ്രീകരിച്ച് നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് 17 മുസ്ലിം ജീവനക്കാരെ മാത്രം ടാർഗറ്റ് ചെയ്ത് ബി.ജെ.പി എം.പി തേജസ്വി സൂര്യ, എം.എൽ.എമാരായ ഉദയ് ഗരുഡാചർ, സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ എന്നിവർ വർഗീയ പ്രചാരണം നടത്തുകയായിരുന്നു. ബംഗളൂരു സൗത്തിലെ കോവിഡ് വാർറൂമിൽ എം.എൽ.എമാർക്കൊപ്പം എത്തിയ തേജസ്വി സൂര്യ, മുസ്ലിം ജീവനക്കാരുടെ പേരെടുത്ത് പറഞ്ഞ് അവർ അഴിമതിയിൽ പങ്കാളികളാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എം.പിയുടെ അമ്മാവനും എം.എൽ.എയുമായ രവി സുബ്രഹ്മണ്യ 'ഇത് മദ്റസയാണോ അതോ കോർപറേഷനാണോ' എന്നും ചോദിച്ചു. സംഭവം വിവാദമായതോടെ ബി.ജെ.പി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർന്നെങ്കിലും തേജസ്വി സൂര്യ എം.പിയെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പരസ്യമായി പിന്തുണച്ചു. എം.പിക്കെതിരെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും ചരിത്രകാരൻ രാമചന്ദ്ര ഗുഹ അടക്കമുള്ളവരും രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.