ബംഗ്ലാദേശ് സംഘർഷം:30 പേർ കസ്റ്റഡിയിൽ
text_fieldsധാക്ക: ബംഗ്ലാദേശിൽ പ്രമുഖ ഹിന്ദുമത നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ ചൊല്ലിയുള്ള സംഘർഷത്തിനിടെ അഭിഭാഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ 30 പേർ കസ്റ്റഡിയിൽ. ചിറ്റഗോങ്ങിലെ പ്രതിഷേധത്തിനിടെ 30കാരനായ സെയ്ഫുൽ ഇസ്ലാം എന്ന അഭിഭാഷകൻ കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.
കൊലപാതകത്തിനു പുറമെ സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ബംഗ്ലാദേശ് അർധസൈനിക വിഭാഗവും പൊലീസും ചേർന്ന് നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പങ്ക് അന്വേഷിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ചിറ്റഗോൾ പൊലീസ് അഡീഷനൽ കമീഷണർ ഖാസി മുഹമ്മദ് പറഞ്ഞു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ തുറമുഖ നഗരമായ ചിറ്റഗോങ്ങിൽ സുരക്ഷ കർശനമാക്കാൻ ഇടക്കാല ഭരണ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് നിർദേശം നൽകി.
റാലിയിൽ പങ്കെടുക്കാനായി പുറപ്പെട്ട കൃഷ്ണദാസിനെ ധാക്കയിലെ ഹസ്റത്ത് ഷാഹ്ജലാൽ വിമാനത്താവളത്തിൽനിന്ന് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ജാമ്യം നിഷേധിച്ച് ജയിലലടച്ചതിനെതിരെ തുടങ്ങിയ സംഘർഷത്തിലാണ് അഭിഭാഷകൻ കൊല്ലപ്പെടുന്നത്. 10 പൊലീസുകാരടക്കം 37 പേർക്ക് പരിക്കേറ്റു. ബംഗ്ലാദേശിലെ ‘ഇസ്കോൺ’ സംഘടനയിൽ അംഗമായിരുന്നു കൃഷ്ണദാസ്. പിന്നീട് പാർട്ടിക്ക് പുറത്തായി. അറസ്റ്റിനെ സംഘടന അപലപിച്ചു. ദേശീയപതാകയെ അപമാനിച്ചെന്ന കേസിലാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.